മുല്ലപ്പെരിയാർ: നിലപാടുമാറ്റത്തിന്റെ പിന്നിലെ പ്രേരണ എന്താണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം–സുധീരൻ
മുല്ലപ്പെരിയാർ: നിലപാടുമാറ്റത്തിന്റെ പിന്നിലെ പ്രേരണ എന്താണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം–സുധീരൻ
Sunday, May 29, 2016 12:36 PM IST
തിരുവനന്തപുരം: കേരള നിയമസഭയും സർവകക്ഷി യോഗവും ഏകകണ്ഠമായി അംഗീകരിച്ച് തുടർന്നുവന്ന സമീപനത്തിന് എതിരാണ് മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടുമാറ്റമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.

ഈ നിലപാടുമാറ്റത്തിന്റെ പിന്നിലെ പ്രേരണ എന്താണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം. തുടക്കം മുതൽ കേരളം ഒറ്റ ശബ്ദത്തിലാണ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ പ്രതികരിച്ചത്.

നിയമസഭയെയും രാഷ്ട്രീയപ്രസ്‌ഥാനങ്ങളെയും ബഹുജനവികാരത്തെയും അവഗണിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ നിലപാടുമാറ്റം ദുരൂഹമാണ്. ഭയവിഹ്വ ലരായി കഴിയുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധീരൻ പറഞ്ഞു.

<ആ>മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരം: ഉമ്മൻചാണ്ടി

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പ്രതിഷേധാർഹവും നിർഭാഗ്യകരവുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

മാറിമാറി വന്ന സർക്കാരുകൾ കൈക്കൊണ്ട തീരുമാനങ്ങൾക്കു വിരുദ്ധമാണ്. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. നിയമസഭയിൽ മൂന്നു തവണ പ്രമേയം അവതരിപ്പിക്കുകയും രണ്ടു തവണ സർവകക്ഷി സംഘം യോഗം ചേരുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി നിലപാടു തിരുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പിണറായി വിജയന്റെ മലക്കം മറിച്ചിലുമായി ബന്ധപ്പെട്ടു വി.എസ്. അച്യുതാനന്ദൻ അഭിപ്രായം തുറന്നു പറയണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.


<ആ>ജനവികാരത്തിനെതിര്: ചെന്നിത്തല

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാട് കേരളത്തിലെ ജനങ്ങളുടെ വികാരത്തിന് എതിരാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കേരള നിയമസഭയും സംസ്‌ഥാനത്തെ രാഷ്ട്രീയകക്ഷികളും ഐകകണ്ഠ്യേന സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. അണക്കെട്ട് സുരക്ഷിതമാണെന്ന ഒരു വിദഗ്ധ സമിതിയുടേതായ റിപ്പോർട്ട് പരിഗണിച്ചു കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന പിണറായിയുടെ നിലപാട് പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ അഭിപ്രായത്തിന് നേർവിപരീതമാണ്.

ഇത് തമിഴ്നാടിന്റെ താത്പര്യങ്ങളെ സംരക്ഷിക്കാൻ മാത്രമേ ഉതകുകയുള്ളൂ. മാത്രമല്ല, കേരളത്തിലെ ജനങ്ങളെ സംഭ്രാന്തിയിൽ ആഴ്ത്തുകയും ചെയ്യും. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ അഭിപ്രായം എത്രയും വേഗം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.