ആറു മാസത്തെ കുടിശിക ഉടൻ നൽകണം: ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോ.
Saturday, August 27, 2016 11:37 AM IST
കാഞ്ഞങ്ങാട്: ഓണത്തിനു മുമ്പ് കരാറുകാർക്ക് ആറു മാസത്തെ കുടിശിക അനുവദിക്കണമെന്നു ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്‌ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. സർക്കാർ പ്രവൃത്തികൾ ചെയ്യുന്ന കരാറുകാർക്ക് ഏർപ്പെടുത്തിയ സേവന നികുതി സർക്കാർ അടയ്ക്കുക, ടെൻഡർ ചെയ്യാതെ അക്രഡിറ്റഡ് ഏജൻസികൾക്കു കരാർ നൽകുന്നത് അവസാനിപ്പിക്കുക, കരാറുകാർക്കു ക്ഷേമനിധി ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും കൺവൻഷൻ ഉന്നയിച്ചു. പടന്നക്കാട് ബേക്കൽ ക്ലബിൽ നടന്ന കൺവൻഷൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. കരാറുകാരും സർക്കാരും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നും കരാറുകാർ വ്യവസ്‌ഥകൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൂർത്തീകരിച്ച പദ്ധതികളുടെ പണം സമയബന്ധിതമായി കൊടുത്തുതീർക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റ് കെ.സി.ജോൺ അധ്യക്ഷതവഹിച്ചു.


നഗരസഭ ചെയർമാൻ വി.വി.രമേശൻ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി കെ.എം. അക്ബർ, വൈസ്പ്രസിഡന്റ് കെ. മൊയ്തീൻകുട്ടി ഹാജി, ജില്ലാ സെക്രട്ടറി എം.ശ്രീകണ്ഠൻനായർ എന്നിവർ പ്രസംഗിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സജി മാത്യു നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.