കൈവശരേഖകളില്ലെങ്കിലും നിബന്ധനകളോടെ ശൗചാലയം
Saturday, July 23, 2016 1:19 PM IST
കോട്ടയം: കൈവശരേഖകളില്ലെങ്കിലും നിബന്ധനകളോടെ ശൗചാലയം അനുവദിക്കും. കൈവശാവകാശ രേഖകളില്ലാത്ത ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾ റോഡിന്റെ അപകടകരമായ വളവിലും പുഴയുടെ ഹൈവാട്ടർ ലെവലിനു താഴെയും പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരൊഴികെയുള്ളവർക്കാണ് ശൗചാലയം നിർമിച്ചു നൽകുന്നത്.

സർക്കാരിന്റെ ഒഡിഎഫ് സമ്പൂർണ ശൗചാലയമൊരുക്കൽ പദ്ധതിയിൽപ്പെടുത്തിയാണ് ശൗചാലയങ്ങൾ നിർമിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുളളത്. മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച സംസ്‌ഥാനതല കോ–ഓർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.

സമ്പൂർണ ശൗചാലയ നിർമാണ പദ്ധതികൾക്കായി പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്തുകളും വിഹിതം നൽകുവാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സമ്പൂർണ ശൗചാലയ പദ്ധതിക്ക് വകയിരുത്തുന്ന തുക ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയ്ക്കായി തദ്ദേശഭരണ സ്‌ഥാപനങ്ങൾ വകയിരുത്തേണ്ട 10 ശതമാന വിഹിതത്തിൽപെടുത്താവുന്നതാണെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.


കക്കൂസ് നിർമാണത്തിനുവേണ്ടി കേന്ദ്ര സഹായം (12,000രൂപ) പഞ്ചായത്ത് ഫണ്ട് (3,400 രൂപ) എന്നിവ ഉൾപ്പെടുത്തി പ്രോജക്ട് സമർപ്പിച്ച പഞ്ചായത്തുകൾ അത്തരം പ്രോജക്ടുകൾ ഒഴിവാക്കി പകരം മുഴുവൻ തുകയും പഞ്ചായത്തുകളുടെ വികസന ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ വകയിരുത്തി ആദ്യം ചെലവ് ചെയ്യുന്ന രീതിയിൽ പ്രോജക്ട് തയ്യാറാക്കേണ്ടതാണ്.

ശുചിത്വമിഷൻ വഴി കേന്ദ്ര വിഹിതമായ 12,000 രൂപ കിട്ടുന്ന മുറയ്ക്ക് അത് അധികവിഭവമായി കണക്കാക്കി വികസന പദ്ധതികൾക്ക് ചെലവഴിക്കുന്നതിനും പഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ശുചിത്വമിഷൻ ജില്ലാ കോ–ഓർഡിനേറ്റർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.