സ്വർണത്തിനു നിറംകൂട്ടി തട്ടിപ്പ്: രണ്ടു ബിഹാറികൾ പിടിയിൽ
Monday, May 30, 2016 2:44 PM IST
മുഹമ്മ(ആലപ്പുഴ): സ്വർണാഭരണത്തിനു നിറം കൂട്ടി നല്കാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ രണ്ടു ബീഹാർ സ്വദേശികൾ പോലീസ് പിടിയിൽ. ബിഹാർ മറ്റഹാർ വില്ലേജിൽ അശോക് ഷാ(38), മജർവാ വില്ലേജിൽ വിജയ്കുമാർ(26) എന്നിവരാണു പിടിയിലായത്. വൈക്കം ടിവി പുരം നിളാ നിവാസിൽ രാജുവിന്റെ ഭാര്യ ഷൈലജ സഹോദരനായ മുഹമ്മ കായിപ്പുറം പുത്തൻകല്ലാട്ട് വീട്ടിൽ സാബുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ബീഹാർ സ്വദേശികളാൽ കബളിപ്പിക്കപ്പെട്ടത്. മാലയ്ക്കു നിറം കൂട്ടി നൽകാമെന്ന് പറഞ്ഞ് ഇവരുടെ പക്കലുള്ള ഒരു ലായനിൽ ഇട്ട് തിളക്കം കൂട്ടി നൽകുകയായിരുന്നു. പ്രതികൾ മുങ്ങിയ ശേഷമാണ് മാലയുടെ കണ്ണി വിട്ടതായി ഷൈലജയുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയതിനെ തുടർന്ന് തൂക്കി നോക്കിയപ്പോൾ 24 ഗ്രാം തുക്കമുണ്ടായിരുന്ന മാല ആറുഗ്രാം കുറവുള്ളതായി കണ്ടു. ഉടൻ തന്നെ മുഹമ്മ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് തെരച്ചിൽ നടത്തുകയും തണ്ണീർമുക്കം ബണ്ടിനു സമീപത്തുനിന്നും പ്രതികളെ പിടികൂടുകയുമായിരുന്നു.


മുഹമ്മ എസ്ഐ സി.സി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘമായിരുന്നു ഇവരെ പിടികൂടിയത്. സംസ്‌ഥാനത്ത് ഇത്തരത്തിൽ തട്ടിപ്പുമായി ഇതരസംസ്‌ഥാനക്കാർ ഇറങ്ങിയിട്ടുള്ളതായി സൂചനയുണ്ട്.

സ്ത്രീകളായ വീട്ടമ്മമാരെയാണ് ഇവർ ഇരകളാക്കുന്നത്. സമാനരീതിയിലുള്ള തട്ടിപ്പുകൾ ജില്ലയിൽ പലയിടങ്ങളിലും നടന്നിട്ടുണ്ട്. പലരും നാണക്കേടോർത്തു പരാതി നല്കാത്തതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.