ജലസ്രോതസുകളുടെ സംരക്ഷണം ഇനി പഞ്ചായത്തുകള്‍ക്ക്
ജലസ്രോതസുകളുടെ സംരക്ഷണം ഇനി പഞ്ചായത്തുകള്‍ക്ക്
Tuesday, May 5, 2015 11:34 PM IST
കടുത്തുരുത്തി: അതതു പ്രദേശത്തെ ജലസ്രോതസുകളുടെ സംരക്ഷണച്ചുമതല ഇനി ഗ്രാമപഞ്ചായത്തുകള്‍ക്ക്. ജലസ്രോതസുകളുടെയും പരിസ്ഥിതി വിഭവങ്ങളുടെയും സംരക്ഷണത്തിനു വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും നിലവിലുണ്െടങ്കിലും ഏകോപനമില്ലാത്തതിനാല്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണു പരിസ്ഥിതി വകുപ്പിന്റെ നടപടി. ഇതിനായി പഞ്ചായത്തുകള്‍ക്കു ജൈവവൈവിധ്യ പരിപാലന സമിതികളുടെ സഹായം തേടാം. ജലസ്രോതസുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സമിതികള്‍ അക്കാര്യം ചുമതലപ്പെട്ടവരെ അറിയിക്കണം.

ജലസ്രോതസുകളുടെ സംരക്ഷണകാര്യത്തില്‍ സന്നദ്ധസേവനത്തിനു തയാറുള്ള വിരമിച്ച വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍, സന്നദ്ധരായ മറ്റുള്ളവര്‍ എന്നിവരും പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കായല്‍, നദീതട ഉപദേശക സമിതികള്‍ രൂപവത്കരിക്കണം.

ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയും നദീ മാനേജ്മെന്റ് ഫണ്ട്, നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തിയും സംരക്ഷണം നടപ്പാക്കാം.

ജലാശയങ്ങള്‍ പ്രത്യേകിച്ചു കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്നില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വാട്ടര്‍ അഥോറിറ്റി, ആരോഗ്യവകുപ്പ് എന്നിവ ബന്ധപ്പെട്ട തദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഉറപ്പാക്കണം. വിവിധ ലൈസന്‍സുകളും അനുമതികളും നല്‍കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. ജലാശയങ്ങളിലേക്കു തുറന്നുവച്ചിരിക്കുന്ന കക്കൂസുകള്‍, അഴുക്കുചാലുകള്‍, മറ്റ് മാലിന്യ സ്രോതസുകള്‍ എന്നിവ ഒഴിവാക്കണം.


ശുദ്ധജല വിതരണത്തിനുള്ള പമ്പുഹൌസുകള്‍ക്കു അടുത്തു മാലിന്യം എത്തിച്ചേരുന്നതു പൂര്‍ണമായി തടയണം. ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടികള്‍ വിട്ടുവീഴ്ചയില്ലാതെ ചെയ്യണം. ആശുപത്രികളില്‍നിന്നുള്ള സംസ്കരിച്ച മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കാന്‍ പാടില്ല. ഫാക്ടറികളില്‍നിന്നുള്ള മലിനജലവും മാലിന്യങ്ങളും ജലാശയങ്ങളിലേക്കു തുറന്നുവിടാതെ ശുദ്ധീകരിച്ചു കഴിയുന്നതും ഫാക്ടറി ആവശ്യങ്ങള്‍ക്കായി വീണ്ടും ഉപയോഗിക്കണം.

കൃഷിയിടങ്ങളില്‍ പ്രത്യേകിച്ചു പാടശേഖരങ്ങളില്‍ രാസവളങ്ങളും കീടനാശിനികളും ആവശ്യമായ അളവില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ജലാശയങ്ങള്‍ക്കു തൊട്ടടുത്തുള്ള കൃഷിയിടങ്ങളില്‍ ജൈവകൃഷി നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കണം. പ്രത്യേക സംരക്ഷണം ആവശ്യമുള്ള ജലസ്രോതസുകള്‍ കമ്യൂണിറ്റി റിസര്‍വുകളാക്കി സംരക്ഷിക്കണം. മണല്‍ വാരല്‍ നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.