വളാഞ്ചേരി കൊലപാതകം: കുടുംബസുഹൃത്ത് അറസ്റില്‍
വളാഞ്ചേരി കൊലപാതകം: കുടുംബസുഹൃത്ത് അറസ്റില്‍
Sunday, October 11, 2015 12:36 AM IST
വളാഞ്ചേരി: പാചകവാതക ഏജന്‍സി ഉടമ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ കുടുംബസുഹൃത്ത് അറസ്റില്‍. വളാഞ്ചേരി വെണ്ടല്ലൂരില്‍ താമസിക്കുന്ന എറണാകുളം എളമക്കര കുറ്റിക്കാട്ട് വൈഷ്ണവത്തില്‍ വിനോദ്കുമാര്‍ (54) കൊല്ലപ്പെട്ട കേസിലാണ് എറണാകുളം എളമക്കര നമ്പറത്ത് വീട്ടില്‍ മുഹമ്മദ് യൂസഫ് (51)നെ കൊച്ചിയില്‍വച്ചു വളാഞ്ചേരി പോലീസ് അറസ്റ്ചെയ്തത്.

കൊല്ലപ്പെട്ടയാളുടെ സ്വഭാവദൂഷ്യവും ഇയാളുടെ സ്വത്തുക്കള്‍ മറ്റു ചില സ്ത്രീകള്‍ തട്ടിയെടുക്കുമെന്ന ആശങ്കയും കാരണം വിനോദ്കുമാറിന്റെ ഭാര്യ ജ്യോതിയാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു തെളിഞ്ഞു. കഴുത്തിനു മുറിവേറ്റ ജ്യോതിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണു സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ വലയിലാക്കാന്‍ സഹായകമായത്. വ്യാഴാഴ്ച രാത്രി 11 ഒടെയാണു കൊലപാതകം നടത്തിയതെന്നു തെളിഞ്ഞിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്ന തിരൂര്‍ ഡിവൈഎസ്പി വളാഞ്ചേരിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണു കാര്യങ്ങള്‍ വിശദീകരിച്ചത്. പോലീസ് പറയുന്നത് ഇങ്ങനെ: ഇറ്റലി പൌരത്വമുള്ള ജ്യോതി അവിടെ നഴ്സ് ആയിരുന്നു. 1990ല്‍ വിനോദ്കുമാര്‍ ജ്യോതിയെ പ്രണയിച്ചു കൂടെ കൊണ്ടുവന്നു. എന്നാല്‍, ഇവര്‍ രേഖാമൂലം ദമ്പതികളുമല്ല. ജ്യോതിക്കു എറണാകുളത്തു സ്വന്തമായി ഏഴു ഫ്ളാറ്റുകളുണ്ട്. ഇതില്‍ ഒരു ഫ്ളാറ്റിലെ താമസക്കാരനാണു കൊലപാതകം നടത്തിയ മുഹമ്മദ് യൂസഫ്. കൊലപാതകം നടത്തിയാല്‍ ഒരു ഫ്ളാറ്റ് നല്‍കാമെന്നും ജ്യോതി വാഗ്ദാനം ചെയ്തിരുന്നു. ജ്യോതിയാണ് കൊലപാതകം പൂര്‍ണമായും ആസൂത്രണം ചെയ്തത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു വിനോദ്കുമാറിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെങ്കിലും അന്നു പരാജയപ്പെടുകയായിരുന്നു.

