കരി ഓയിൽ ഒഴിച്ച കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കേശവേന്ദ്രകുമാർ
Wednesday, September 20, 2017 12:33 PM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഡയറക്ടറായിരിക്കേ കെഎസ്‌യു പ്രവർത്തകർ ദേഹത്ത് കരി ഓയിൽ ഒഴിച്ച കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കേശവേന്ദ്രകുമാർ ഐഎഎസ്. ആഭ്യന്തര സെക്രട്ടറിക്ക് കേശവേന്ദ്രകുമാർ ഇത് സംബന്ധിച്ച് കത്ത് നൽകി.

കേസിൽ ഉൾപ്പെട്ട കെഎസ്‌യു പ്രവർത്തകർ സാമൂഹ്യ സേവനത്തിലൂടെ മാതൃക കാണിച്ചു. മാത്രമല്ല, ഇവരുടെ മാതാപിതാക്കൾ തന്നോട് കേസ് പിൻവലിക്കണമെന്ന് അപേക്ഷിച്ചു. ഇത് പരിഗണിച്ചാണ് കേശവേന്ദ്രകുമാറിന്‍റെ തീരുമാനം.

2012 ഫെബ്രുവരിയിലാണ് അന്ന് ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്‍റെ ഓഫീസിനുള്ളിൽ കടന്ന പ്രതിഷേധിക്കുന്നതിനിടെ കെഎസ്‌യു പ്രവർത്തകർ അദ്ദേഹത്തിന്‍റെ ശരീരത്ത് കരിഓയിൽ ഒഴിച്ചത്. സംഭവത്തിൽ പോലീസ് പിന്നീട് കേസെടുത്തു. എന്നാൽ 2015-ൽ ഉമ്മൻ ചാണ്ടി സർക്കാർ കേസ് പിൻവലിക്കാൻ നീക്കം നടത്തി. ഇതിനെതിരേ ഐഎഎസ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്‍റെ അനുമതി വാങ്ങാതെ എങ്ങനെ കേസ് അവസാനിപ്പിക്കുമെന്ന് കേശവേന്ദ്രകുമാറും ചോദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.