ടിപ്പർലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു
Friday, September 30, 2016 11:49 AM IST
തുറവൂർ: ടിപ്പർലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു. സഹയാത്രികയ്ക്ക് പരിക്കേറ്റു. വയലാർ രക്‌തസാക്ഷി മണ്ഡപത്തിനു കിഴക്കു ഭാഗത്തുള്ള ജോയിഭവനിൽ സന്തോഷിന്റെ മകൻ ആഷിക്കാണ് (21) മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന സഹപാഠി അരൂർ സ്വദേശിനി അനഘയെ (21) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഒമ്പതിനു ദേശീയപാതയിൽ തുറവൂർ തെക്ക് ആലക്കാപറമ്പിനു സമീപമായിരുന്നു അപകടം. തുറവൂർ ബസ് സ്റ്റോപ്പിൽനിന്ന് അനഘയേയും കയറ്റി വളമംഗലം എസ്എൻജിഎം കോളജിലേക്ക് പോകുകയായിരുന്നു. ഈ സമയം യൂടേൺ തിരിയുവാനായി കിടക്കുകയായിരുന്ന ടിപ്പർലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട ബൈക്കിടിക്കുകയായിരുന്നു.


നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ചേർത്തല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഷിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരും ബികോം അവസാനവർഷ വിദ്യാർഥികളാണ്. ആഷിക്കിന്റെ മൃതദേഹം ചേർത്തല താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ വിട്ടുകൊടുത്തു. കുത്തിയതോട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.