പക്ഷിപ്പനി: 1176 താറാവുകളെ മറവ്ചെയ്തു
പക്ഷിപ്പനി: 1176 താറാവുകളെ മറവ്ചെയ്തു
Wednesday, October 26, 2016 11:45 AM IST
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ചു ചത്തതുൾപ്പടെ 1176 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമസേന മറവുചെയ്തു. നീലംപേരൂരിൽ കണക്കെടുപ്പു നടത്തിയ സംഘം ഇന്ന് അവിടെ തുടർനടപടികൾ സ്വീകരിക്കും. ഇന്നലെ ചെറുതനയിൽ 180, തകഴിയിൽ 396, മുട്ടാറിൽ 600 എന്നിങ്ങനെയാണു താറാവുകളെ സംസ്കരിച്ചത്.

താറാവുകുഞ്ഞുങ്ങളും ഇതിൽപ്പെടുമെന്നു നോഡൽ ഓഫീസറായ ഡോ. ഗോപകുമാർ പറഞ്ഞു. ഇതിനിടെ അസുഖം വന്ന മുഴുവൻ താറാവുകളെയും തീയിട്ടു കൊല്ലണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കർഷകർ രംഗത്തെത്തിയത് പ്രശ്നം സൃഷ്‌ടിച്ചു.

അസുഖം ബാധിച്ച താറാവുകളെ മറ്റു പാടശേഖരങ്ങളിലേക്കു കൊണ്ടുപോകാനോ വില്പന നടത്താനോ കഴിയില്ലെന്നും അതിനാൽ ഇവയെ കൊന്നുകുഴിച്ചു മൂടണമെന്നുമാണ് ചില കർഷകർ ആവശ്യപ്പെട്ടത്.


തർക്കം മുറുകിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാൻ താമസവും നേരിട്ടു. ഒടുവിൽ ഉച്ചയോടെ കളക്ടറുടെ നിർദേശപ്രകാരം ചത്ത താറാവുകളെ തീയിട്ടു നശിപ്പിക്കുകയായിരുന്നു. ഡീസലും, വിറകും, പഞ്ചസാരയുമുപയോഗിച്ചായിരുന്നു സംസ്കരിക്കൽ.

ചത്ത താറാവുകളുടെയെല്ലാം കണക്കെടുത്ത ശേഷമാണു തീയിട്ടത്. മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെലിസി, ഡയറക്ടർ കോശി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തീയിടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.