ഹാജരായില്ല; സരിതയ്ക്കു സോളാർ കമ്മീഷന്റെ ജാമ്യമില്ലാ വാറന്റ്
ഹാജരായില്ല; സരിതയ്ക്കു സോളാർ കമ്മീഷന്റെ ജാമ്യമില്ലാ വാറന്റ്
Thursday, June 23, 2016 1:59 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: സിറ്റിംഗിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയ സരിത എസ്. നായർക്കെതിരേ സോളാർ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷൽ കമ്മീഷൻ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈ മാസം 27നു രാവിലെ 11ന് സരിതയെ ഹാജരാക്കുന്ന കാര്യം ഉറപ്പുവരുത്തുന്നതിനു ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ സംസ്‌ഥാന പോലീസ് മേധാവിക്കു നിർദേശം നൽകി. നോട്ടീസ് ലഭിച്ചിട്ടും സരിത ബോധപൂർവം സിറ്റിംഗിനു ഹാജരാകാതെ കബളിപ്പിക്കുകയാണെന്നു നിരീക്ഷിച്ചാണു നടപടി. സിപിസി 16 (10) വകുപ്പുപ്രകാരമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു സരിത ഇന്നലെ ഹാജരാകാതിരുന്നത്. അറസ്റ്റ് വാറന്റിനു വഴങ്ങാൻ തയാറാകുന്നില്ലെങ്കിൽ അവർ ഇന്നലെ കമ്മീഷനിൽ ഹാജരാകാത്തിനു തടസമായി ചൂണ്ടിക്കാട്ടിയ ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കുന്നതിനു വൈദ്യസംഘത്തെ നിയോഗിക്കും. വൈദ്യസംഘം സരിതയ്ക്കു കൂടുതൽ ചികിത്സ നിർദേശിച്ചാൽ അതിന് അനുവാദം നൽകും. അങ്ങനെയൊരു ആരോഗ്യ പ്രശ്നമില്ലെങ്കിൽ സരിതയെ തിങ്കളാഴ്ച ഹാജരാക്കണമെന്നാണു നിർദേശം നൽകിയിരിക്കുന്നത്.

മേയ് 11, 13 തീയതികളിൽ കമ്മീഷനിൽ ചില രേഖകളും ഡിജിറ്റൽ തെളിവുകളും സരിത ഹാജരാക്കി. തുടർന്നു ടിവി ചാനലുകൾക്കു മുന്നിലും മറ്റും സരിത നിരന്തരം പലതും പറഞ്ഞിരുന്നുവെങ്കിലും ഒരു തവണ മാത്രമാണ് കമ്മീഷനു മുമ്പാകെ ഹാജരായതെന്ന് ജസ്റ്റീസ് ശിവരാജൻ ചൂണ്ടിക്കാട്ടി. സരിത ഹാജരാക്കിയ തെളിവുകൾ അടയാളപ്പെടുത്തിയ കമ്മീഷൻ ആ തെളിവുകളിൽ അവർ ആരോപണമുന്നയിച്ചവർക്ക് ക്രോസ് വിസ്താരം ചെയ്യുന്നതിന് അനുമതി നൽകി.


ഇതിനായി ഈ മാസം 17നു ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിസ്താരം 23ലേക്ക് നീട്ടിവയ്ക്കണമെന്നു സരിത ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ കമ്മീഷൻ പരിഗണിച്ചു.

അതിനിടെ ബുധനാഴ്ച സരിതയുടെ അഭിഭാഷകൻ സി.ഡി. ജോണി കമ്മീഷനിൽ ഹാജരായി സമയം നീട്ടിച്ചോദിച്ചു. കൂടുതൽ തെളിവുകൾ ഹാജരാക്കുന്നതിന് സമയം വേണമെന്നതാണ് കാരണമായി അപ്പോൾ പറഞ്ഞത്. എന്നാൽ, ഈ ആവശ്യം കമ്മീഷൻ അംഗീകരിച്ചില്ല. അപേക്ഷ നിരസിച്ച കമ്മീഷൻ സരിത വരാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചിരുന്നു. സരിതയുമായി ഫോണിൽ ബന്ധപ്പെട്ടശേഷം ഇന്നലെ ഹാജരാകുമെന്ന് അഭിഭാഷകൻ അറിയിച്ചിരുന്നത്. എന്നാൽ, തന്റെ വലതുകൈയിലെ മുഴ നീക്കം ചെയ്യുന്നതിനായി നാഗർകോവിലിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഒരാഴ്ചത്തെ വിശ്രമം ഡോക്ടർ നിർദേശിച്ചിട്ടുണ്ടെന്നും കാണിച്ച് സരിത അയച്ച മെഡിക്കൽ റിപ്പോർട്ട് സഹിതം അഡ്വ. ജോണി വീണ്ടും സമയം നീട്ടിയാവശ്യപ്പെട്ട് കമ്മീഷന് അപേക്ഷ നൽകി. ഇത് അനുവദിക്കാനാവില്ലെന്നു കമ്മീഷൻ വ്യക്‌തമാക്കി. പല തവണ സമയം നീട്ടിക്കൊടുത്തിട്ടും ഹാജരാകാതെ കമ്മീഷനെ കബളിപ്പിക്കുന്ന സരിതയുടെ നടപടി തുടരാൻ അനുവദിക്കില്ലെന്നു ജസ്റ്റീസ് ശിവരാജൻ വ്യക്‌തമാക്കി.

സരിത നൽകിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ ക്രോസ് വിസ്താരത്തിനായി ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി എംപി എന്നിവരുടെ അഭിഭാഷകർ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.