റേഷൻ കാർഡ് കരട് ലിസ്റ്റ് നവംബർ അഞ്ചിനു കേന്ദ്രത്തിലേക്ക്
Wednesday, October 26, 2016 12:15 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു റേഷൻ ലഭിക്കേണ്ടവരുടെ മുൻഗണനാ കരടു ലിസ്റ്റ് തെറ്റുകൾ തിരുത്തി നവംബർ അഞ്ചിനുശേഷം ഭക്ഷ്യവകുപ്പു കേന്ദ്രത്തിനു കൈമാറും. ഇതിനു ശേഷമേ ലിസ്റ്റിനു അംഗീകാരം നൽകണമോയെന്ന കാര്യം കേന്ദ്ര ഭക്ഷ്യ വകുപ്പ് തീരുമാനിക്കൂ. ഇതിനെ ആശ്രയിച്ചാകും സംസ്‌ഥാനത്തിനുള്ള റേഷൻ വിഹിതത്തിന്റെ കാര്യം തീരുമാനിക്കുക.

ലിസ്റ്റിന് അംഗീകാരം നൽകിയാൽ തന്നെ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും കംപ്യൂട്ടർവത്കരിക്കാതെ ഭക്ഷ്യഭദ്രതാ നിയമം പൂർണമായി നടപ്പാക്കാനാകില്ല. കേന്ദ്രസർക്കാരിന്റെ അന്ത്യശാസനത്തോടും മുഖം തിരിച്ചതോടെ സംസ്‌ഥാനത്തിനുള്ള അരിയുടെയും മണ്ണെണ്ണയുടെയും അളവ് കേന്ദ്രം വെട്ടിക്കുറച്ചതിനെ തുടർന്നാണു സംസ്ഥാനത്തു ചരിത്രത്തിലാദ്യമായി റേഷൻ വിതരണം താളം തെറ്റിയത്.

എന്നാൽ, ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നവംബർ ഒന്നു മുതൽ സംസ്ഥാനത്ത് അരി വിതരണം ആരംഭിക്കുമെന്നാണ് ഭക്ഷ്യ– പൊതുവിതരണ മന്ത്രി പി. തിലോത്തമൻ ആവർത്തിക്കുന്നത്. കേന്ദ്ര നിബന്ധനകൾ അരി വിതരണത്തിൽ തടസമായെന്നു പറയുന്ന മന്ത്രി വെട്ടിക്കുറച്ച റേഷൻ വിഹിതം കേന്ദ്രം പുനഃസ്ഥാപിക്കാതെ സംസ്‌ഥാന സർക്കാരിനു റേഷൻ വിതരണം എങ്ങനെ കാര്യക്ഷമമായി നടത്താനാകുമെന്നു വ്യക്തമാക്കുന്നുമില്ല.

എപിഎൽ വിഭാഗത്തിനുള്ള അരിവിഹിതം കേന്ദ്രം നിർത്തിയതോടെ 8.90 രൂപയ്ക്ക് ലഭിച്ചിരുന്ന അരിക്ക് 22 രൂപയോളം നൽകേണ്ട സ്ഥിതിയിൽ എത്തിയിരുന്നു. പഴയരീതിയിൽ റേഷൻ തുടരണമെങ്കിൽ കോടിക്കണക്കിനു രൂപയുടെ അധികബാധ്യത സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണം. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാൻ സംസ്‌ഥാന സർക്കാർ തുടരുന്ന അനാസ്‌ഥയിൽ കേന്ദ്രം പലവട്ടം അതൃപ്തി അറിയിച്ചിരുന്നു. എന്നിട്ടും സർക്കാർ ഇതിനെതിരെ മുഖം തിരിച്ചതാണ് റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.


സംസ്‌ഥാനത്ത് 1.54 കോടി ജനങ്ങളാണു ഭക്ഷ്യഭദ്രതയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് ആളൊന്നിനു മൂന്നു രൂപയ്ക്ക് അഞ്ചു കിലോ അരിയും രണ്ടു രൂപയ്ക്ക് അഞ്ചു കിലോ ഗോതമ്പുമാണു നൽകുന്നത്. അരിക്കു പിന്നാലെ സംസ്‌ഥാനത്തിനുള്ള റേഷൻ മണ്ണെണ്ണ വിഹിതം മുപ്പതു ശതമാനമാണു വെട്ടിക്കുറച്ചത്. ഇതോടെ കാർഡ് ഉടമകൾക്ക് 350 മില്ലി ലിറ്റർ മണ്ണെണ്ണ മാത്രമാണ് പ്രതിമാസം ലഭിക്കുക. –

പരാതികളിൽ നവംബർ അഞ്ചിനകം വെരിഫിക്കേഷൻ കമ്മിറ്റി തീർപ്പുകൽപ്പിക്കും. കമ്മിറ്റി തീരുമാനത്തിലുള്ള അപ്പീലുകൾ ഡിസംബർ രണ്ടിനകം തീർപ്പാക്കി 2017 ജനുവരി ഒന്നിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് പുതിയ റേഷൻ കാർഡുകളുടെ വിതരണം ഫെബ്രുവരി ഒന്നിന് ആരംഭിച്ചു മാർച്ച് 15–നകം പൂർത്തിയാക്കും.

പുതിയ റേഷൻ കാർഡുകൾ അച്ചടിച്ചു ലഭിക്കുന്നതു വരെ കരട് ലിസ്റ്റ് അനുസരിച്ചു പഴയ റേഷൻ കാർഡിൽ ദേശീയ ഭക്ഷ്യമുദ്ര പതിപ്പിച്ച് അതിൽ മുതിർന്ന വനിതാ അംഗത്തിന്റെ പേര് ഉടമയാക്കി നൽകും. ഈ താത്കാലിക സംവിധാനമാണു നവംബർ ഒന്നു മുതൽ ഒരുക്കുന്നത്. –

റേഷൻ സംവിധാനം സമ്പൂർണമായി കംപ്യൂട്ടർവത്കരിക്കുന്നതു മാർച്ച് 31–ഓടെ പൂർത്തിയാക്കുന്നതിനാണു തീരുമാനം. പുതിയ റേഷൻ കാർഡിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഗുണഭോക്താക്കളുടെ കരടു ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും വ്യാപക തെറ്റുകൾ കടന്നുകൂടിയിരുന്നു. ഈ മാസം 31–നകം തെറ്റുതിരുത്തി നൽകണമെന്നാണു ആദ്യം സർക്കാർ അറിയിച്ചിരുന്നെങ്കിലും താലൂക്ക് സപ്ലൈ ഓഫീസുകളിൽ അനുഭവപ്പെട്ട തിരക്കു പരിഗണിച്ച് നവംബർ അഞ്ചുവരെ സമയം നീട്ടി നൽകുകയായിരുന്നു. അതാത് റേഷനിംഗ്/വില്ലേജ്/പഞ്ചായത്ത് ഓഫിസുകളിലും റേഷൻകടകളിലും പരാതികൾ സമർപ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.