വിശ്വാസനിറവിൽ തലസ്‌ഥാനത്ത് അൽഫോൻസാ തീർഥാടനം
വിശ്വാസനിറവിൽ തലസ്‌ഥാനത്ത് അൽഫോൻസാ തീർഥാടനം
Sunday, July 24, 2016 12:43 PM IST
തിരുവനന്തപുരം: സ്നേഹമാണ് ഏറ്റവും വലിയ നന്മയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. എട്ടാമത് വിശുദ്ധ അൽഫോൻസാ തീർഥാടനം പിഎംജി ലൂർദ്് ഫൊറോനാ പള്ളിയിൽ നിന്നു പോങ്ങുമൂട് വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നപ്പോൾ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദൈവസ്നേഹം നമ്മളിൽ നിറയുമ്പോഴാണ് നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും ശക്‌തമായ മാതൃകയാണു വിശുദ്ധ അൽഫോൻസാമ്മ. ക്രൈസ്തവ സ്നേഹം സ്വാർഥ സ്നേഹമല്ല. നിസ്വാർഥ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു വിശുദ്ധ അൽഫോൻസാമ്മയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ പിഎംജി ലൂർദ് ഫൊറോനാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച വിശുദ്ധ അൽഫോൻസാ തീർഥാടനത്തിൽ തലസ്‌ഥാനനഗരിയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള വൈദികർ, കന്യാസ്ത്രീകൾ എന്നിവരുൾപ്പെടെ ആയിരക്കണക്കിനു വിശ്വാസികൾ പങ്കുചേർന്നു. കനത്ത മഴയിലും ആയിരക്കണക്കിന് വിശ്വാസികൾ പദയാത്രയായി അൽഫോൻസാ തീർഥാടന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി.


തീർഥാടനത്തിനു ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂർദ് ഫൊറോനപള്ളി വികാരിയുമായ മോൺ. ഡോ. മാണി പുതിയിടം ആമുഖ സന്ദേശം നൽകി. തുടർന്നു കരുണയുടെ വിശുദ്ധ കവാടം കടന്നു തീർഥാടകർ വിശുദ്ധ അൽഫോൻസാമ്മയുടെ സുകൃത ജപങ്ങൾ ചൊല്ലി ഭക്‌തി നിർഭരമായി തീർഥാടന പദയാത്ര ആരംഭിച്ചു.

പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ വഴിയാണ് പോങ്ങുമൂട് വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ പദയാത്ര അവസാനിച്ചത്. യാത്രയ്ക്കിടയിൽ പട്ടം സെന്റ് മേരീസ് കത്തീഡ്രലിനു മുന്നിൽ വികാരി ജെയിംസ് പാറവിള കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ സ്വീകരണവും പ്രത്യേക പ്രാർഥനയും നടത്തി.

പദയാത്രയ്ക്കു ശേഷം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ നടന്ന നൊവേന പ്രാർഥനയിൽ തെക്കൻമേഖല യുദീപ്തി–എസ്എംവൈഎം ഡയറക്ടർ ഫാ. റോജൻ പുരയ്ക്കൽ മുഖ്യകാർമികനായിരുന്നു.

തുടർന്ന് നടന്ന വിശുദ്ധ കുർബാനയിൽ ലൂർദ് ഫൊറോനാ പള്ളി പ്രോ–വികാരി ഫാ. ജോർജ് മാന്തുരുത്തിൽ മുഖ്യകാർമികനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.