ഐഒസി : ചര്‍ച്ച പരാജയം; തിങ്കള്‍ മുതല്‍ സമരം
Saturday, February 6, 2016 12:44 AM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ ഇന്‍ഡേന്‍ പാചകവാതക ബോട്ടിലിംഗ് പ്ളാന്റിലെ കരാര്‍ തൊഴിലാളികള്‍ വേതനവര്‍ധനയ്ക്കായി ഒരാഴ്ചയായി നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ ഇന്നലെ റീജണല്‍ ലേബര്‍ കമ്മീഷണര്‍ റാണി അപരാജിത ശ്രീറാമിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച വിജയിച്ചില്ല. തിങ്കളാഴ്ച അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇന്നു രാവിലെ 6.30ന് പ്ളാന്റ് മാനേജര്‍ സി.എന്‍. പിള്ളയുമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതില്‍ അനുകൂല തീരുമാനമുണ്ടായാല്‍ സമരം പിന്‍വലിച്ചേക്കുമെന്നും നേതാക്കള്‍ പറഞ്ഞു.


പ്ളാന്റിലെ സമരം മൂലം പാചകവാതക ക്ഷാമം രൂക്ഷമായിരിക്കുകയാണ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ഭാഗങ്ങളിലേക്കുള്ള പാചകവാതക വിതരണം പ്രധാന മായും ഉദയംപേരൂരിലെ പ്ളാന്റ് കേന്ദ്രീകരിച്ചാണ്. 150 ലോഡാണ് ഒരു ദിവസം ഉദയംപേരൂര്‍ പ്ളാന്റില്‍നിന്നു പോകുന്നത്. സമരം ആരംഭിച്ച ശേഷം ഇതു പകുതിയായി ചുരുങ്ങി. തിങ്കളാഴ്ച മുതല്‍ വിതരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്നു യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.