ഡീസൽ വാഹന നിയന്ത്രണം: സ്കൂളുകളും വെട്ടിലാകും
ഡീസൽ വാഹന നിയന്ത്രണം: സ്കൂളുകളും വെട്ടിലാകും
Sunday, May 29, 2016 12:13 PM IST
<ആ>സ്വന്തം ലേഖകൻ

കോഴിക്കോട്: 2000 സിസിക്കു മുകളിലുള്ള പത്തു വർഷം പിന്നിട്ട ഡീസൽവാഹനങ്ങൾ വിലക്കിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണൽ ഉത്തരവ് കേരളത്തിന്റെ സർവ മേഖലയെയും പ്രതിസന്ധിയിലാക്കും. നിർമാണ മേഖല മുതൽ സ്കൂൾ പ്രവർത്തനം വരെ താളം തെറ്റുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരത്തിലിറങ്ങുന്ന ബസുകളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് സംഭവിക്കും.

സ്വകാര്യ ബസുകളിൽ പൊതുവെ സ്കൂൾ വിദ്യാർഥിളെ കയറ്റാൻ മടിക്കുന്ന തൊഴിലാളികൾ നിയന്ത്രണം നിലവിൽ വരുന്നതോടെ കുട്ടികളെ ബസിൽ കയറാൻ അനുവദിക്കാത്ത നിലയിലേക്കു നീങ്ങും. സ്വന്തമായി വാഹനങ്ങളുള്ള സ്കൂളുകൾക്കും ഉത്തരവ് തിരിച്ചടിയാകും. കേരളത്തിലെ ഭൂരിഭാഗം സ്കൂളും പത്തു വർഷത്തിനു മുകളിൽ പഴക്കമുള്ള ബസുകളാണു സ്കൂൾ ബസായി ഉപയോഗിക്കുന്നത്. ഇതിനു പുറമെ ചരക്ക് നീക്കവും കേരളത്തിൽ നിലയ്ക്കും. അന്യസംസ്‌ഥാനത്തുനിന്നു ചരക്കുമായി എത്തുന്ന ലോറികളിൽ 70 ശതമാനവും പത്തു വർഷത്തിനു മുകളിൽ പഴക്കമുള്ളതാണ്. ഇതോടെ കേരളത്തിലേക്കുള്ള ചരക്ക് നീക്കവും താറുമാറാകും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചു കയറുമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പറയുന്നു.

മാത്രവുമല്ല ഡീസൽ വാഹനങ്ങളുടെ നിയന്ത്രണം ഡീസൽ വിൽപ്പനയെയും ബാധിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി ദീപികയോടു പറഞ്ഞു. ഡീസൽ വാഹനത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ചരക്ക് നീക്കത്തിനും മറ്റും ബദൽ മാർഗം കണ്ടെത്തിയില്ലെങ്കിൽ സർക്കാരിനു വൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവ് ഇതിനോടകം തന്നെ സർക്കാരിനെ ബാധിച്ചിട്ടുണ്ട്. പുതിയ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ വാഹനം റോഡിലറങ്ങുന്നതിന് മുമ്പ് തന്നെ നികുതി ഇനത്തിൽ സർക്കാരിനു വൻ തുക ലഭിക്കാറുണ്ട്. എന്നാലിപ്പോൾ പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള വിലക്കിനു സ്റ്റേ ലഭിച്ചെങ്കിലും ഇത്തരം വാഹനങ്ങൾ വാങ്ങാൻ ജനങ്ങൾ മടിക്കുകയാണ്. 15 വർഷത്തേക്കുള്ള റോഡ് ടാക്സ് ഒന്നിച്ച് അടയ്ക്കണം എന്നതാണു ജനങ്ങളെ പുതിയ വാഹനം വാങ്ങുന്നതിൽനിന്നു പിന്നോട്ടടുപ്പിക്കുന്നത്.


പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികൾ നിരത്തിലിറക്കാൻ കഴിയാതെ വരുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ പോലും കേരളത്തിൽ താളം തെറ്റും. നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ കഴിയാതെ സംസ്‌ഥാനം വലിയ തിരിച്ചടി നേരിടുമെന്നു ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കോ–ഓർഡിനേഷൻ സംസ്‌ഥാന പ്രസിഡന്റ് കെ.കെ. ഹംസ പറഞ്ഞു.

പഴയ ലോറി ഇരുമ്പ് വിലയ്ക്കു വിൽക്കുന്നവർ പുതിയ ലോറി വാങ്ങാനുള്ള സാധ്യത കുറവാണെന്നും അതിനാൽ മേഖലയിലെ തൊഴിലാളികൾക്കു ജോലി നഷ്‌ടമാകുമെന്നും ഹംസ പറയുന്നു. കെഎസ്ആർടിസിയുടെ കാര്യത്തിലും സ്‌ഥിതി വ്യത്യസ്തമല്ല. 2000ത്തിലധികം കെഎസ്ആർടിസി ബസുകൾ പത്തു വർഷത്തിന് മുകളിൽ പഴക്കം ചെന്നതാണെന്ന് കെഎസ്ആർടിസി തൊഴിലാളികൾ സമ്മതിക്കുന്നു. ഉത്തരവ് നടപ്പിൽ വരുന്നതോടെ തങ്ങളുടെ തൊഴിൽ നഷ്‌ടമാകുമെന്ന ആശങ്കയിലാണു കെഎസ്ആർടിസി ജീവനക്കാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.