ഇപ്പോള്‍ കൃത്യം നടത്തിയ യൂസഫിനെ ഉപയോഗിച്ചുതന്നെയാണ് അന്നും വിനോദ്കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിനോദ് കുമാര്‍ എറണാകുളത്തും ഗുരുവായൂരിലുമായി വിവിധ ഫ്ളാറ്റുകളില്‍ സ്ത്രീകളെ കൊണ്ടുവന്നു താമസിപ്പിക്കാറുണ്ട്. ഇക്കാര്യം ജ്യോതിയുടെ ഫ്ളാറ്റിലെ താമസക്കാരനായ യൂസഫ് ജ്യോതിയെ ഇടക്കിടെ അറിയിക്കാറുമുണ്ട്. കുണ്ടറ സ്വദേശിയായ 26കാരിയെ ഗുരുവായൂരിലെ ഒരു ഫ്ളാറ്റില്‍ കുറച്ചുകാലമായി താമസിപ്പിക്കുന്നുണ്ട്. ഒരു കുട്ടിയുള്ള ഈ യുവതി ഇപ്പോള്‍ ഗര്‍ഭിണിയുമാണ്. നിയമപ്രകാരം ഈ യുവതിയെ വിനോദ്കുമാര്‍ വിവാഹം കഴിച്ചതാണ്. ഈ വിവരം അറിഞ്ഞതുമുതല്‍ ജ്യോതി വിനോദ്കുമാറിനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു.

വ്യാഴാഴ്ച രാത്രി പത്തരയോടെ വളാഞ്ചേരിയില്‍ ബസ് മാര്‍ഗം എത്തിയ യൂസഫിനെ ജ്യോതി വിനോദ്കുമാറിന്റെ ഇന്നോവ കാറിലെത്തി വണ്ടല്ലൂരിലെ താമസസ്ഥലത്ത് എത്തിച്ചു. ഈ സമയം വിനോദ്കുമാര്‍ ഗ്യാസ് ഏജന്‍സിയിലായിരുന്നു. വീടിനു മുകളിലെ മുറിയില്‍ ജ്യോതി യൂസഫിനെ ഒളിപ്പിച്ചു. രാത്രി പത്തരയോടെ എത്തിയ വിനോദ്കുമാര്‍ കുളികഴിഞ്ഞു ഭക്ഷണവും കഴിച്ചു പതിവുപോലെ ഉറങ്ങാന്‍ കിടന്നു. ഈ സമയം ജ്യോതിയും മുറിയിലുണ്ടായിരുന്നു.

ഒന്നര മണക്കൂറിനു ശേഷം കതക് തുറന്നു പുറത്തുകടന്ന ജ്യോതി യൂസഫിനെകൂട്ടി വിനോദ് കുമാറിന്റെ കിടപ്പുമുറിയിലെത്തി. ജ്യോതി നല്‍കിയ വെട്ടുകത്തി ഉപയോഗിച്ചു വിനോദിനെ വെട്ടുകയായിരുന്നു. ശേഷം പുറത്തുവന്നു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മുറിക്കകത്തുനിന്നു സംസാരം കേട്ടു. കതക് തുറന്നപ്പോള്‍ വിനോദ് കുമാര്‍ പാതി ജീവനില്‍ തന്റെ മൊബൈല്‍ ഫോണില്‍നിന്നു ഗ്യാസ് ഏജന്‍സിയുടെ അസിസ്റന്റ് മാനേജരെ വിളിക്കുകയായിരുന്നു. ഇതോടെ അകത്തു കടന്ന യൂസഫ് പൊതിരെ 26 തവണ വെട്ടുകയും കുത്തുകയും ചെയ്തു. ജ്യോതിയും യൂസഫും മരണം ഉറപ്പിച്ച ശേഷമാണു പുറത്തിറങ്ങിയത്. കൈയില്‍ കരുതിയിരുന്ന ബ്ളേഡ് വിനോദ്കുമാറിന്റെ കൈയില്‍ നല്‍കി ജ്യോതിയുടെ കഴുത്തിലും കൈയിലും മുറിവേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു വിനോദ്കുമാറിനെ കൊലപ്പെടുത്തിയതിനു പാരിതോഷികമായി മൂന്നു ലക്ഷം രൂപയും ഇന്നോവ കാറും ജ്യോതി യൂസഫിനു കൈമാറി. ജ്യോതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കാനായി യൂസഫിനെ ഏല്‍പ്പിച്ചിരുന്നു. ജ്യോതിയുടെയും യൂസഫിന്റെയും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കേസിനു പെട്ടെന്ന് തുമ്പുണ്ടാക്കാന്‍ സഹായകമായത്.


