കൊലപാതകരാഷ്ട്രീയം പ്രാകൃതമാണെന്ന തിരിച്ചറിവുണ്ടാകണം: കെ.എം. മാണി
കൊലപാതകരാഷ്ട്രീയം പ്രാകൃതമാണെന്ന തിരിച്ചറിവുണ്ടാകണം: കെ.എം. മാണി
Wednesday, October 26, 2016 12:07 PM IST
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയം പ്രാകൃതമാണെന്ന തിരിച്ചറിവുണ്ടായാൽ മാത്രമേ സിപിഎമ്മും ബിജെപിയും അതിൽ നിന്നു പിന്മാറുകയുള്ളൂവെന്ന് കേരള കോൺഗ്രസ് –എം ചെയർമാൻ കെ.എം. മാണി. ഇത്തരമൊരു മാനസാന്തരം ഇരുപാർട്ടികൾക്കുമുണ്ടാവാൻ കേരളം പ്രാർഥിക്കേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരേ കേരള കോൺഗ്രസ്–എം പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എതിരാളികളെ നിശബ്ദരാക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നതെന്നു മാണി പറഞ്ഞു. നിശബ്ദരാക്കാനുള്ള എളുപ്പവഴി കൊലപാതകമാണെന്ന് ഇവർ വിശ്വസിക്കുന്നു. കേരളം ഒരുപാട് വളർന്നുപോയി. ആധുനിക സമൂഹത്തിൽ ഇത്തരം പ്രവണതകൾ ആശ്വാസ്യമല്ല.

ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴാണു കണ്ണൂരിൽ സമാധാനം നഷ്‌ടപ്പെടുന്നത്. ആയുധം താഴെവയ്ക്കാൻ ഇരുപാർട്ടികളും ആരെയും ഉപദേശിക്കാറില്ല. കൊലപാതകങ്ങളുടെ എണ്ണം പെരുപ്പിച്ച് ഗിന്നസ് ബുക്കിൽ കടന്നു കയറാനുള്ള മത്സരമാണ് കണ്ണൂരിൽ നടക്കുന്നത്. സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശമാണ് ഇതുവഴി ഹനിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ഇന്ത്യ എന്ന കാര്യം സിപിഎമ്മും ബിജെപിയും മറക്കുന്നതായി കേരള കോൺഗ്രസ് –എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കൊലപാതകം ഒന്നിനും പരിഹാരമല്ല. മഹാത്മജിയുടെ വാദങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം അനുഭവങ്ങൾ സഹിക്കാവുന്നതിലുമപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നടക്കുന്നത് പകപോക്കലിന്റെയും പകരം വീട്ടലിന്റെയും രാഷ്്ട്രീയമാണെന്നു പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ കാരണം രാജ്യത്തിനു മുമ്പിൽ കേരളത്തിന് മുഖം കുനിക്കേണ്ടി വരുന്നതായി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് പറഞ്ഞു.

ജോയി ഏബ്രഹം എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ.എൻ. ജയരാജ്, ഉന്നതാധികാര സമിതി അം ഗങ്ങളായ ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശേരി, അറയ്ക്കൽ ബാലകൃഷ്ണൻപിള്ള, തോമസ് എം. മാത്തുണ്ണി, അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.