സ്വാതന്ത്ര്യസമരകാലത്തെ ജനവഞ്ചനയിൽനിന്നു കൈകഴുകാൻ സിപിഎമ്മിനു കഴിയില്ല: സുധീരൻ
സ്വാതന്ത്ര്യസമരകാലത്തെ ജനവഞ്ചനയിൽനിന്നു കൈകഴുകാൻ സിപിഎമ്മിനു കഴിയില്ല: സുധീരൻ
Tuesday, August 30, 2016 1:30 PM IST
കൊച്ചി: സ്വാതന്ത്ര്യസമരകാലത്തെ ജനവഞ്ചനയിൽനിന്നു കൈകഴുകാൻ കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിനോ അതിന്റെ ഇപ്പോഴത്തെ അനന്തരാവകാശികളായ സിപിഎമ്മിനോ കഴിയില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ക്വിറ്റ് ഇന്ത്യാ സമരവേളയിൽ ബ്രിട്ടീഷുകാർക്കുവേണ്ടി ദാസ്യവേല ചെയ്തവരാണു കമ്യൂണിസ്റ്റുകാരെന്നു കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ സുധീരൻ ചൂണ്ടിക്കാട്ടി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിൽ, സോവിയറ്റ് യൂണിയന് രണ്ടാം ലോക മഹായുദ്ധാനന്തര കാലത്ത് അന്താരാഷ്ട്ര വേദികളിൽ കൈവന്നിരുന്ന പ്രാമുഖ്യം സഹായിച്ചുവെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് കമ്യൂണിസ്റ്റുകാരെന്നു ചരിത്രം പരിശോധിച്ചാൽ വ്യക്‌തമാകുമെന്നും സുധീരൻ ചൂണ്ടിക്കാട്ടി. അന്നു സ്വീകരിച്ച വഞ്ചനാപരമായ നിലപാടുകളെ തമസ്കരിച്ച് പുതിയ ചരിത്രം രചിക്കാനാണ് കോടിയേരി ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ, ചരിത്രത്തിന്റെ ഭാഗമായ ആ ജനവഞ്ചനയിൽനിന്നു കൈകഴുകാൻ കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിനോ അതിന്റെ ഇപ്പോഴത്തെ അനന്തരവകാശികളായ സിപിഎമ്മിനോ കഴിയില്ല.


ഭരണരംഗത്തെ പരാജയം ജനങ്ങളുടെ മുന്നിൽ മറയ്ക്കാൻ മന്ത്രിമാർ തന്നെ വിവാദം സൃഷ്‌ടിക്കുകയാണ്. വിവാദങ്ങളുണ്ടാക്കുന്നതിനു പകരം നേരേചൊവ്വേ ജനങ്ങൾക്കു നൽകിയ വാഗ്ദാനമനുസരിച്ച് ഭരിക്കാൻ ശ്രമിക്കണം. ഓണാഘോഷം വേണ്ടെന്നു പറഞ്ഞ് പുതിയ മാർക്സിസ്റ്റ് രീതി കൊണ്ടുവരാമെന്നു കരുതിയാൽ അതു കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പോലീസ് കാടത്ത ഭരണമാണു നടത്തിക്കൊണ്ടിരിക്കുന്നതെന്നും വി.എം. സുധീരൻ ആരോപിച്ചു. കേരളത്തിൽ ഇപ്പോഴും ലോക്കപ്പ് മർദനങ്ങൾ വ്യാപകമാണ്. നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് കേരളത്തിലെ ലോക്കപ്പുകളിൽ നടക്കുന്നത്. ലോക്കപ്പ് മർദനം അനുവദിക്കില്ലെന്നു പറഞ്ഞ് അധികാരത്തിൽ വന്ന മുഖമന്ത്രി ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോഴാണ് ഈ സ്‌ഥിതിയെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.