യൂസഫ് തന്റെ സ്വഭാവദൂഷ്യങ്ങള്‍ ജ്യോതിയോട് ഇടയ്ക്കിടെ പറഞ്ഞിരുന്നത് അറിഞ്ഞതോടെ വിനോദ്കുമാറുമായി പലവട്ടം വാ ഗ്വാദം നടന്നിരുന്നു. തന്റെ 30 പവന്‍ സ്വര്‍ണവും പണവും യൂസഫ് മോഷണം നടത്തിയതായി ചൂണ്ടിക്കാട്ടി വിനോദ്കുമാര്‍ പോലീസില്‍ പാരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യവും ജ്യോതിയുടെ ആസൂത്രണവും കൂടിയായപ്പോള്‍ കൊലപാതകം പെട്ടെന്നു നടത്തിയെന്നാണു പോലീസ് പറയുന്നത്. പ്രതി രക്ഷപ്പെടുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാര്‍ കോഴിക്കോട്ടുനിന്നും മലപ്പുറത്തുനിന്നുമുള്ള ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മുഹമ്മദ് യൂസഫിനെ ചോദ്യംചെയ്യാനായി കാടാമ്പുഴ പൊലീസ് സ്റേഷനില്‍ എത്തിച്ചു കൂടുതല്‍ ചോദ്യം ചെയ്തു. വളാഞ്ചേരി കൊപ്പം റോഡില്‍ ഇന്‍ഡ്യന്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വിനോദ് കുമാര്‍ ഒന്നര വര്‍ഷമായി ഇവര്‍ക്കൊപ്പം വെണ്ടല്ലൂരിലാണു താമസം. ഇവരുടെ മകന്‍ ബാംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. പ്രതിയെ പൊന്നാനി മജസിട്രേറ്റിനു മുന്നില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയുമായി നാളെ തെളിവെടുപ്പ് നടത്തുമെന്നു പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ പങ്കുള്ള പെരിന്തല്‍മണ്ണ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലുള്ള ജ്യോതി പോലീസ് നിരീക്ഷണത്തിലാണ്. ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്കു നാളെയോ മറ്റന്നാളെയോ ജ്യോതിയെ അറസ്റ് ചെയ്തേക്കും. അക്രമിയുടെ ലക്ഷ്യം കവര്‍ച്ചയെന്നായിരുന്നു ജ്യോതിയുടെ ആദ്യമൊഴി. വീട്ടില്‍നിന്നു നഷ്ടപ്പെട്ടെന്നു ജ്യോതി പറഞ്ഞ സ്വര്‍ണാഭരണം പോലീസ് വീട്ടില്‍നിന്നു തന്നെ കണ്െടത്തി. ഇതോടെ പോലീസിനു സംശയമായി. കൈയിലെ മുറിവ് അക്രമി വെട്ടിയതെന്നായിരുന്നു ജ്യോതി പറഞ്ഞത്. എന്നാല്‍, സ്വയം മുറിപ്പെടുത്തിയ പോലെയായിരുന്നതു പോലീസിന്റെ സംശയം കൂട്ടി. ജ്യോതിയുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ പരിശോധന കൂടി കഴിഞ്ഞതോടെ പ്രതിയെ കണ്െടത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണു വിനോദിനെ വെട്ടേറ്റു മരിച്ചനിലയില്‍ വീട്ടില്‍ കണ്െടത്തിയത്. സംഭവം നടന്ന് ഒന്‍പതു മണിക്കൂറിനു ശേഷമാണു കൊലപാതകം പുറംലോകമറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.