പിണറായി മുഖ്യമന്ത്രിയായതോടെ മന്ത്രിമാരെല്ലാം പനീർശെൽവമാരായി: രമേശ് ചെന്നിത്തല
പിണറായി മുഖ്യമന്ത്രിയായതോടെ മന്ത്രിമാരെല്ലാം പനീർശെൽവമാരായി: രമേശ് ചെന്നിത്തല
Sunday, August 28, 2016 12:45 PM IST
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ കേരളത്തിലെ മന്ത്രിമാരെല്ലാം തമിഴ്നാട്ടിലേതുപോലെ പനീർശെൽവംമാരായി മാറിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമ്പൂർണമായ ഏകാധിപത്യഭരണമാണു കേരളത്തിൽ.

മുഖ്യമന്ത്രിയോട് എന്തെങ്കിലും പറയാൻ പോലും മന്ത്രിമാർക്കു പേടിയാണ്. ഇതിനേക്കാൾ ഭേദം തമിഴ്നാട്ടിലെ ജയലളിതയാണ്. അവിടെ മന്ത്രിമാർക്ക് എഴുതിക്കൊടുക്കുകയെങ്കിലും ചെയ്യാമെന്നും ആർഎസ്പി മുൻ ജനറൽ സെക്രട്ടറി കെ. പങ്കജാക്ഷൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു.

വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത തന്നെ തകർക്കുന്ന സമീപനമാണ് സർക്കാരിൽ നിന്നുണ്ടായത്. സ്വാശ്രയപ്രശ്നത്തിലെ നിലപാടു മൂലം മെഡിക്കൽ, ഡെന്റൽ മേഖലയിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നു. അഞ്ചാം തീയതി മുഖ്യമന്ത്രിയും മന്ത്രിമാരും കുട്ടികൾക്കു ക്ലാസെടുക്കുമെന്നാണ് പറയുന്നത്. ആദ്യം കുട്ടികൾക്കു പാഠപുസ്തകങ്ങൾ കൊടുക്കട്ടെ, എന്നിട്ടുമതി ക്ലാസെടുക്കൽ. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ പോലും മനസിലാക്കാത്ത മന്ത്രിമാരും ഉദ്യോഗസ്‌ഥരുമാണുള്ളത്. മൂന്നു മാസം പിന്നിടുന്ന സർക്കാരിന്റെ വികൃതമുഖമാണിത് കാണിക്കുന്നത്.


നയങ്ങളുടെ പരാജയം കൊണ്ടല്ല യുഡിഎഫ് പരാജയപ്പെട്ടത്. സ്വാഭാവികമായും ഭരണത്തിലെ പല പോരായ്മകളും പരാജയത്തിലെത്തിച്ചിട്ടുണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു. ആർഎസ്പി സംസ്‌ഥാന സെക്രട്ടറി എ.എ. അസീസ് അധ്യക്ഷത വഹിച്ചു.

നാലാമതു കെ. പങ്കജാക്ഷൻ പുരസ്കാരം മുതിർന്ന എഐടിയുസി നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ. കുര്യനു വേണ്ടി ജെ. ഉദയഭാനു പ്രതിപക്ഷനേതാവിൽ നിന്ന് ഏറ്റുവാങ്ങി. എൻ.കെ. പ്രേമചന്ദ്രൻ എംപി, ആർഎസ്പി ജില്ലാസെക്രട്ടറി എസ്. സത്യപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.