ഇടിമിന്നല്‍, കടല്‍ക്ഷോഭം: സഹായം നാലു ലക്ഷമാക്കും
ഇടിമിന്നല്‍, കടല്‍ക്ഷോഭം: സഹായം നാലു ലക്ഷമാക്കും
Friday, May 22, 2015 12:12 AM IST
തിരുവനന്തപുരം: ഇടിമിന്നല്‍, കടല്‍ക്ഷോഭ മരണം എന്നിവയ്ക്കുള്ള ധനസഹായം നാലു ലക്ഷം രൂപയാക്കുമെന്നു മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു നല്‍കിയിരുന്ന സഹായം നിലവില്‍ രണ്ടു ലക്ഷം രൂപയാണ്.

നെല്‍ക്കൃഷി നാശത്തിനുള്ള ധനസഹായം ഹെക്ടറിന് 4,500 രൂപയില്‍നിന്ന് 6,800 രൂപയാക്കും. റബര്‍, തെങ്ങ്, കമുക് തുടങ്ങിയ സ്ഥിരവിളകള്‍ക്കുള്ള നാശനഷ്ട സഹായം ഹെക്ടറിന് 12,000 രൂപയില്‍നിന്ന് 18,000 രൂപയായും പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, നദികളുടെ ദിശാമാറ്റം തുടങ്ങിയവമൂലം ഭൂമിക്കുണ്ടാകുന്ന നഷ്ടത്തിനു ഹെക്ടറിന് 25,000 രൂപയായിരുന്നതു ഹെക്ടറിന് 35,000 രൂപയായും ഉയര്‍ത്തും.

വിളനാശത്തിനുള്ള പുനരുദ്ധാരണ സബ്സിഡി കാര്‍ഷിക വിളകള്‍ക്കു ഹെക്ടറിന് 4,500 രൂപയില്‍നിന്ന് 6,800 രൂപയായും ജലസേചന ക്രമീകരണമുള്ള വിളഭൂമിയില്‍ 9,000 രൂപയില്‍നിന്നു 12,500 രൂപയായും കൂട്ടും. പട്ടുനൂല്‍ പുഴു വളര്‍ത്തലിനു നല്‍കിയിരുന്ന നഷ്ടപരിഹാരം 3200 - 4000 രൂപയില്‍നിന്നു ഹെക്ടറിനു 4800- 6000 രൂപയായി കൂട്ടും. പശു, പോത്ത് തുടങ്ങിയ കന്നുകാലികള്‍ക്ക് 16,400 രൂപയും അവയുടെ കിടാങ്ങള്‍ക്ക് 10,000 രൂപയും നഷ്ടപരിഹാരം നല്‍കിയിരുന്നത് യഥാക്രമം 30,000 രൂപയും 16,000 രൂപയുമാക്കും.

കോഴി, താറാവ് തുടങ്ങിയവയുടെ നാശനഷ്ടത്തിനു നല്‍കിയിരുന്ന സഹായം ഒന്നിന് 37 രൂപ പ്രകാരം ഒരു കര്‍ഷകന് പരമാവധി 400 രൂപയായിരുന്നത് 50 രൂപ പ്രകാരം പരമാവധി 5,000 രൂപയാക്കി കൂട്ടും. കരകൌശല നിര്‍മാണ രംഗത്തെ ഉപകരണങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരം 3000 രൂപയില്‍നിന്നു 4,100 രൂപയാക്കും. ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കു നഷ്ട പരിഹാരം 3,800 രൂപയില്‍നിന്നു 5,200 രൂപയായി വര്‍ധിപ്പിക്കും.


പ്രകൃതിക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള കുടിവെള്ള വിതരണത്തിന് 1.5 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. സ്കൂളുകളുടെ കേടുപാടു തീര്‍ക്കുന്നതിനു രണ്ടു ലക്ഷം രൂപവരെ നല്‍കും. പ്രകൃതി ക്ഷോഭത്തില്‍ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് 1300 ഉം1400 രൂപ അനുവദിച്ചിരുന്നതിനു പകരം 1800ഉം 2000 രൂപയായി ഉയര്‍ത്തി.

പ്രകൃതിക്ഷോഭം മൂലം വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു നല്‍കിപ്പോന്ന സഹായം മലയോര മേഖലയില്‍ 75,000 രൂപയും നിരപ്പായ പ്രദേശങ്ങളില്‍ 70,000 രൂപയുമായിരുന്നു. അത് യഥാക്രമം 1,01,500 രൂപയായും 95,000 രൂപയായും കൂട്ടും. ഇതിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ വകയായി 98,500 രൂപവരെ നല്‍കി പരമാവധി രണ്ടുലക്ഷം രൂപവരെ, പൂര്‍ണമായും തകര്‍ന്നതോ താമസ യോഗ്യമല്ലാത്തതോ ആകുന്ന വീടുകള്‍ക്കു നല്‍കും. പ്രകൃതി ദുരന്തത്തില്‍ തകരുന്ന ആംഗന്‍വാടികളുടെ പുനരുദ്ധാരണത്തിനു രണ്ടു ലക്ഷം വരെ നല്‍കും.

കടല്‍ക്ഷോഭം, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയില്‍ മരിക്കുന്നവര്‍ക്കും വീടു നഷ്ടപ്പെടുന്നവര്‍ക്കും സംസ്ഥാനത്ത് പ്രത്യേകമായി അനുവദിക്കാവുന്ന പത്തു ശതമാനം സ്വതന്ത്ര ഫണ്ടില്‍നിന്നു ദുരിതാശ്വാസം നല്‍കാന്‍ നടപടിയുണ്ടാകും.

മണ്‍സൂണ്‍ ഒരുക്കങ്ങള്‍ക്കായി 14 ജില്ലയ്ക്കും ഒരോ കോടി രൂപവീതം അനുവദിച്ചു. ക്രമീകരണം ചെയ്യാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി- മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.