അപേക്ഷ നൽകി എട്ടു വർഷമായിട്ടും ആശ്വാസമാകാത്ത കടാശ്വാസ കമ്മീഷൻ
Friday, September 23, 2016 12:52 PM IST
മാങ്കുളം: ധനകാര്യസ്‌ഥാപനങ്ങളിൽനിന്നു വായ്പയെടുത്തു യഥാസമയം തിരിച്ചടയ്ക്കാനാവാതെ കുടിശികയായി കടക്കെണിയിൽപെട്ടവരെ സഹായിക്കാനായി 2008–ൽ രൂപീകരിച്ച കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ലക്ഷ്യംകണ്ടില്ല. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനം.

ഇതിനായി കർഷകർ അപേക്ഷ നൽകേണ്ട ഫോമുകളും പ്രസിദ്ധീകരിച്ചു. പൂരിപ്പിച്ച ഫോം തിരുവനന്തപുരത്തുള്ള കമ്മീഷന്റെ ഓഫിസിൽ എത്തിച്ചുകൊടുത്തു.

ലക്ഷക്കണക്കിന് അപേക്ഷകളാണു കടാശ്വാസത്തിനായി വിവിധ ജില്ലകളിൽനിന്നു കമ്മിഷന്റെ ഓഫീസിലെത്തിയത്. ജീവനക്കാരുടെ കുറവുമൂലം അപേക്ഷകൾ തരംതിരിക്കുന്നതിനുപോലുമാകാതെ കെട്ടിക്കിടന്നു. 2009 മുതൽ കമ്മീഷനംഗങ്ങൾ കടാശ്വാസം നൽകുന്നതിനായി വിവിധ സ്‌ഥലങ്ങളിൽ സിറ്റിംഗ് ആരംഭിച്ചു.


വായ്പക്കാർക്കും വായ്പ നൽകിയ സഹകരണ സ്‌ഥാപനങ്ങൾക്കും നോട്ടിസ് നൽകി നടത്തുന്ന സിറ്റിംഗിൽ പരമാവധി 250 കേസുകൾ മാത്രമാണു പരിഗണിച്ചു തീർപ്പുകൽപിച്ചിരുന്നത്. ഇനിയും തീർപ്പുകൽപിക്കുന്നതിനായി പതിനായിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

വായ്പ കുടിശികയുടെ കണക്കുകൾ കേട്ടശേഷം വായ്പക്കാരൻ ഒരുവിഹിതവും വായ്പ നൽകിയ ബാങ്ക് ഒരുവിഹിതവും കമ്മീഷൻ ഒരു വിഹിതവും നൽകി വായ്പക്കണക്ക് അവസാനിപ്പിക്കുന്നതിനാണു നടപടി. എന്നാൽ കടാശ്വാസ കമ്മീഷൻ നൽകുമെന്നു പറഞ്ഞ തുക കിട്ടാത്ത സാഹചര്യമാണു ഭൂരിപക്ഷവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.