ഹരിതം
Friday, September 30, 2016 11:59 AM IST
കടുക് ജനിതകമാറ്റ വിവാദത്തിലേക്ക്

ചെറുതെങ്കിലും കടുക് ഉയർത്തുന്ന വിവാദം ദേശീയതലത്തിൽ ചർച്ചയാവുന്നു. ഡൽഹി സർവകലാശാലയിലെ ഗവേഷകർ ജനിതകമാറ്റ ത്തിലൂടെ വികസിപ്പിച്ച കടുക് രാജ്യത്ത് വാണിജ്യാടിസ്‌ഥാനത്തിൽ ഉത്പാദിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയതോടെ രാഷ്ര്‌ടീയമാനവും വന്നുചേർന്നു. ജനിതക കടുകിന് കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നൽകിക്കഴിഞ്ഞു. പൊതുവെ ജനിതക ഗവേഷണത്തോട് മമതയുള്ള കേന്ദ്രസർക്കാർ ഇതിന് അനുമതി നൽകുമോ എന്നതാണ് കാർഷിക ഭാരതം സാകൂതം വീക്ഷിക്കുന്നത്.

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്കായി രാജ്യം ഓരോ വർഷവും 10 ബില്യൺ ഡോളർ ചെലവിടുന്നതായും ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്‌ഥാ നത്തിൽ ഉത്്പാദിപ്പിക്കാനായാൽ ഇറക്കുമതി ഇല്ലാതാക്കാനാകുമെന്നുമാണ് ഗവേഷകരുടെ പക്ഷം. ജനിതകമാറ്റം വരുത്തിയ കടുകിന് ഉത്പാദനക്ഷമത കൂടുമെന്നും, കളകൾക്കും കീടങ്ങൾക്കും എതിരേ പ്രതിരോധം ഉള്ള വിത്തിനമാണെന്നും അവകാശപ്പെട്ടാണ് ഈ കടുക് കൃഷിയിടത്തിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. ഇന്ത്യയിൽ എട്ടു സംസ്‌ഥാനങ്ങളിലെ പ്രധാന കൃഷികളിലൊന്നാണ് കടുക്. ഇന്ത്യയിൽ സർവ്വസാധാരാണമായി ഉപയോ ഗിക്കുന്ന ഒരു വ്യഞ്ജനം. മിക്ക കറികളിലും സ്വാദ് കൂട്ടാൻ കടുക് എണ്ണയിൽ വറുത്ത് ചേർക്കുന്നു. ശൈത്യകാല വിള എന്ന നിലയിൽ ഉത്തർപ്രദേശ്, പഞ്ചാബ്, സംസ്‌ഥാനങ്ങളിലും വ്യാവസായിക അടിസ്‌ഥാനത്തിൽ എണ്ണ എടുക്കുന്നതിനായി മാത്രം മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലും കർണാടകത്തിലെ മെസൂറിലും കടുക് കൃഷി ചെയ്തുവരുന്നു.

2010ൽ ബിടി വഴുതനയ്ക്ക് അനുമതി നിഷേധിച്ച് മോറട്ടോറിയം ഏർപ്പെടുത്തിയതിനുശേഷം ഇതാദ്യമായാണ് ജനിതകമാറ്റം വരുത്തിയ ഒരു ഭക്ഷ്യവിളയ്ക്ക് ഇപ്പോൾ ഗവേഷകർ അനുമതി തേടിയിരിക്കുന്നത്. ഡൽഹി സർവകലാശാലയിലെ ഗവേഷകർ ഈ കടുകിന് ധാര മസ്റ്റാർഡ് ഹൈബ്രിഡ് 11 എന്നാണ് പേരിട്ടിരിക്കുന്നത്.രണ്ടു തരം പ്രത്യേക ജീനുകളാണ് ധാര മസ്റ്റാർഡിൽ ചേർത്തിരിക്കുന്നത്. ഇതിൽ ചേർത്തിരിക്കുന്ന ഒരു ജീൻ പുരുഷ വന്ധ്യതയ്ക്കും അർബുദത്തിനും കാരണമാകുമെന്നാണ് ജനിതകവിത്തിനെ എതിർക്കുന്നവർ അവകാശപ്പെടുന്നത്. ഈ കടുക് ആരോഗ്യപരമായി സുരക്ഷിതമാണോ എന്നതിൽ പഠനമൊന്നും നടന്നിട്ടില്ല. 15000 തദ്ദേശീയ ഇനം കടുകുകൾ ഇന്ത്യയിൽ കൃഷി ചെയ്യുന്നുണ്ട്. ജിഎം കടുക് പാടങ്ങളിൽ ഉപയോഗിക്കുമ്പോൾ അത് പാടങ്ങളിലെ പരമ്പാരഗത കടുകിനങ്ങളെ നശിപ്പിക്കുമോ എന്നും കർഷകർ ഭയക്കുന്നു.

