ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടെന്നു ലീഗ്
Sunday, May 29, 2016 12:36 PM IST
കോഴിക്കോട്: ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കുന്നതിൽ പരാജയപ്പെട്ടതാണു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്കു പ്രധാനകാരണമെന്നു മുസ്ലിംലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം.

ഫാസിസ്റ്റ് ശക്‌തികളുടെ അക്രമത്തിൽ നിന്നു ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടാക്കിയെടുക്കാൻ യുഡിഎഫിനായില്ല. ഈ കാര്യങ്ങൾ യുഡിഎഫ് തിരുത്തേണ്ടതുണ്ട്. തിരുത്തൽ നടപടികൾ എടുത്തുതന്നെ മുമ്പോട്ടുപോകണമെന്നാണ് ലീഗിന്റെ അഭിപ്രായമെന്നും പ്രവർത്തക യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും പറഞ്ഞു.–

പൊതുവായി പാർട്ടി മത്സരിച്ച സീറ്റുകളിൽ വോട്ട് കുറഞ്ഞുവെന്ന വിലയിരുത്തൽ യോഗത്തിലുണ്ടായി. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റിയും ലീഗ് സ്‌ഥാനാർഥികൾക്കുണ്ടായ തോൽവിയെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു പി.കെ.കെ. ബാവ, പി.എം.എ. സലാം, കുട്ടി അഹമ്മദ് കുട്ടി എന്നിവർ അംഗങ്ങളായ പ്രത്യേക കമീഷനെ നിയോഗിച്ചു. കോഴിക്കോട് ജില്ലയിൽ കനത്ത തോൽവിയുണ്ടായ കൊടുവള്ളി, തിരുവമ്പാടി എന്നിവിടങ്ങളിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ കെ.എൻ.എ. ഖാദർ, അഡ്വ. എം. റഹ്മത്തുള്ള, അഡ്വ. യു.എ. ലത്തീഫ് എന്നിവരടങ്ങിയ കമീഷനെയും ഗുരുവായൂർ മണ്ഡലത്തിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ വി.കെ. ഇബ്രാഹിംകുഞ്ഞ്, അഡ്വ. എൻ. ഷംസുദീൻ എംഎൽഎ, ടി.എം. സലീം എന്നിവരടങ്ങിയ കമീഷനെയും നിയോഗിച്ചു. ജൂലൈ രണ്ടാം വാരത്തിൽ നടക്കുന്ന സംസ്‌ഥാന പഠനക്യാമ്പിൽ റിപ്പോർട്ട് സമർപ്പിക്കും. താനൂരിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ കമീഷനെ നിയോഗിച്ചില്ല. താനൂരിൽ മുസ്ലിംലീഗിന്റെ വോട്ടിൽ ചോർച്ചയുണ്ടായിട്ടില്ലെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് സംസ്‌ഥാന പ്രവർത്തക സമിതി യോഗം അംഗീകരിക്കുകയായിരുന്നു. തോൽവിക്ക് പുറമേ പെരിന്തൽമണ്ണ, മങ്കട അടക്കമുള്ള മണ്ഡലങ്ങളിലെ വോട്ട് ചോർച്ചയും സമഗ്രമായ അന്വേഷണം നടത്തി തെരഞ്ഞെടുപ്പ് രംഗത്തു വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കും. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ സ്‌ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചതായി കരുതുന്നില്ല. അവിടെ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും കമ്മീഷൻ പഠനം നടത്തും.


കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. മഞ്ചേ ശ്വരത്ത് ബിജെപിയെ സഹായിക്കുന്നതായിരുന്നു കാന്തപുരം വിഭാഗത്തിന്റെ നിലപാട്. അവരോട് ഭാവിയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്തു തീരുമാനിക്കും. നേമത്ത് യുഡിഎഫ് വോട്ട് ചോർച്ച ഉണ്ടായ സംബന്ധിച്ച് യുഡിഎഫ് ആണ് പരിശോധിക്കേണ്ടതെന്നും ഇരുവരും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.