മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ബാലപീഡനങ്ങളുടെ മൂന്നിരട്ടിയായി
Saturday, November 28, 2015 1:00 AM IST
സ്വന്തം ലേഖകന്‍

പത്തനംതിട്ട: സംസ്ഥാനത്ത് കുട്ടികള്‍ക്കുനേരേയുള്ള പീഡനങ്ങള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയായതായി ചൈല്‍ഡ് ലൈന്‍ കണക്കുകള്‍.

സംസ്ഥാന ബാലവകാശ കമ്മീഷന്റെയും ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൌണ്േടഷന്റെയും ആഭിമുഖ്യത്തില്‍ ബാലവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രചാരണം നടത്തുന്ന ചൈല്‍ഡ് റൈറ്റ്സ് എക്സ്പ്രസിന്റെ യാത്രയില്‍ പുറത്തുവിട്ട കണക്കുകളിലാണു ബാലപീഡനങ്ങളിലെ കണക്കുകളിലെ വര്‍ധന പ്രകടമാകുന്നത്. ചൈല്‍ഡ് ലൈന്‍ മുഖേന മാത്രം റിപ്പോര്‍ട്ടു ചെയ്ത കേസുകളാണ് ഇവയെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ മാര്‍ച്ച് 31വരെ സംസ്ഥാനത്ത് 5558 ബാലപീഡനക്കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. കുട്ടികള്‍ക്കെതിരേയുള്ള ശാരീരികാതിക്രമം, ബാലവിവാഹം, ബാലവേല, ബാലഭിക്ഷാടനം, സ്കൂളുകളിലും മറ്റും നേരിടേണ്ടിവരുന്ന ശിക്ഷകള്‍, കുട്ടികള്‍ക്കുനേരേയുണ്ടാകുന്ന ഇതര അതിക്രമങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ചൈല്‍ഡ് ലൈന്‍ മുഖേന പോലീസിലേക്കു റഫര്‍ ചെയ്ത കേസുകളാണിവ. 2013 - 14ല്‍ 3757, 2012 - 13ല്‍ 1819 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജില്ല തിരിച്ചുള്ള കണക്കുകളില്‍ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള നിയമലംഘനങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്. 576 കേസുകളാണ് മാര്‍ച്ച് വരെ മലപ്പുറത്തുണ്ടായത്. രണ്ടാംസ്ഥാനം വയനാടിനാണ് 552 കേസുകള്‍. 526 കേസുകളുമായി തിരുവനന്തപുരം തൊട്ടുപിന്നിലുണ്ട്. 171 കേസുകള്‍ മാത്രം റിപ്പോര്‍ട്ടു ചെയ്ത കാസര്‍ഗോഡാണ് ഏറ്റവും പിന്നില്‍.

കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് ശാരീരിക പീഡനങ്ങള്‍ ഏറ്റവുംകൂടുതലുണ്ടായതു കോട്ടയം ജില്ലയിലാണ്. 275 കേസുകളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കോട്ടയത്തുണ്ടായിട്ടുള്ളത്. 245 കേസുകളുമായി വയനാടും 238 കേസുകളുമായി കൊല്ലവും തൊട്ടുപിന്നാലെയുണ്ട്.

തിരുവനന്തപുരത്ത് 161 ഉം പത്തനംതിട്ടയില്‍ 144 ഉം ആലപ്പുഴയില്‍ 120 ഉം ഇടുക്കിയില്‍ 142 ഉം കേസുകളാണ് ഈ കാലയളവില്‍ ശാരീരിക ദുരുപയോഗത്തിന് രജിസ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയിലാണ് 30 കേസുകള്‍ മാത്രമേ ചൈല്‍ഡ് ലൈനിലൂടെ രജിസ്റര്‍ ചെയ്തിട്ടുള്ളൂ. 1776 കേസുകള്‍ സംസ്ഥാന വ്യാപകമായി കുട്ടികള്‍ക്കു നേരെയുള്ള ശാരീരികാതിക്രമങ്ങള്‍ക്കു രജിസ്റര്‍ ചെയ്തിരുന്നു.


ശൈശവ വിവാഹം മലപ്പുറത്താണ് കൂടുതല്‍. 76 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 45 കേസുകള്‍. വയനാട് 36 ശൈശവവിവാഹങ്ങളും ഇടുക്കിയില്‍ 31 ഉം തിരുവനന്തപുരത്ത് 15 ഉം പത്തനംതിട്ടയിലും തൃശൂരും 14 വീതവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാലവിവാഹം ഏറ്റവും കുറവ് നടന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് കാസര്‍ഗോഡാണ്. മൂന്നെണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 265 കേസുകളാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായത്.

ബാലവേലയില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് കാസര്‍ഗോഡാണ് 52 എണ്ണം. 47 കേസുകള്‍ തിരുവനന്തപുരത്തും 44 എണ്ണം മലപ്പുറത്തും 39 കേസുകള്‍ പാലക്കാട്ടും 27 കേസുകള്‍ കൊച്ചിയിലും 14 എണ്ണം കോഴിക്കോട്, കോട്ടയം, ജില്ലകളിലും രജിസ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ 13 കേസുകള്‍ രജിസ്റര്‍ ചെയ്തപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും ഒരു കേസും ഉണ്ടായിട്ടില്ല. 288 കേസുകള്‍ സംസ്ഥാന വ്യാപകമായുണ്ടായി.

ബാല ഭിക്ഷാടനം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് കണ്ണൂരാണ്. 61 കേസുകളാണ് കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തുപുരത്ത് 29 ഉം പത്തനംതിട്ടയില്‍ 22 ഉം ആലപ്പുഴയില്‍ 16 ഉം കൊച്ചയിലും തൃശൂരും 14 വീതവും കോഴിക്കോട്ടും വയനാടും 13 വീതവും കേസുകള്‍ ചൈന്‍ഡ്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 192 കേസുകള്‍ ആകെ റിപ്പോര്‍ട്ടു ചെയ്തു.

ബാലലൈംഗിക ദുരുപയോഗത്തിന് 152 കേസുകളാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 103 കേസുകള്‍ തിരുവനന്തപുരം ജില്ലയിലുണ്ട്. മൊത്തെ 924 കേസുകളാണ് 14 ജില്ലകളില്‍ നിന്നുമായി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്റെ പേരിലുണ്ടായത്. സ്കൂളുകളിലും വീടുകളിലും കുട്ടികള്‍ക്കുനേരെയുണ്ടായ ഇതര പീഡനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് 242 കേസുകള്‍ ഇക്കാലയളവില്‍ രജിസ്റര്‍ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.