ജിഎം വിത്തുകൾ കൃഷിക്ക് ഉപയോഗിക്കുന്നതിലെ പരിമിതിയും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഓരോ വിളവെടുപ്പിനുശേഷവും അടുത്ത കൃഷിക്കുള്ള വിത്ത് വീണ്ടും വിലയ്ക്കു വാങ്ങേണ്ടിവരും. സാധാരണ വിത്തിനങ്ങളേക്കാൾ 38 ശതമാനം അധികമാണ് ജനിതകമാറ്റം വരുത്തിയ വിത്തിൽനിന്ന് ലഭിക്കുന്ന വിളവ്. ജനതികമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം ഒരു പതിറ്റാണ്ടുമുമ്പ് ഇന്ത്യ വിജയ കരമായി പൂർത്തീകരിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ കാലാവസ്‌ഥയ്ക്കനുസൃതമായി വിത്തിനങ്ങൾക്ക് നാശം സംഭവിക്കുമോയെന്ന ആശങ്ക ശക്‌തമായിരുന്നതിനാൽ വാണിജ്യാടിസ്‌ഥാനത്തിൽ ഇതിനെ പ്രോത്സാഹിപ്പിക്കാൻ മുൻ സർക്കാറുകൾ വിമുഖത കാണിച്ചുപോന്നു.

മണ്ണിന്റെ ഫലഭൂയിഷ്ഠതയും പ്രകൃതിജന്യമായ കഴിവുകളും നഷ്‌ടപ്പെടുന്നതോടൊപ്പം ഇത്തരം വിത്തുകളിൽ നിന്നുണ്ടാകുന്ന വിളകൾ നമ്മുടെ ആരോഗ്യത്തെ പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.അലർജി,ആ ന്റിബയോട്ടിക്കു കളുടെ പ്രവർത്തനത്തെ തടയുകവഴി രോഗപ്രതിരോധ ശേഷി കുറയുക തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇതുമൂലമുണ്ടാകുന്നതായി വിദഗ്ധർ ആശങ്കപ്പെടുന്നു. ജി.എം വിത്തുകളുടെ ഉപ യോ ഗത്തിന് മുൻപ് അത് പ്രകൃതിയെയും മനുഷ്യനെയും എങ്ങിനെ ബാധിക്കുമെന്നതിൽ വിശദമായ പഠനം ആവശ്യപ്പെട്ട് രാജ്യത്തെ 120 പ്രമുഖ ശാസ്ത്രജ്‌ഞർ പ്രധാന മന്ത്രിക്ക് അടുത്തയിടെ കത്ത് നൽകിയിരുന്നു. ജനിതകമാറ്റം വരുത്താത്ത എണ്ണക്കുരുക്കളിൽ നിന്ന് ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ന് ഇത്തരം എണ്ണകൾക്ക് വലിയ രാജ്യാന്തര മാർക്കറ്റും ഉണ്ട്. ജിഎം കടുക് വന്നാൽ ഇതെല്ലാം ഒറ്റയടിക്ക് നഷ്‌ടപ്പെടുമോ എന്നതാണ് കർഷകരുടെ ആശങ്ക.

