ഫലപ്രഖ്യാപനം വൈകുന്നതിൽ എംജി സിൻഡിക്കറ്റിന് ഉത്കണ്ഠ
Friday, July 1, 2016 2:36 PM IST
കോട്ടയം: പരീക്ഷാ ഫലപ്രഖ്യാപനത്തിലെ കാലതാമസത്തിൽ എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് ഉത്കണ്ഠ രേഖപ്പെടുത്തി. പരീക്ഷാ ഫലങ്ങൾ എത്രയും വേഗം പ്രസിദ്ധപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ സിൻഡിക്കറ്റ് നിർദേശം നൽകി. റിസൾട്ടുകൾ വൈകുന്നതിന്റെ കാരണങ്ങൾ ഒരാഴ്ചയ്ക്കകം സിൻഡിക്കറ്റിന് റിപ്പോർട്ട് ചെയ്യാൻ പരീക്ഷാ കൺട്രോളറോട് ആവശ്യപ്പെട്ടു.

ഐഐആർബിഎസിന്റെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ ഡോ. കൃഷ്ണദാസ് കൺവീനറായി അഞ്ച് അംഗ സിൻഡിക്കറ്റ് സമിതിയെ ചുമതലപ്പെടുത്തി.

സിൻഡിക്കറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർമാരായി അഡ്വ. പി.കെ. ഹരികുമാർ (സ്റ്റാഫ്), പ്രഫ. ടോമിച്ചൻ ജോസഫ് (അഫിലിയേഷൻ ആൻഡ് അപ്രൂവൽ), ഡോ. ആർ. പ്രഗാഷ് (എക്സാമിനേഷൻസ്), ഡോ. പി.കെ. പത്മകുമാർ (സെൽഫ് ഫിനാൻസിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ്), പ്രഫ. വി.എസ്. പ്രവീൺ കൂമാർ (ബിസിനസ്), കെ. ഷറഫുദ്ദീൻ (ഫിനാൻസ്), ഡോ. എസ്. സുജാത (റിസർച്ച്), ഡോ. എ. ജോസ് (ലീഗൽ), ഡോ. എം.എസ്. മുരളി (സ്റ്റുഡന്റ്സ് ഗ്രിവൻസ് ആൻഡ് വെൽഫെയർ), ഡോ. കെ. കൃഷ്ണദാസ് (പ്ലാനിംഗ് ആൻഡ് ഡവലപ്മെന്റ്), ഡോ. അജി സി. പണിക്കർ (അക്കാഡമിക് അഫയേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.


പരിഷ്കരിച്ച പാഠ്യപദ്ധതിയെ സംബന്ധിച്ചു നിരവധി പരാതികൾ ഉയർന്നതിനാൽ പുതുക്കിയ സിലബസ് നടപ്പാക്കുന്നത് തല്കാലത്തേക്കു മാറ്റിവച്ചു.

നിലവിലുള്ള സർവകലാശാല സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. വർഗീസ് ആൻഡ് ജേക്കബ് സമർപ്പിച്ച രാജി സിൻഡിക്കറ്റ് സ്വീകരിക്കുകയും പകരം സർവകലാശാല സ്റ്റാൻഡിംഗ് കൗൺസലായി അഡ്വ. അശോക് എം. ചെറിയാനെയും, ലീഗൽ അഡ്വൈസറായി അഡ്വ. വി.കെ. സത്യവാൻ നായരെയും നിയമിക്കാനും തീരുമാനിച്ചു.

സിൻഡിക്കറ്റ് യോഗ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഹൈക്കോടതി വിധിക്ക് വിധേയമായിട്ടായിരിക്കുമെന്നു വൈസ് ചാൻസലർ സിൻഡിക്കറ്റിനെ അറിയിച്ചു.

കാവാലം നാരായണ പണിക്കരുടെ നിര്യാണത്തിൽ സിൻഡിക്കറ്റ് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.