നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
Friday, June 24, 2016 1:50 PM IST
ചിറ്റൂർ: കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണക്കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നാഗർകോവിൽ മാർത്താണ്ഡം രാജവീഥി രാജശേഖരന്റെ മകൻ സന്തോഷ് എന്ന തിരുപ്പതി സന്തോഷ് എന്ന രമേഷ് (26) ആണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ അണിക്കോട്ടിൽ മോഷണശ്രമത്തിനിടെയാണു പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്തതിലാണു വിവിധ മോഷണവിവരങ്ങൾ പുറത്തുവന്നത്.

2015ൽ ഷൊർണൂർ കുളപ്പുള്ളിയിൽ ബീവറേജസ് ഔട്ട്ലെറ്റിലെ മദ്യവും സമീപത്തെ കെട്ടിടത്തിൽനിന്ന് എൽസിഡി പ്രൊജക്ടറും കവർന്നിട്ടുണ്ട്. തൃശൂർ ഇക്കണ്ടവാര്യർ റോഡിൽ ടൈറ്റൻ ഷോറൂം, ആലുവ തായിക്കാട്ടുകര എസ്ബിടി ബാങ്ക്, എറണാകുളം കലൂർ സ്റ്റേഡിയത്തിനു സമീപം കേരള ടൂർസ് ആൻഡ് ട്രാവൽസ്, ഏലംകുളം കണ്ണൻ കൺസൾട്ടൻസി, മാമംഗലത്ത് ഹൗസിംഗ് ഡവലപ്മെന്റ് ഓഫീസ്, എംജി റോഡിൽ ലൂയിഫിലിപ് ഷോറൂം എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.


ഷൊർണൂരിൽ നിന്നും കവർന്ന എൽസിഡി പ്രൊജക്ടർ പ്രതിയിൽനിന്നു കണ്ടെടുത്തു. 2014ൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ട്രെയിനിൽ സഞ്ചരിച്ചു പട്ടണങ്ങളിൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ പതിവ്.

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ എടിഎം കവർച്ചകളിൽ രമേഷിനെതിരേ കേസുണ്ട്. ചിറ്റൂർ സിഐ കെ.എം. ബിജു, എസ്ഐ ബഷീർ.സി. ചിറയ്ക്കൽ, എസ്സിപിഒമാരായ ജേക്കബ്, നസീറലി, സിപിഒമാരായ വിനോദ്, സന്തോഷ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് മോഷ്‌ടാവിനെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.