രാഷ്ട്രീയപാര്‍ട്ടികളും വിവരാവകാശ നിയമത്തിനു കീഴില്‍ വരണം: തിരുവഞ്ചൂര്‍
രാഷ്ട്രീയപാര്‍ട്ടികളും വിവരാവകാശ നിയമത്തിനു കീഴില്‍ വരണം: തിരുവഞ്ചൂര്‍
Monday, October 5, 2015 12:58 AM IST
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശ നിയമത്തിനു കീഴില്‍ വരണമെന്നാണു തന്റെ നിലപാടെന്നു വനം പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്നു ജനങ്ങളെ അറിയിച്ചാല്‍ തെറ്റുചെയ്യാതിരിക്കാന്‍ പ്രേരകമാകും.

കുറ്റം ചെയ്യാത്തവര്‍ വിവരാവകാശ നിയമത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റ്, ന്യൂഡല്‍ഹി ആസ്ഥാനമായ കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷ്യേറ്റീവ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഏകദിന വിവരാവകാശ വൈജ്ഞാനിക സമ്മേളനവും അസംബ്ളിയും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന നിയമമാണിത്. ജനാധിപത്യത്തില്‍ സുതാര്യത അനിവാര്യമാണ്. നേരിട്ടു ഭരണം നടത്തുന്നവര്‍ മാത്രമല്ല ഭരണത്തെ നിയന്ത്രിക്കുന്നവരും വിവാരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണം. ഈ നിയമത്തിന്റെ പരിധിയില്‍ വരാത്ത ചില വകുപ്പുകള്‍ ഇപ്പോഴുമുണ്ട്. വ്യക്തിപരമായി തനിക്ക് ഇതിനോടു വിയോജിപ്പുണ്ട്. വിവരം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. വോട്ടു ചെയ്തു കഴിഞ്ഞാല്‍ ജനങ്ങളുടെ റോള്‍ ഇല്ലാതാകുന്നു. ഇതു ശരിയല്ലെന്നും ജനങ്ങള്‍ക്കാണു പരമമായ അധികാരമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.നിവേദിത പി. ഹരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും വേണ്ടി നടത്തിയ ഏകദിന സമ്മേളനം ജസ്റീസ് ഡാമാ ശേഷാദ്രി നായിഡു ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലി അധ്യക്ഷതവഹിച്ചു.

ബംഗളൂരു നാഷണല്‍ ലോ സ്കൂള്‍ അസോസിയേറ്റഡ് പ്രഫസര്‍ ഡോ.സായിറാം ഭട്ട് വിവരാവകാശ നിയമം സംബന്ധിച്ചു മുഖ്യപ്രഭാഷണം നടത്തി. ന്യൂഡല്‍ഹി സിഎച്ച്ആര്‍ഐ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വെങ്കടേഷ് നായക്, അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ. ജലീല്‍, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വി.സി. ഇസ്മയില്‍, അഡീഷണല്‍ ഡിജിപിമാരായ ടോം ജോസ് പടിഞ്ഞാറേക്കര, കെ.ഐ. അബ്ദുള്‍ റഷീദ് തുടങ്ങിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.