റെജി ജോസഫ്



75 ഏക്കറിൽ മത്സ്യക്കൃഷിയുമായി മീനച്ചിൽ ഫിഷ് ഫാം


കേരള സമ്പദ്ഘടനയിൽ ഉൾനാടൻ മത്സ്യകൃഷിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. വളർത്തുമത്സ്യകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കോട്ടയത്തെ രണ്ടു യുവാക്കൾ. കുഞ്ഞുങ്ങളുടെ വില്പനയും ഇവർ നടത്തുന്നു. കോട്ടയം വടവാതൂർ പുതുപ്പറമ്പിൽ ശ്രീജിത്ത്, പാറമ്പുഴ വെള്ളാറ്റിൽ പ്രവീൺ എന്നിവരാണ് മത്സ്യമേഖലയിൽ മികച്ച വരുമാനം കൊയ്യുന്നത്. പ്രതിമാസം ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളാണ് കേരളത്തിലുടനീളമുള്ള കർഷകർക്ക് ഇവർ വിതരണം ചെയ്യുന്നത്.

മീനച്ചിൽ ഫിഷ് ഫാം എന്നപേരിൽ ഫാം രജിസ്റ്റർ ചെയ്താണ് ഇവർ സംരംഭവുമായി മുന്നേറുന്നത്. പാട്ടത്തിനെടുത്ത 75 ഏക്കറിൽ മത്സ്യകൃഷി നടത്തി വിജയിച്ച ആത്മവിശ്വാസം കുഞ്ഞുങ്ങളുടെ വിപണനത്തിലേക്കുകൂടി കടക്കാൻ ഇരുവരെയും പ്രേരിപ്പിച്ചു. കോട്ടയം ജില്ലയിലെ പ്രധാന ജലസ്രോതസുകളായ പാടം, പാറമട, പടുതാക്കുളം, മൺകുളം തുടങ്ങിയവയിൽ മത്സ്യകൃഷി നടത്തുന്നു എന്ന പ്രത്യേകതയും ഈ ഫാമിനു സ്വന്തം.

കട്ല, രോഹു, മൃഗാൽ, സൈപ്രിനസ്, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങൾ വളർത്തിയായിരുന്നു തുടക്കം. ചുരുങ്ങിയ കാലംകൊണ്ട് നല്ല വളർച്ച കൈവരിക്കുന്ന മത്സ്യങ്ങളാണിവ. എന്നാൽ, വെള്ളത്തിന്റെ ഘടനയിൽ എന്തെങ്കിലും മാറ്റം വന്നാൽ ഈ മത്സ്യങ്ങൾക്ക് തരണം ചെയ്യാൻ കഴിയില്ലെന്നത് ഒരു വെല്ലുവിളിയാണ്. മാത്രമല്ല ഇന്ത്യൻ മേജർ കാർപ്പുകളായ കട്ല, രോഹു, ഗ്രാസ്കാർപ്പ് എന്നിവ ഒരു സെന്റിൽ പരമാവധി 40 എണ്ണം മാത്രമേ പാടുള്ളു. എങ്കിലേ മികച്ച വളർച്ച ലഭിക്കൂ. അതിനാൽ ഇപ്പോൾ വാള, നട്ടർ മത്സ്യങ്ങളിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

നട്ടർ, വാള, ഹൈബ്രിഡ് തിലാപ്പിയ, അനാബസ് ഇനങ്ങളെയാണ് മീനച്ചിൽ ഫിഷ് ഫാം വഴി വിതരണം ചെയ്യുന്നത്. ബംഗ്ലാദേശിലെ ഹാച്ചറികളിൽനിന്ന് അംഗീകൃത ഇറക്കുമതിക്കാർ കോൽക്കത്തയിലെത്തിക്കുന്ന മത്സ്യക്കുഞ്ഞുങ്ങൾ വിമാനമാർഗം കൊച്ചിയിലെത്തിച്ചശേഷമാണ് മീനച്ചിൽ ഫിഷ്ഫാമിലെത്തുക. പ്രത്യേക പരിചരണത്തിലൂടെ ഇവിടത്തെ സാഹചര്യവുമായി ഇണക്കിയതിനുശേഷം ഒരാഴ്ച കഴിഞ്ഞാണ് വില്പന. വലിപ്പമനുസരിച്ച് മൂന്നു മുതൽ ആറു രൂപ വരെയാണ് ഒരു കുഞ്ഞിന്റെ വില.

