ബജറ്റ് പ്രസംഗത്തില്‍ മാണിക്ക് അഭിനന്ദനം
Saturday, February 13, 2016 12:50 AM IST
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്ക് അഭിനന്ദനം. മാണി സ്വീകരിച്ച വികസനസമീപനം കേരളത്തിന്റെ പുരോഗതിക്ക് ഏറെ സഹായകരമായതായി ഉമ്മന്‍ ചാണ്ടി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 13 ബജറ്റുകളാണ് കെ.എം. മാണി അവതരിപ്പിച്ചത്.

സംസ്ഥാനത്തെ കൊള്ളയടിച്ച അന്യ സംസ്ഥാന ഭാഗ്യക്കുറിയെ തളയ്ക്കാന്‍ മാണിക്കു കഴിഞ്ഞു. ഭാഗ്യക്കുറി വരുമാനം നിസഹായര്‍ക്കും നിരാശ്രയര്‍ക്കും പ്രയോജനപ്പെടുത്തി. കാരുണ്യ ബനവലന്റ് ഫണ്ട് മാണിയുടെ ഭാവനാപൂര്‍ണമായ സമീപനത്തിന്റെ ഉദാഹരണമാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസനപദ്ധതികള്‍ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോയത് മാണിയുടെ മിടുക്കാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മാണിയുടെ പാലായെ ഉമ്മന്‍ ചാണ്ടി കൈയയച്ച് സഹായിച്ചു. പാലാ- ഏറ്റുമാനൂര്‍ റോഡ് നാലുവരിയാക്കാന്‍ 20 കോടി, ശബരിമല-പാലാ-കളമശേരി റോഡിന് 25 കോടി, മുത്തോലി-ഭരണങ്ങാനം റോഡിന് 5 കോടി, പാലാ-ഇന്‍ഫോസിറ്റിക്ക് 25 കോടി, ഐഐഐടിക്ക് അഞ്ചു കോടി, ജനറല്‍ ആശുപത്രിക്ക് 9.75 കോടി രൂപ എന്നിവയാണ് പ്രധാന പദ്ധതികള്‍. പാലാ മന്നം പഠനകേന്ദ്രത്തിനും നല്‍കി 25 ലക്ഷം രൂപ.

റബര്‍ വിലയിടിവ് തടയാന്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി അനുവദിച്ചു. റബറിന് 500 കോടി അനുവദിക്കണമെന്ന് ജോസ് കെ. മാണി നിരാഹാരം കിടന്നപ്പോള്‍ ആവശ്യപ്പെട്ടത് ഇക്കുറി ബജറ്റില്‍ അനുവദിക്കുകയായിരുന്നു.



രണ്ടു മണിക്കൂര്‍ 54 മിനിറ്റ് ! ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം റിക്കാര്‍ഡ് കുറിച്ചു

തിരുവനന്തപുരം: മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ അവതരിപ്പിച്ചത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ്. കെ.എം. മാണി 2013ല്‍ നടത്തിയ ബജറ്റ് പ്രസംഗത്തെയാണ് ഉമ്മന്‍ ചാണ്ടി മറികടന്നത്. ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ് പ്രസംഗം സംസ്ഥാനത്തെ അറുപത്തിയാറാമത്തെ ബജറ്റായിരുന്നു. പ്രസംഗം രണ്ടു മണിക്കൂര്‍ 54 മിനിറ്റ് നീണ്ടു. 2013ല്‍ കെ.എം. മാണി നടത്തിയ രണ്ടു മണിക്കൂര്‍ 50 മിനിറ്റ് ബജറ്റ് പ്രസംഗത്തിന്റെ റിക്കാര്‍ഡ് ആണ് ഉമ്മന്‍ ചാണ്ടി തിരുത്തിയത്. വെള്ളം പോലും കുടിക്കാതെയായിരുന്നു മൂന്നു മണിക്കൂറോളം നീണ്ട പ്രസംഗം.

സാംസ്കാരിക സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം സംബന്ധിച്ച നാലു പേജ് വായിക്കാതെയാണ് പ്രസംഗം ഇത്രയും നീണ്ടത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും ഇത്തവണ ദൈര്‍ഘ്യമേറിയ പ്രസംഗത്തിന്റെ റിക്കാര്‍ഡ് കുറിച്ചിരുന്നു.


കലാമിനെ ഉദ്ധരിച്ച്, വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് ബജറ്റ് പ്രസംഗം

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ടാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസന സ്വപ്നങ്ങള്‍ പങ്കുവച്ചത്. നമ്മള്‍ ഓരോരുത്തരും പിറന്നിട്ടുള്ളതു ദൈവം പകര്‍ന്നുതന്ന ദിവ്യമായ അഗ്നിയുമായാണ്. ഉള്ളിലെ ഈ അഗ്നിക്ക് ചിറകുകള്‍ നല്‍കി നന്മയുടെ പ്രകാശം ലോകം മുഴുവന്‍ നിറയ്ക്കാനാകട്ടെ നമ്മുടെ പ്രയത്നങ്ങള്‍. കേരളത്തിന്റെ വികസനത്തെപ്പറ്റിയുള്ള തങ്ങളുടെ സ്വപ്നത്തെ കലാമിന്റെ ഈ വാക്കുകള്‍ കൊണ്ടാണ് മുഖ്യമന്ത്രി വരച്ചുകാട്ടിയത്.

കേരളത്തെ വളര്‍ച്ചയുടെയും പ്രശസ്തിയുടെയും പുതിയ വിതാനങ്ങളില്‍ എത്തിക്കുന്നതിനു സുവ്യക്തമായ കാഴ്ചപ്പാടും കര്‍മപദ്ധതിയും ഞങ്ങള്‍ക്കുണ്ട്. ഇത് എത്രയും വേഗം സാക്ഷാത്കരിക്കപ്പെടണമെന്നു തീവ്രമായ ആഗ്രഹവും ഞങ്ങള്‍ക്കുണ്ട്. വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാന്‍ കഴിയില്ല.

പ്രതിപക്ഷത്തിനു നേരെ പരോക്ഷ വിമര്‍ശനവും പ്രസംഗത്തിലുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം പിന്നീട് പശ്ചാത്തപിക്കുന്ന പ്രവര്‍ത്തനശൈലിയല്ല കേരളത്തിന് ആവശ്യം. വികസനത്തില്‍ രാഷ്ട്രീയ കാഴ്ചപ്പാട് ഇല്ലാതെ എല്ലാവരെയും സഹകരിപ്പിക്കാന്‍ സര്‍ക്കാര്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. വികസനത്തോടു മുഖം തിരിച്ചും സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും വ്യക്തിഹത്യ നടത്തിയും വികസനത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്കു കാലം മാപ്പുനല്‍കില്ല. കേരളത്തിന് ആവശ്യം വികസനമാണ്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം വര്‍ധിപ്പിച്ച ധനകാര്യ കമ്മീഷന്‍ അവാര്‍ഡിനെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ കേന്ദ്ര നയങ്ങളെ ബജറ്റില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കി വന്നിരുന്ന ഒട്ടേറെ വികസന പദ്ധതികള്‍ പിന്‍വലിച്ചതായും പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.