അപമാനിക്കാന്‍ ശ്രമിച്ചയാളെ മാധ്യമപ്രവര്‍ത്തക പിടികൂടി പോലീസിലേല്‍പ്പിച്ചു
അപമാനിക്കാന്‍ ശ്രമിച്ചയാളെ മാധ്യമപ്രവര്‍ത്തക പിടികൂടി പോലീസിലേല്‍പ്പിച്ചു
Monday, February 2, 2015 1:16 AM IST
കൊച്ചി: പട്ടാപ്പകല്‍ നടുറോഡില്‍ തന്നെ കടന്നുപിടിച്ച കൊലക്കേസ് പ്രതിയെ മാധ്യമപ്രവര്‍ത്തകയായ യുവതി പിടികൂടി പോലീസിലേല്‍പിച്ചു. കലൂര്‍ ബസ് സ്റാന്‍ഡില്‍ ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. നോര്‍ത്ത് ഭാഗത്തേക്കു നടന്നുപോകുകയായിരുന്ന യുവതിയെയാണു തിരുവനന്തപുരം കടയ്ക്കാവൂര്‍ തെക്കുംഭാഗം റോയ്ഭവനില്‍ റോയ് (വാവച്ചന്‍ -19) കടന്നുപിടിച്ചത്. യുവതി പ്രതികരിച്ചതോടെ റോഡിലൂടെ നടന്നുപോയാല്‍ ഇങ്ങനെയൊക്കെയുണ്ടാകും എന്നുപറഞ്ഞു റോയ് കരണത്തടിച്ചു. അടിയുടെ ആഘാതത്തില്‍ യുവതിയുടെ കണ്ണട തകര്‍ന്നു.

തുടര്‍ന്നു റോയിയെ തടഞ്ഞുനിര്‍ത്തിയ യുവതി തൊട്ടടുത്തു ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. നോര്‍ത്ത് സ്റേഷനിലെ എസ്ഐ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി റോയിയെ കസ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ സ്ത്രീയെ അപമാനിച്ചതിനും മര്‍ദനത്തിനും ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.


കഴിഞ്ഞ ഏപ്രിലില്‍ കടയ്ക്കാവൂര്‍ സ്വദേശി ഡിക്സണെ (18) കുത്തിക്കൊന്ന കേസില്‍ റോയിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്െടന്നു കടയ്ക്കാവൂര്‍ പോലീസ് പറഞ്ഞു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ റോയ് കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലിചെയ്തിരുന്നു. രേഖകളില്‍ കൃത്രിമം കാണിച്ചതിന് ആശുപത്രി അധികൃതര്‍ റോയിക്കെതിരേ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീടു പിന്‍വലിച്ചു. ആശുപത്രിയിലെ നഴ്സിനെ കാണാനില്ലെന്നു ബന്ധുക്കള്‍ റോയിക്കെതിരെ നല്‍കിയ പരാതിയെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് ഇരുവരെയും രണ്ടാഴ്ചമുമ്പ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, യുവതി റോയിക്കൊപ്പം പോകണമെന്ന നിലപാടെടുത്തതോടെ ഇരുവരെയും വിട്ടയച്ചു. ഈ യുവതിക്കൊപ്പമാണു നിലവില്‍ റോയ് താമസിക്കുന്നതെന്നു പോലീസ് പറഞ്ഞു. മോഷണമുള്‍പ്പെടെ വിവിധ കേസുകളിലും ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.