നെൽവയൽ നികത്തുന്നതിനെതിരേ നടപടി: വി.എസ്. സുനിൽകുമാർ
നെൽവയൽ നികത്തുന്നതിനെതിരേ നടപടി: വി.എസ്. സുനിൽകുമാർ
Saturday, May 28, 2016 11:21 AM IST
തിരുവനന്തപുരം: നിലവിലുള്ള നെൽവയലുകൾ കാർഷികേതര ആവശ്യങ്ങൾക്കായി നികത്തുന്നതിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. പിആർ ചേംബറിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെൽവയൽ സംരക്ഷണത്തിന്റെ ഭാഗമായി ആറു മാസത്തിനകം ഡാറ്റാ ബാങ്ക് തയാറാക്കി പ്രസിദ്ധീകരിക്കും. 2008–നു മുമ്പുള്ള സാറ്റലൈറ്റ് റിപ്പോർട്ടും സർവേയും ഇതിനായി ഉപയോഗിക്കും.

റബർ കർഷകർക്ക് സർക്കാർ തീരുമാനിച്ച സഹായം എത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ മന്ത്രിസഭ തീരുമാനിക്കും. തരിശിട്ടിരിക്കുന്ന നെൽവയലുകളിൽ കൃഷിയിറക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ഒരു തവണ കൃഷിയിറക്കുന്ന വയലുകളിൽ രണ്ടോ മൂന്നോ തവണ കൃഷിയിറക്കാൻ നടപടി സ്വീകരിക്കും. കരനെൽ കൃഷി വ്യാപിപ്പിക്കും. 2500 ഹെക്ടറിൽ സർക്കാർ കരനെൽ കൃഷി ചെയ്യും.പച്ചത്തേങ്ങ സംഭരിച്ചതിനുള്ള 48 കോടി രൂപ കുടിശികയിൽ 11 കോടി രൂപ ഉടൻ നൽകും. പച്ചക്കറിയിൽ വിഷാംശം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനാ സംവിധാനം കൂടുതൽ സ്‌ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. ജൈവ പച്ചക്കറി ഉത്പാദനം വിപുലീകരിക്കാൻ നടപടി സ്വീകരിക്കാനായി ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും ലഭ്യത ഉറപ്പുവരുത്തും.


നീരയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കും. എല്ലാ ജില്ലകളിലും അഗ്രി ഷോപ്പുകൾ ആരംഭിക്കും. പ്രകൃതിക്ഷോഭമുണ്ടായാൽ 24 മണിക്കൂറിനകം സർക്കാരിന് റിപ്പോർട്ട് നൽകാനും 48 മണിക്കൂറിനകം കർഷകർക്കു നഷ്‌ടപരിഹാരം ലഭ്യമാക്കാനും സംവിധാനം ഒരുക്കും. തൃശൂർ– പൊന്നാനി കോൾപ്പാടം വികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും.

സംസ്‌ഥാനത്ത് ആരംഭിച്ച പോളിഹൗസുകളുടെ പ്രവർത്തനം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.