അമേരിക്കൻ മലയാളിയുടെ കൊലപാതകം: മകൻ റിമാൻഡിൽ
അമേരിക്കൻ മലയാളിയുടെ കൊലപാതകം: മകൻ റിമാൻഡിൽ
Monday, May 30, 2016 4:10 PM IST
ചെങ്ങന്നൂർ: അമേരിക്കൻ മലയാളിയായ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തി മൃതദേഹം ആറു കഷണങ്ങളാക്കി മുറിച്ചു പലസ്‌ഥലങ്ങളിലായി ഉപേക്ഷിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ വാഴാർമംഗലം ഉഴത്തിൽ വീട്ടിൽ ജോയി. പി. ജോണിന്റെ (69) കൊലപാതകവുമായി ബന്ധപ്പെട്ടു മകൻ ഷെറിൻ ജോണിനെയാണ് (37) അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മാവേലിക്കര സബ് ജയിലിലേക്ക് അയച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് ഒടുവിൽ പറയുന്നതിങ്ങനെ: കുട്ടിക്കാലം മുതൽ പിതാവിനു ഷെറിനോടു സ്നേഹക്കുറവായിരുന്നു. പക തീർക്കുന്നതിന്റെ ഭാഗമായാണ് ഇയാൾ ആസൂത്രണം ചെയ്തു കൊല നടത്തിയത്. തെളിവുകൾ നശിപ്പിക്കുന്നതിനായി തല, ഉടൽ, കൈകൾ, കാലുകൾ എന്നിവ അറുത്തുമാറ്റി പമ്പാ നദി, ചങ്ങനാശേരി, കോട്ടയം, ചിങ്ങവനം എന്നിവിടങ്ങളിലായി ഉപേക്ഷിച്ചു. കഴിഞ്ഞ 25ന് രാവിലെ ഇവരുടെ സ്കോഡ കാറിന്റെ എ.സി. ശരിയാക്കുന്നതിനായി ഷെറിനും പിതാവ് ജോയിയും കൂടി തിരുവനന്തപുരത്തേക്കു പോയി. നേരത്തെ ബുക്കിംഗ് നടത്താതിരുന്നതിനാൽ സർവീസിംഗ് നടന്നില്ല. തുടർന്ന് ഇരുവരും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മടങ്ങി. യാത്രയ്ക്കിടയിൽ സ്വത്തു സംബന്ധിച്ചു തർക്കമുണ്ടായി.

എംസി റോഡിൽ മുളക്കുഴയ്ക്കു സമീപം വിജനമായ വയലേലയുള്ള പൂഴിക്കടവുഭാഗത്ത് എത്തിയപ്പോൾ കാർ നിർത്തി മുൻസീറ്റിലിരുന്ന പിതാവിനെ തോക്ക് ഉപയോഗിച്ചു ഷെറിൻ നാലുതവണ വെടി വച്ചു. തുടർന്നു സീറ്റ് പിന്നിലേക്കു മലർത്തിയിട്ടശേഷം വലിയ തൂവാലകൊണ്ടു മൃതദേഹം മറച്ചു. പിന്നീട് മൃതദേഹവുമായി പലസ്‌ഥലങ്ങളിലും കറങ്ങി. രാത്രി എട്ടരയോടെ ചെങ്ങന്നൂർ നഗരത്തിൽ ഇവരുടെ ഉടമസ്‌ഥതയിലുള്ള ബഹുനില കെട്ടിട സമുച്ചയത്തിന്റെ സമീപത്ത് ആരും ശ്രദ്ധിക്കാത്ത ഭാഗത്തു വാഹനം നിറുത്തി.

