കൈക്കൂലി: വാണിജ്യ നികുതി ജീവനക്കാരനെതിരേ കേസ്
Wednesday, September 28, 2016 2:10 PM IST
മൂവാറ്റുപുഴ: പുതുവൈപ്പ് പി.ജെ. പ്രിൻസസ് റീജൻസി ഹോട്ടൽ ഉടമയോടു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ കാക്കനാട് വാണിജ്യ നികുതി ഓഫീസിലെ സ്പെഷൽ ഇന്റലിജൻസ് ഓഫീസർ എം. രാജേഷ് പാലമറ്റത്തിനെതിരേ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസെടുത്തു. രാജേഷിന്റെ താത്കാലിക ഡ്രൈവർ കെ.എ. ജോയിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഹോട്ടൽ ഉടമ ജോൺസൺ മാഞ്ഞൂരാൻ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതി വിജിലൻസ് ഡയറക്ടർക്കു കൈമാറിയിരുന്നു. തുടർന്ന് എറണാകുളം വിഎസിബി ഡിവൈഎസ്പി നടത്തിയ ത്വരിതാന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇരുവർക്കുമെതിരേ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഹോട്ടൽ ആവശ്യത്തിനായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങൾ ഏലൂരിലെ ഫാൽക്കൺ ഫെസിലിറ്റേഷൻ സെന്ററിൽ എത്തിക്കുകയും കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് കൊമേഴ്സൽ ടാക്സ് ക്ലിയറൻസിനായി ഏലൂരിലുള്ള എഫ്എസിടി ഗെയ്റ്റിനു സമീപം പ്രവർത്തിക്കുന്ന വാണിജ്യനികുതി ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ സമർപ്പിച്ചപ്പോൾ ആവശ്യമായ രേഖകളില്ലെന്നു കാണിച്ചു വാണിജ്യനികുതി ഓഫീസറായ രഞ്ചൂസ്, ഇന്റലിജൻസ് ഓഫീസറായ രാജേഷിനെ വിളിച്ചുവരുത്തി. തുടർന്ന് ഉടമസ്‌ഥൻ 200 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം തയാറാക്കി നോട്ടറിയെകൊണ്ട് സാക്ഷ്യപ്പെടുത്തി നൽകിയെങ്കിലും സാധനങ്ങൾ വിട്ടുനൽകാൻ തയാറായില്ല. പിന്നീട് 50,000 രൂപ കൈക്കൂലി നല്കിയപ്പോഴാണു സാധനങ്ങൾ വിട്ടുനൽകിയതെന്നാണു കേസ്.


ഹോട്ടലിന്റെ നവീകരണത്തിനും വിവാഹവേദി അലങ്കരിക്കാനുമായി ചൈനയിൽനിന്നു കപ്പൽമാർഗം ഇറക്കുമതി ചെയ്ത അലങ്കാര പുഷ്പങ്ങളും അടുക്കള സാധനങ്ങളുമുൾപ്പെടെയുള്ളവ വിട്ടുനൽകുന്നതിനു കൈക്കൂലി വാങ്ങിയെന്നു പ്രാഥമികാന്വേഷണത്തിൽ വിജിലൻസിനു ബോധ്യമായതിനാലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.