സിപിഎമ്മിന്റെ അക്രമത്തിനുമുമ്പിൽ മുട്ടുമടക്കില്ല: കുമ്മനം രാജശേഖരൻ
സിപിഎമ്മിന്റെ അക്രമത്തിനുമുമ്പിൽ മുട്ടുമടക്കില്ല: കുമ്മനം രാജശേഖരൻ
Monday, May 23, 2016 1:23 PM IST
തൃശൂർ: സിപിഎമ്മിന്റെ അക്രമത്തിനുമുമ്പിൽ മുട്ടുമടക്കില്ലെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ചോരക്കളി സിപിഎം അവസാനിപ്പിച്ചില്ലെങ്കിൽ ഏതറ്റംവരെ പോകാനും തയാറാണെന്നും ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ കുമ്മനം പറഞ്ഞു.

കേരളത്തിലെ അക്രമം സംബന്ധിച്ച് രാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. സിപിഎം തെറ്റുസമ്മതിക്കാൻ തയാറാകണം. പിണറായിയിൽ ബോംബ് സ്ഫോടനത്തിലാണ് ഒരാൾ മരിച്ചതെന്നു പറയുന്നതു കെട്ടുകഥയാണ്. അവിടെ ലോറി കയറിയാണ് പ്രവർത്തകൻ മരിച്ചത്. സിപിഎമ്മിനു ജനിതക തകരാറുള്ളതിനാലാണ് അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത്. ആശയപരമായ ജീർണത സംഭവിച്ച പാർട്ടിയായി സിപിഎം മാറി. സംഘർഷ മേഖലകളിലെല്ലാം സന്ദർശനം നടത്തുകയാണെന്നും കുമ്മനം വ്യക്‌തമാക്കി.

സിപിഎം – ബിജെപി സംഘർഷ മേഖല ഒന്നിച്ചു സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടാൻ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ധൈര്യമുണ്ടോ എന്നും കുമ്മനം ചോദിച്ചു. അക്രമ പ്രവർത്തനങ്ങൾക്കെതിരേ ബിഡിജെഎസ്, ജെഎസ്എസ് തുടങ്ങിയ കക്ഷികളുമായി ചേർന്നു ജനമുന്നേറ്റമുണ്ടാക്കും.


ബിജെപി – ബിഡിജെഎസ് സഖ്യത്തിനു കോൺഗ്രസ് വോട്ടുകൾ കിട്ടിയതു സിപിഎമ്മിനു ഗുണമായല്ലോയെന്ന ചോദ്യത്തിന്, തങ്ങൾക്ക് ആരുടെ വോട്ടുകളാണ് കിട്ടിയതെന്നു പറയാൻ കഴിയില്ലെന്നായിരുന്നു മറുപടി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകൾ തങ്ങൾക്കു കിട്ടിയിട്ടുണ്ട്. എൽഡിഎഫും യുഡിഎഫും തങ്ങളുടെ മുഖ്യശത്രുക്കളാണ്. തന്നെവ രെ വട്ടിയൂർക്കാവിൽ ഒറ്റിയവരാണ് ഇരുമുന്നണികളും.

പാലക്കാട് ബിജെപി സ്‌ഥാനാർഥിക്കെതിരേ പാർട്ടി പ്രവർത്തകർ പ്രവർത്തിച്ചതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അത്തരത്തിൽ ഒരു പരാതിയും ലഭിച്ചില്ലെന്നും കുമ്മനം പറഞ്ഞു.

ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ബി. ഗോപാലകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.