കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ആദ്യയോഗം ഇന്ന്
Friday, September 23, 2016 1:01 PM IST
തിരുവനന്തപുരം: സംഘടനാ പ്രവർത്തനത്തിനു പുതിയ ദിശാബോധം നൽകുന്നതിനായി അടുത്തിടെ രൂപീകരിച്ച കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യ യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. താഴേത്തട്ടു മുതൽ സംഘടന പുനഃസംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. മറ്റു രാഷ്ട്രീയ വിഷയങ്ങളും ചർച്ചയ്ക്കു വന്നേക്കും. ഹൈക്കമാൻഡിനെ പ്രതിനിധീകരിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് യോഗത്തിൽ പങ്കെടുക്കും. ഇരുപത്തൊന്നംഗങ്ങളാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. രാവിലെ പത്തിനു യോഗം ആരംഭിക്കും.

തെരഞ്ഞെടുപ്പു തോൽവിയെത്തുടർന്ന് ഹൈക്കമാൻഡ് തലത്തിൽ നടത്തിയ ചർച്ചകളിലാണ് തത്കാലം സംഘടനാ പുനഃസംഘടന നടത്താനും പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പു നടത്താനും തീരുമാനമായത്. എന്നാൽ, പാർട്ടിയിലെ പ്രബലമായ എ, ഐ ഗ്രൂപ്പുകൾ പുനഃസംഘടന എന്ന ആശയത്തെ മനസില്ലാമനസോടെയാണ് അംഗീകരിച്ചത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നിർബന്ധബുദ്ധിയോടെ നിർദേശിച്ചതനുസരിച്ചാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ തത്കാലം പുനഃസംഘടന എന്ന ആശയത്തെ അംഗീകരിച്ചത്. വൈകാതെ തെരഞ്ഞെടുപ്പു നടത്താമെന്നു രാഹുൽ ഗാന്ധി പുനഃസംഘടനയെ എതിർത്ത നേതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, സംഘടനാ തെരഞ്ഞെടുപ്പു നീണ്ടുപോകുകയും വി.എം. സുധീരൻ കെപിസിസി അധ്യക്ഷസ്‌ഥാനത്ത് തുടരുകയും ചെയ്യുന്ന സ്‌ഥിതിയുണ്ടാകുമെന്ന് അവർ ഇപ്പോഴും സംശയിക്കുന്നുണ്ട്.

താഴേത്തട്ടു മുതൽ സംസ്‌ഥാനതലം വരെ പുനഃസംഘടന നടത്തുക എന്നതിനായിരിക്കും പ്രഥമ പരിഗണന നൽകുക. ഡിസിസി തലത്തിലുൾപ്പെടെ ജംബോ കമ്മിറ്റികൾ ഒഴിവാക്കാനും ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിലുള്ള സംഘടനാ സംവിധാനത്തിനു രൂപം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. ഡിസിസി പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് പുറത്തുവിട്ടിരുന്നു.


ഗ്രൂപ്പിനതീതമായി സംഘടന മുന്നോട്ടുപോകണമെന്ന താത്പര്യമാണ് ഹൈക്കമാൻഡ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, പ്രായോഗികതലത്തിൽ ഇത് എത്രമാത്രം സാധ്യമാകുമെന്ന ചിന്തയും പ്രബലമാണ്.

കേരള കോൺഗ്രസ് മുന്നണി വിട്ടു പുറത്തുപോകുകയും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മറ്റു ഘടകകക്ഷികൾ കോൺഗ്രസിലെ സ്‌ഥിതിഗതികളിൽ അസ്വസ്‌ഥത പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്നു രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്. ഘടകകക്ഷികളും യോഗത്തെ ഉറ്റുനോക്കുകയാണ്. കോൺഗ്രസ് ഇപ്പോഴത്തെ നിലയിൽ മുന്നോട്ടുപോയാൽ പ്രതിപക്ഷമെന്ന നിലയിലുള്ള പ്രവർത്തനത്തെ തന്നെ അതു ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായം ഘടകകക്ഷി നേതാക്കൾക്കുണ്ട്.

കെ. ബാബുവിനെതിരായ വിജിലൻസ് കേസിൽ പാർട്ടി നിലപാടു സംബന്ധിച്ച കാര്യവും ചർച്ചയായേക്കും. ബാബുവിനെതിരായ കേസിൽ രാഷ്ട്രീയകാര്യ സമിതിക്കുശേഷം പാർട്ടി നിലപാടു വ്യക്‌തമാക്കുമെന്ന സുധീരന്റെ നിലപാടിൽ എ ഗ്രൂപ്പിന് അസ്വസ്‌ഥതയുണ്ട്. ബാബുവിനെ പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണ് സുധീരൻ ഇപ്പോഴും സ്വീകരിക്കുന്നതെന്ന് അവർ പറയുന്നു.

മാത്രമല്ല, കഴിഞ്ഞ സർക്കാരിലെ മറ്റു പല മന്ത്രിമാർക്കെതിരേയും സമാനമായ അന്വേഷണങ്ങളുണ്ടാകുമെന്നു പല നേതാക്കളും പറയുന്നു. വിജിലൻസ് അന്വേഷണത്തെ സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോഴും ഇക്കാര്യത്തിൽ നിലപാടെടുക്കാൻ പോലും കോൺഗ്രസിനു കഴിയാത്തത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന വാദവും ഉയരുന്നുണ്ട്.

ഏതായാലും ഹൈക്കമാൻഡ് എന്താണ് ഉദ്ദേശിക്കുന്നതെന്നറിയാനാണ് എല്ലാ നേതാക്കളും കാത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.