തുടർന്നു സമീപത്ത് വൈദ്യുത ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ എത്തി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന കെട്ടിടത്തിന്റേയും കാർപാർക്കിംഗ്, ഗോഡൗൺ എന്നീ ഭാഗങ്ങളിലേക്കുള്ള പ്രവേശനകവാടത്തിന്റെയും താക്കോൽ വാങ്ങി. അകത്തു കയറിയ ഷെറിൻ, സൗകര്യങ്ങൾ നോക്കിയശേഷം തിരികെവന്നു വാഹനത്തിൽ കയറി മൃതദേഹവുമായി തിരുവല്ലയിലെ ക്ലബ് സെവനിലേക്കു പോയി. മാതാപിതാക്കളും സഹോദരനും കഴിഞ്ഞ 19ന് അമേരിക്കയിൽനിന്നു വന്നശേഷം ഷെറിൻ ക്ലബ് സെവനിലായിരുന്നു വാടകയ്ക്കു മുറി എടുത്ത് താമസിച്ചിരുന്നത്. ഇവിടെ എത്തിയ ഷെറിൻ ഇരുട്ടത്ത് വാഹനം ഒതുക്കിയശേഷം മുറിയിൽ കയറി കുളിച്ചു. എതിർവശത്തുള്ള പെട്രോൾപമ്പിൽ നിന്ന് അഞ്ചുലിറ്റർ വീതം കൊള്ളുന്ന രണ്ടു പ്ലാസ്റ്റിക്ക് കന്നാസുകളിലായി 10 ലിറ്റർ പെട്രോൾ വാങ്ങി മൃതദേഹവുമായി കാറിൽ ചെങ്ങന്നൂരിലേക്ക് തിരിച്ചു. ഗോഡൗണിലെത്തി വാതിൽ തുറക്കുന്നതിനിടെ എതിർഭാഗത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരനോട് അസ്വഭാവികത തോന്നാത്ത രീതിയിൽ അടുത്തുചെന്നു ഹായ് പറഞ്ഞു. ഇതിനുശേഷം ഗോഡൗണിൽ കയറി വാതിൽ അടച്ചു. മൃതദേഹം വാഹനത്തിനുള്ളിൽനിന്ന് അവിടെ ഉണ്ടായിരുന്ന അലൂമിനിയം ഷീറ്റിലേക്കു മാറ്റി. സമീപത്തുണ്ടായിരുന്ന ചാക്ക്, മെത്ത എന്നിവ ഉപയോഗിച്ചു പെട്രോൾ ഒഴിച്ചു തീ കൊളുത്തി. വിചാരിച്ചിരുന്നതിലും കൂടുതൽ ജ്വാല മുകളിലേക്ക് ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന എം. സാൻഡ്, ചാക്ക് എന്നിവ വാരിയിട്ടു തീയണച്ചു. തുടർന്നു കാറിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം ആറു ഭാഗങ്ങളാക്കി മുറിച്ചു. ഇവ പ്ലാസ്റ്റിക്ക് ചാക്കിലും പൊളിത്തീൻ കവറുകളിലുമാക്കി കാറിനുള്ളിൽവച്ചശേഷം ഗോഡൗണിനുള്ളിലെ കിണറിൽ നിന്നും പമ്പ് പ്രവർത്തിപ്പിച്ച് പലതവണ വെള്ളം ചീറ്റിച്ച് വൃത്തിയാക്കിയെന്ന് ഉറപ്പാക്കിയശേഷം കാറുമായി പുറത്തേക്കു പോയി.


ചാക്കിലും പൊളിത്തീൻ കവറുകളിലുമാക്കിയ മൃതശരീരാവശിഷ്‌ടങ്ങൾ ഓരോന്നായി ആറന്മുള, ആറാട്ടുപുഴ, ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം എന്നിവിടങ്ങളിൽ ഉപേക്ഷിച്ചു. കോട്ടയത്തുനിന്നും തിരികെ വരുന്നവഴി കാറിനുള്ളിലെ അടയാളങ്ങൾ ഇല്ലാതാക്കുകയും ബാക്കിയുള്ള തുണികൾ കത്തിച്ച് നശിപ്പിക്കുകയും ചെയ്തു.

25നു വൈകുന്നേരം തുടങ്ങിയ പ്രവൃത്തികൾ 26നു പുലർച്ചെ 4.30നാണ് അവസാനിച്ചത്. തുടർന്നു തിരുവല്ലയിലെ ക്ലബ് സെവനിൽ താമസിച്ചശേഷം ഷെറിൻ കോട്ടയത്തെത്തി നഗരത്തിലെ മുന്തിയ ഹോട്ടലിൽ മുറിയെടുത്തു. അന്നേദിവസം രാവിലെ ഭർത്താവിന്റെയും മകന്റെയും തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ച് ജോയിയുടെ ഭാര്യ മറിയാമ്മ ഇരുവരേയും കാണാതായതായി ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയെങ്കിലും 27നാണ് ഇവർ സംഭവം സംബന്ധിച്ച സംശയം പ്രകടിപ്പിച്ചത്. ഇതോടെ പോലീസ് അന്വേഷണത്തിന്റെ ഗതി മാറ്റുകയായിരുന്നു. തുടർന്നാണ് ഗോഡൗൺ പരിശോധനയും കൊലപാതകം സംബന്ധിച്ച് ഇതുവരെയുള്ള തെളിവുകൾ ലഭിച്ചതും പ്രതിയെ അറസ്റ്റ് ചെയ്യാനായതും. ജില്ലാ പോലീസ് മേധാവി പി. അശോക് കുമാർ, ഡിവൈഎസ്പി. കെ.ആർ. ശിവസുതൻപിള്ള, ചെങ്ങന്നൂർ, മാന്നാർ സിഐമാരായ ജി. അജയനാഥ്, ഷിബു പാപ്പച്ചൻ, എട്ട് എസ്ഐമാരടക്കം 22 ഓളം പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം വിവിധസംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.