കേരളത്തിൽ ഗിഫ്റ്റിന്റെ (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) ലഭ്യത വളരെ കുറവായതിനാൽ ബംഗ്ലാദേശിൽനിന്ന് ഹൈബ്രിഡ് ഇനം തിലാപ്പിയയാണ് എത്തിക്കുന്നത്. ഏകലിംഗമാക്കിയതാണെങ്കിലും ചുരുക്കം ചിലതിൽ ലിംഗമാറ്റം നടക്കാത്തതിനാൽ പ്രജനനം നടന്ന് വലുപ്പം മുരടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മികച്ച വളർച്ച ലഭിക്കുന്ന തായ്ലൻഡ് തിലാപ്പിയയാണ് പുതിയ പരീക്ഷണം. 10 മാസംകൊണ്ട് ഒരു കിലോ വളർച്ച ലഭിക്കുന്ന ഇനമാണിത്. മറ്റു സംസ്‌ഥാനങ്ങളിൽ വളർത്തി വിജയിച്ച ഇനമായതിനാൽ തായ്ലൻഡിൽനിന്ന് ഇറക്കുമതി ചെയ്താണ് ഇവിടെ വിതരണം ചെയ്യുന്നത്. കോൽക്കത്ത വഴിയാണ് ഇതും ഇവിടെത്തുക.

ചെറിയ മുതൽമുടക്കിൽ മികച്ച വരുമാനം നേടിത്തരുന്ന മേഖലയാണിതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. ഒന്നോ രണ്ടോ സെന്റ് വലിപ്പമുള്ള കുളങ്ങളിൽനിന്ന് അടുക്കളയിലേക്കു മാത്രമല്ല വരുമാനം നല്കുന്ന രീതിയിലും മത്സ്യകൃഷി നടത്താവുന്നതേയുള്ളൂ. ഒരു സെന്റിൽ 400 വാളയോ 200 തിലാപ്പിയയോ 80 നട്ടറോ 100 കരിമീനോ 400 അനാബസോ നിക്ഷേപിക്കാം. പത്തു മാസം കൊണ്ട് നട്ടർ 1.25 കിലോയും വാള 1.5 കിലോയും കരിമീൻ 300 ഗ്രാമും തൂക്കം വയ്ക്കും. അനാബസ് നാലു മാസം കൊണ്ട് 300 ഗ്രാം തൂക്കം വയ്ക്കും.

ആദ്യ രണ്ടു മാസത്തേക്ക് ഫ്ളോട്ടിംഗ് ഫീഡ് നല്കിയശേഷം അടുക്കള–അറവ് മാലിന്യങ്ങൾ മത്സ്യങ്ങൾക്ക് നല്കാം. അറവുമാലിന്യങ്ങൾ നല്കുമ്പോൾ നന്നായി വേവിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും വെള്ളം മലിനമാവാതിരിക്കാനും ഉപകരിക്കും. എപ്പോഴും ഒരിനം മത്സ്യം മാത്രം നിക്ഷേപിക്കുന്നതാണ് ഉത്തമം. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം മാത്രമല്ല, സംശയങ്ങൾക്കു മറുപടി നല്കാനും മത്സ്യകൃഷിയിൽ പരിചയമില്ലാത്തവർക്ക് കുളം നിർമാണം മുതൽ വിപണനം വരെയുള്ള സഹായങ്ങൾ ചെയ്യാനും മീനച്ചിൽ ഫിഷ് ഫാം സാരഥികളായ ശ്രീജിത്തും പ്രവീണും സന്നദ്ധരാണ്.

ഫോൺ: ശ്രീജിത്ത് – 8907448014, പ്രവീൺ – 9656417211

ഐബിൻ കാണ്ടാവനം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.