രാജസ്ഥാനിൽ കവർച്ചക്കാരുടെ വെടിയേറ്റ് തമിഴ്നാട് പോലീസുകാരൻ മരിച്ചു
Wednesday, December 13, 2017 6:26 AM IST
ജയ്പുർ: കവർച്ചാകേസിലെ പ്രതികളെ പിടിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പോലീസ് സംഘത്തിലെ ഒരാൾ രാജസ്ഥാനിൽ വെടിയേറ്റ് മരിച്ചു. കവർച്ചാസംഘം തന്നെയാണ് പോലീസുകാരനെ വധിച്ചതെന്നാണ് റിപ്പോർട്ട്.

രാജസ്ഥാനിലെ പാലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. കോലാത്തൂരിൽ റിപ്പോർട്ട് ചെയ്ത കവർച്ചാകേസിലെ പ്രതികളിൽ ഒരാളെ പിടിക്കാനാണ് തമിഴ്നാട് സംഘം രാജസ്ഥാനിൽ എത്തിയത്. സംഘത്തിൽ ഉൾപ്പെട്ടിരുന്ന പെരിയ പാണ്ടി (48) ആണ് മരിച്ചത്.

കേസിലെ നാല് പ്രതികളെ തമിഴ്നാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയെ പിടിക്കാൻ തമിഴ്നാട് പോലീസ് സംഘം രാജസ്ഥാനിൽ എത്തിയത്.

ബുധനാഴ്ച പുലർച്ചെ 2.30 ഓടെ പെരിയ പാണ്ടി ഉൾപ്പടെയുള്ള തമിഴ്നാട് സംഘം മുഖ്യപ്രതിയുടെ വീട് വളഞ്ഞപ്പോഴായിരുന്നു വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

തമിഴ്നാട് പോലീസ് സംഘത്തിന്‍റെ കൈവശവും രണ്ടു തോക്കുകൾ ഉണ്ടായിരുന്നെങ്കിലും ഇത്തരമൊരു ആക്രമണം അവർ പ്രതീക്ഷിച്ചിരുന്നില്ല. പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കാതെയാണ് തമിഴ്നാട് പോലീസ് പ്രതികളുടെ വീട്ടിൽ എത്തിയത്.

സംഭവത്തിന് പിന്നാലെ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചപ്പോഴാണ് കൂടുതൽ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ പെരിയ പാണ്ടി മരണത്തിന് കീഴടങ്ങിയിരുന്നു.

സംഭവത്തിൽ രാജസ്ഥാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതികൾക്കായി വ്യാപക തെരച്ചിൽ നടക്കുന്നുണ്ടെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാജസ്ഥാനിൽ എത്തിയിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.