ഉപയോഗപ്രദമായി ചെലവഴിക്കുന്ന സമ്പത്ത് മനുഷ്യനെ മഹാനാക്കും: ജസ്റീസ് കുര്യന്‍ ജോസഫ്
ഉപയോഗപ്രദമായി ചെലവഴിക്കുന്ന സമ്പത്ത് മനുഷ്യനെ മഹാനാക്കും: ജസ്റീസ് കുര്യന്‍ ജോസഫ്
Sunday, April 19, 2015 11:07 PM IST
സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട: സമ്പാദിച്ചു കൂട്ടുമ്പോഴല്ല, സമ്പത്ത് ഉപയോഗപ്രദമായി വിനിയോഗിക്കുമ്പോഴാണ് ഒരുവന്‍ മഹാനാകുന്നതെന്നു സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപതയുടെ സമഗ്ര കുടുംബക്ഷേമ പദ്ധതിയായ ബ്ളസ് എ ഹോമിന്റെ അഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാണപ്പെടുന്ന സഹോദരനെയും കാണപ്പെടാത്ത ദൈവത്തെയും ഹൃദയത്തില്‍ സൂക്ഷിച്ചു പങ്കുവയ്ക്കുന്ന സ്നേഹമാണ് യഥാര്‍ഥ വിശ്വാസം. അധരങ്ങള്‍ സ്തുതികളോടും കരങ്ങള്‍ കാരുണ്യത്തോടും കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യജീവിതം മഹത്തരമാകുമെന്നു ജസ്റീസ് കൂട്ടിച്ചേര്‍ത്തു.

സ്നേഹത്തിന്റെ പ്രതിഫലനമാണ് ബ്ളസ് എ ഹോം പദ്ധതിയെന്നും ദാരിദ്യ്രത്തിനും പട്ടിണിക്കും രോഗങ്ങള്‍ക്കുമെതിരെ ജാതിമതരാഷ്ട്രീയ ഭേദമെന്യേ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ മുന്നേറ്റമാണ് ഈ സംരംഭമെന്നും അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രസ്താവിച്ചു.

മനുഷ്യന്റെ രണ്ടു കണ്ണുകളില്‍ ഒന്നുകൊണ്ടു മനുഷ്യനെ കാണാനും മറ്റൊന്നുകൊണ്ടു ദൈവത്തെ കാണാനും ആധുനിക തലമുറ തയാറാകണമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ബിഷപ് തോമസ് ചക്യത്ത് ഓര്‍മിപ്പിച്ചു. കാരുണ്യത്തിന്റെ പ്രകടനങ്ങള്‍ക്കു രൂപഭാവങ്ങള്‍ ഏറെയാണെന്നും നിര്‍ധന കുടുംബങ്ങളുടെ സംരക്ഷണത്തിനനായുള്ള പദ്ധതിയിലൂടെ അനേകര്‍ സ്വയം പര്യാപ്തത കൈവരിക്കുന്നുണ്െടന്നും സാത്ന ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ പറഞ്ഞു.

ആയിരിക്കുന്ന അവസ്ഥയില്‍ സത്യത്തിനും നീതിക്കും സാക്ഷ്യം വഹിക്കാനും എല്ലാവരെയും ആദരിക്കാനും സ്നേഹിക്കാനും സഹായിക്കാനും ഓരോ മനുഷ്യനും കടമയുണ്െടന്നു ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പറഞ്ഞു.


ശിവഗിരി ആശ്രമാധിപന്‍ സ്വാമി ധര്‍മവൃദന്‍, കാട്ടുങ്ങച്ചിറ മസ്ജിദ് മൌലവി പി.എന്‍.എ കെബീര്‍ എന്നിവരും സന്ദേശം നല്കി. ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ എംഎല്‍എ മുഖ്യാതിഥിയായ സമ്മേളനത്തില്‍ ഇന്നസെന്റ് എംപി ഗുണഭോക്താക്കളുടെ പ്രതിനിധിക്ക് ഉപഹാരങ്ങള്‍ നല്‍കി. ബി.ഡി. ദേവസി എംഎല്‍എ, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.ഒ. പൈലപ്പന്‍, ഇടവേള ബാബു, ഹോളിഫാമിലി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ രഞ്ജന, രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് ഇരിമ്പന്‍, കത്തീഡ്രല്‍ വികാരി ഫാ. ജോയ് കടമ്പാട്ട്, ഗുണകാംക്ഷി ജോണ്‍സണ്‍ പുന്നേലിപ്പറമ്പില്‍, ജോര്‍ജ് പൊഴോലിപ്പറമ്പില്‍, മേരി ലോനപ്പന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പദ്ധതി പ്രസിഡന്റ് മോണ്‍. ജോസ് പാലാട്ടി, വൈസ് പ്രസിഡന്റ് ജിജി മാമ്പിള്ളി, ഡയറക്ടര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭ്യുദയകാംക്ഷികളും ഗുണകാംക്ഷികളുമായി ആയിരക്കണക്കിനു കുടുംബാംഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റഡീസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാവിരുന്നും ക്രിസ്തുദര്‍ശന്‍ കമ്യൂണിക്കേഷന്റെ ടെലിഫിലിം പ്രദര്‍ശനവുമുണ്ടായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി തെരഞ്ഞെടുക്കപ്പെടുന്ന ആയിരം കുടുംബങ്ങള്‍ക്കു പ്രതിമാസം 1,000 രൂപ വീതം നല്‍കുന്ന ബ്ളസ് എ ഹോം പദ്ധതി രാജ്യത്തിനകത്തും പുറത്തും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരിങ്ങാലക്കുട രൂപത. 32 വര്‍ഷം ഇരിങ്ങാലക്കുട രൂപതയെ നയിച്ച മാര്‍ ജെയിംസ് പഴയാറ്റിലിന്റെ സേവനങ്ങളുടെ സ്മരണകൂടിയാണ് ബ്ളസ് എ ഹോം പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.