ഞള്ളാനി സെബാസ്റ്യന്റെ മരണം: പോസ്റ്മോര്‍ട്ടത്തിനു നടപടി
Sunday, October 11, 2015 12:38 AM IST
കട്ടപ്പന: ഞള്ളാനി ഏലച്ചെടി കണ്ടുപിടിച്ച പ്രശസ്ത കര്‍ഷകന്‍ കട്ടപ്പന സ്വദേശി ഞള്ളാനി സെബാസ്റ്യന്റെ (കൊച്ചേപ്പ്-75) മരണം കൊലപാതകമാണെന്ന ആരോപണത്തെത്തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റുമോര്‍ട്ടം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു.

മരണത്തില്‍ ദുരൂഹത ആരോപിച്ചു സെബാസ്റ്യന്റെ ഇളയ മകന്‍ റോയി ഉള്‍പ്പെടെയുള്ളവര്‍ രൂപീകരിച്ച ആക്്ഷന്‍ കൌണ്‍സിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. നാലര വര്‍ഷം മുമ്പു മരിച്ച സെബാസ്റ്യന്റെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയില്‍നിന്ന് പുറത്തെടുക്കാന്‍ അനുമതി ആവശ്യപ്പെട്ടു കേസ് അന്വേഷിക്കുന്ന കട്ടപ്പന സിഐ ബി ഹരികുമാര്‍ ആര്‍ഡിഒയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു.

2011 ഫെബ്രുവരി 14-നാണു തനിയെ താമസിച്ചിരുന്ന സെബാസ്റ്യനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മറ്റൊരു മകനായ റെജി ഞള്ളാനിയാണ് മരണവിവരം പുറത്തറിയിച്ചത്. തലേന്ന് പുറ്റടി സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കെ.കെ ജയചന്ദ്രന്‍ എംഎല്‍എയില്‍നിന്നു സ്പൈസസ് ബോര്‍ഡിന്റെ എട്ടുലക്ഷം രൂപയുടെ അവാര്‍ഡ് സെബാസ്റ്യന്‍ ഏറ്റുവാങ്ങിയിരുന്നു. ഏലം കൃഷിക്ക് സെബാസ്റ്യന്‍ നല്‍കിയ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. 1987-ല്‍ അത്യുല്‍പാദനശേഷിയുള്ള പുതിയ ഇനം ഏലം സെബാസ്റ്യന്‍ കണ്െടത്തിയിരുന്നു. ഇതാണ് ഞള്ളാനി എന്ന പേരില്‍ അറിയപ്പെടുന്ന ഏലച്ചെടി.

ഞള്ളാനി ഏലച്ചെടിയുടെ കണ്ടുപിടുത്തം സംബന്ധിച്ചും പേറ്റന്റ് സംബന്ധിച്ചും കുടുംബത്തില്‍ തര്‍ക്കം ഉണ്ടായിരുന്നത്രേ. താനാണ് കണ്ടുപിടിച്ചതെന്നും സെബാസ്റ്യനും മറ്റ് കുടുംബാംഗങ്ങളും സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മകന്‍ റെജി അവകാശപ്പെട്ടിരുന്നു. അവാര്‍ഡ് തുകയുടെ ചെക്ക് കൈപ്പറ്റാന്‍ റെജിയാണ് സെബാസ്റ്യനൊപ്പം പുറ്റടിയില്‍ പോയിരുന്നത്.


തിരിച്ചെത്തിയ ഇരുവരും കട്ടപ്പനയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അവാര്‍ഡ് തുക സംബന്ധിച്ചു തര്‍ക്കമുണ്ടായെന്നു ആക്്ഷന്‍ കൌണ്‍സിലിന്റെ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ ഏറണാകുളം റേഞ്ച് ഐജി നിയോഗിച്ച ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.എന്‍. സജി കണ്െടത്തിയിരുന്നു. റെജിയുടെ മൊഴിയിലെ പൊരുത്തക്കേടുകളും സെബാസ്റ്യന്‍ മരിച്ചുകിടക്കുന്ന ഫോട്ടോയും പരിശോധിച്ച ഡിവൈഎസ്പി മരണത്തില്‍ ദുരൂഹതയുണ്െടന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്നു കട്ടപ്പന പോലീസ് കേസ് രജസ്റര്‍ ചെയ്തു. കേസ് അന്വേഷിക്കാന്‍ കട്ടപ്പന സിഐയെ ഇടുക്കി ജില്ലാ പോലിസ് മേധാവി കെ.വി ജോസഫ് നിയോഗിക്കുകയായിരുന്നു.

സെബാസ്റ്യന്റെ നാല് ആണ്‍മക്കളും സമീപ പ്രദേശങ്ങളില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. ഇവരില്‍ റോയിക്കൊപ്പമായിരുന്നു സെബാസ്റ്യന്റെ ഭാര്യ. അവാര്‍്ഡ് ലഭിച്ച ദിവസം രാത്രി സെബാസ്റ്യനെ വീട്ടിലെത്തിച്ചത് റെജിയായിരുന്നു. പിറ്റേന്നു രാവിലെ വീണ്ടുമെത്തിയ റെജിയാണ് മരണവിവരം മറ്റുള്ളവരെ അറിയിച്ചത്. നിലത്തുവീണുകിടക്കുന്ന നിലയിലാണ് സെബാസ്റ്യന്റെ മൃതദേഹം കണ്ടതെന്നാണ് ആക്്ഷന്‍ കൌണ്‍സിലിന്റെ പരാതിയില്‍ പറയുന്നത്. നാക്ക് കടിച്ച നിലയിലായിരുന്നു. വീടിനുള്ളിലെ ലാന്‍ഡ് ഫോണ്‍ റിസീവര്‍ തൂങ്ങിക്കിടക്കുകയുമായിരുന്നു. എന്നാല്‍ കട്ടിലിലാണ് മൃതദേഹം കണ്ടതെന്നു റെജി മൊഴി നല്‍കി. മരണസമയത്ത് ആര്‍ക്കും പരാതിയില്ലാതിരുന്നതിനാല്‍ സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതദേഹം സംസ്കരിച്ചത്.

പിന്നീട് മരിച്ച സെബാസ്റ്യന്റെ ഭാര്യയെയും കുടുംബക്കല്ലറയിലാണ് സംസ്കരിച്ചത്. എന്നാല്‍ ആ സമയം സെബാസ്റ്യന്റെ മൃതദേഹാവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടില്ലെന്നു പോലീസ് സ്ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.