കാർഷിക മേഖലയെ തകർക്കുന്ന കരാറുകളിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണം: ഇൻഫാം ദേശീയസമിതി
Friday, September 23, 2016 1:01 PM IST
കാഞ്ഞിരപ്പള്ളി: ഗാട്ട്, ആസിയാൻ കരാറുകളുടെ ബാക്കിപത്രമായി ഇന്ത്യയുടെ കാർഷികമേഖല തകർന്നടിയുമ്പോൾ ആഗോളകമ്പോളമായി ഇന്ത്യയെ തുറന്നുകൊടുക്കാനുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയായ ആർസിഇപി ഉൾപ്പെടെയുള്ള രാജ്യാന്തര കരാറുകളിൽനിന്നു കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഇൻഫാം ദേശീയസമിതി ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങൾ വൻ സബ്സിഡി നൽകി കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കുകയും കർഷകരുടെ ഉത്പാദനച്ചെലവിന് ആനുപാതികമായി ഉത്പന്നങ്ങൾക്കു വില ഉറപ്പാക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ ഭരണം നടത്തിയ സർക്കാരുകൾ കർഷകനെ പാടേ അവഗണിക്കുകയാണ്. കർഷകർക്കുള്ള വിത്തും വളവും വൻതോതിൽ വെട്ടിക്കുറച്ചതും വളം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഉണ്ടായിരുന്ന സബ്സിഡികൾ പിൻവലിച്ചതും കാർഷികരംഗത്ത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് കർഷകരെയും സമൂഹത്തെയും രക്ഷിക്കാൻ കർഷക ഓപ്പൺ മാർക്കറ്റുകൾ വ്യാപകമാക്കുവാനും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും കർമപദ്ധതികൾ ദേശീയസമിതി ആവിഷ്കരിച്ചു.

കർഷകരാണ് യഥാർഥ പരിസ്‌ഥിതി സംരക്ഷകരെന്നിരിക്കെ, പശ്ചിമഘട്ടമേഖലകളിൽനിന്നു കർഷകനെ കുടിയിറക്കി കടുവാ ആവാസവ്യവസ്‌ഥ സൃഷ്ടിക്കാൻ അന്തർദേശീയ സാമ്പത്തിക ഏജൻസികളുടെ സഹായംപറ്റി ചില കേന്ദ്രങ്ങൾ നടത്തുന്ന ഗൂഢശ്രമങ്ങൾക്കെതിരേ വിവിധ കർഷകസംഘടനകളുടെ ഐക്യവേദിയായ ദി പീപ്പിളിനോടു ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ കർഷക അവകാശ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും ഇൻഫാം അറിയിച്ചു.


കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡെവലപ്പ്മെന്റ് ഹാളിൽ ചേർന്ന ദേശീയസമിതി ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ്ചെയർമാൻ കെ.മൈതീൻ ഹാജി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പി.സി. സിറിയക്, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, സംസ്‌ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, കൺവീനർ ജോസ് എടപ്പാട്ട്, ദേശീയ ട്രസ്റ്റി ഡോ.എം.സി. ജോർജ്, ട്രഷറർ ജോയി തെങ്ങുംകുടി, ഫാ.ജോർജ് പൊട്ടയ്ക്കൽ, മുൻ എംഎൽഎ ജോർജ് ജെ. മാത്യു, കെ.യു. ജോസഫ് കാര്യാങ്കൽ, അഡ്വ. പി.എസ്. മൈക്കിൾ, ഫാ. തോമസ് മറ്റമുണ്ടയിൽ, ജോയി പള്ളിവാതുക്കൽ, ബേബി സ്കറിയ പാലാ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.