’വാടകയ്ക്കെടുത്ത കരിങ്കൊടി‘ പ്രയോഗം തന്റെ തോന്നലെന്നു മുഖ്യമന്ത്രി
’വാടകയ്ക്കെടുത്ത കരിങ്കൊടി‘ പ്രയോഗം തന്റെ തോന്നലെന്നു മുഖ്യമന്ത്രി
Wednesday, September 28, 2016 1:56 PM IST
തിരുവനന്തപുരം: തന്നെ കരിങ്കൊടി കാട്ടിയതു ചാനലുകാർ വാടകയ്ക്ക് എടുത്തവരാണെന്നു നിയമസഭയിൽ പറഞ്ഞതു തന്റെ തോന്നലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലുകളിലെ ചില വിരുതൻമാർ എന്തു വിദ്യകളും ഒപ്പിക്കുമെന്ന തന്റെ മുൻകാല അനുഭവങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇങ്ങനെ തോന്നിയത്. എന്നാൽ, ഈ തോന്നൽ തെറ്റായിപ്പോയെന്നു പറയേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രിയായപ്പോൾ മാത്രമല്ല, എത്രയോ കാലമായി എനിക്കു നിങ്ങളെ (ചാനലുകാരെ) അറിയാം. മുമ്പു ചില ചാനലുകാർ പോസ്റ്റർ ഒട്ടിച്ചു വാർത്ത സൃഷ്‌ടിച്ച സംഭവത്തിൽ കേസു പോലും ഉണ്ടായത് ഓർക്കുമല്ലോ? ഇതുമായി ബന്ധപ്പെട്ട പ്രതികളെ കോടതി വിട്ടയച്ചെങ്കിലും നടന്ന കാര്യം നടന്നതല്ലാതായി മാറില്ലെല്ലോ എന്നും പിണറായി വിജയൻ പറഞ്ഞു.

സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ് ഗേറ്റിൽ നിന്നു പുറത്തേയ്ക്കു വരുമ്പോൾ ഏഷ്യാനെറ്റിന്റെയും മറ്റൊരു ചാനലിന്റെയും കാമറമാൻമാർ ഓടിപ്പോകുന്നതു കണ്ടു. മറുഭാഗത്തു രണ്ടു പേർ കരിങ്കൊടി കാണിക്കുന്നു. അപ്പോഴേ തോന്നിയതാണിത്. യൂത്ത് കോൺഗ്രസ് വലിയ സംഘടനയാണ്. താൻ മാധ്യമങ്ങളെ ആക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സ്പീക്കറെ ഭീഷണിപ്പെടുത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെക്കുറിച്ചുള്ള പത്രലേഖകരുടെ ചോദ്യങ്ങൾക്കു താൻ ആരേയും ഭീഷണിപ്പെടുത്തുന്നില്ല, തന്നെ ആണല്ലോ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നത് എന്നായിരുന്നു മറുപടി. മഹാൻമാർ ഇരുന്ന കസേരയിൽ ഇരുന്ന് ഇങ്ങനെയൊക്കെ പറയുന്നതു ശരിയാണോ എന്ന ചോദ്യത്തിനു മഹാൻമാരെപ്പോലെയാകാനൊന്നും കഴിയില്ലെന്നും തനിയ്ക്കു തന്റെ നിലയിൽ തുടരാൻ മാത്രമേ കഴിയുവെന്നും പിണറായി വിജയൻ പറഞ്ഞു.


ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ലെടോ, പോയി പണി നോക്കൂ എന്നു നിയമസഭയിൽ പറഞ്ഞതിൽ മാറ്റമുണ്ടോ എന്ന ചോദ്യത്തിനു നിയമസഭയിൽ പറഞ്ഞത് അവിടെ തീർക്കാമെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. സമരക്കാരുമായി ഏതു സമയത്തും സർക്കാർ ചർച്ചയ്ക്കു തയാറാണ്. ഇനിയും ചർച്ച വേണമെന്നു പറഞ്ഞാൽ ഞങ്ങൾ റെഡിയാണ്. സഭയിൽ ഏതു സമയത്തും പ്രതിപക്ഷ നേതാവിനു മൈക്ക് കൊടുക്കും.

യുഡിഎഫിന്റെ ഇപ്പോഴത്തെ ഹർത്താൽ പരിഹാസ്യമാണ്. ഹർത്താലിനെതിരേ നിയമസഭയിൽ ബിൽ കൊണ്ടുവന്ന മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്. അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിട്ട് അത് അവതരിപ്പിക്കാൻപോലും അവർ തയാറായില്ല. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭ അലങ്കോലപ്പെടുത്താനാണു ശ്രമിക്കുന്നത്. പുതിയ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയുടെ ഗൗരവം ഇടിച്ചു താഴ്ത്താനുള്ള ശ്രമമാണോ നടക്കുന്നതെന്നു പോലും സംശയിക്കണം.

സമരപ്പന്തലിലേക്കു പോലീസ് ഗ്രനേഡ് പ്രയോഗിച്ചിട്ടില്ല. അതിന്റെ പുക മാത്രമാണ് സമരപ്പന്തലിൽ എത്തിയത്. യുഡിഎഫ് ഭരണ കാലത്തു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും സി. ദിവാകരനും നേരെ ഗ്രനേഡ് പ്രയോഗിച്ച അനുഭവം മറക്കില്ലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.