പ്രതീക്ഷയുടെ തുടിപ്പില്‍ ജീവിതം ചലിപ്പിച്ചു ജോര്‍ജും ജാസ്മിനും
പ്രതീക്ഷയുടെ തുടിപ്പില്‍ ജീവിതം ചലിപ്പിച്ചു ജോര്‍ജും ജാസ്മിനും
Sunday, December 28, 2014 11:30 PM IST
സ്വന്തം ലേഖകന്‍

അങ്കമാലി: ശരീരത്തിന്റെ ചലനശേഷി യൌവനത്തിലേതന്നെ ഭാഗികമായി തിരിച്ചെടുത്തപ്പോള്‍ ജോര്‍ജിനും ജാസ്മിനും ദൈവം രണ്ടു കാര്യങ്ങള്‍ പകരം നല്‍കി - അതിജീവനത്തിനുള്ള കരുത്ത് മനസിനും നിസ്വാര്‍ഥമായി സ്നേഹിക്കാനുള്ള തീക്ഷ്ണത ഹൃദയത്തിനും. വീഴ്ചകളില്‍ വിതുമ്പിത്തീര്‍ക്കാനുള്ളതല്ല ജീവിതമെന്ന് ഇരുവരും അറിഞ്ഞു. സഹനജീവിതത്തിന്റെ യാദൃച്ഛികതകളില്‍ എപ്പോഴോ അവര്‍ കണ്ടുമുട്ടി. പരിമിതികളെ സ്നേഹവും പ്രതീക്ഷയും കൊണ്ട് തോല്‍പ്പിച്ച് അവര്‍ സ്വപ്നങ്ങള്‍ മെനഞ്ഞു. ഇന്നലെ ആ ദൈവത്തിനു മുമ്പില്‍ അവര്‍ ഒന്നാകാന്‍ സമ്മതംമൂളി. 31ന് ആണ് അവരുടെ വിവാഹം.

അരയ്ക്കു താഴെ ചലനശേഷിയില്ലാ ത്ത ജോര്‍ജും കഴുത്തിനു താഴെ ചലനശേഷിയില്ലാത്ത ജാസ്മിനും ഇന്നലെ അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയിലാണു വിവാഹസമ്മതം അറിയിച്ചത്. ഇരുവരുടെയും ജീവിതം കീഴ്മേല്‍ മറിച്ചതു വാഹനാപകടമാണെന്നതു മറ്റൊരു യാദൃച്ഛികത. അങ്കമാലി അങ്ങാടിക്കടവ് കുന്നത്ത് വീട്ടില്‍ ഐസക്കിന്റെ യും തങ്കമ്മയുടെയും മകളാണു ജാസ്മിന്‍.

2004ല്‍ ബംഗളൂരുവില്‍ ബിരുദത്തിനു പഠിക്കുമ്പോഴാണു ജാസ്മിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ അപകടമുണ്ടായത്. ജാസ്മിന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാസ്മിന്റെ കഴുത്തിനു താഴേക്കുള്ള ചലനശേഷി നഷ്ടപ്പെട്ടു. പരസഹായം കൂടാതെ ഒരു കാര്യ വും ചെയ്യാനാകില്ല. ജെസ്മി എന്ന അനുജത്തി കൂടിയുണ്ട് ജാസ്മിന്. ഡല്‍ഹിയില്‍ ബിസിനസുകാരനായ ഐസക് മൂവാറ്റുപുഴയില്‍നിന്ന് അങ്കമാലിയില്‍ വീടുവച്ചു താമസമാക്കിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണു ജാസ്മിന്റെ പ്രതിശുതവരന്‍ ജോര്‍ജ് കെ. തോമസ്. 2005ല്‍ ഉണ്ടായ വാഹനാപകടമാണു ജോര്‍ജിന്റെ ജീവിതം വീല്‍ ചെയറിലാക്കിയത്. ജോര്‍ജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരയ്ക്കു താഴേക്കുള്ള ചലനശേഷി നഷ്ടമായി. കളത്തില്‍ വീട്ടില്‍ തോമസിന്റെയും കൊച്ചുമോളുടെയും മകനായ ജോര്‍ജ് ഒരു എന്‍ജിഒ സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. സഹോദരന്‍ ജിബി.


മൂന്നു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന സ്റെം സെല്‍ ചികിത്സയുടെ ഭാഗമായി കോട്ടയത്തെ ഒരു സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നത്. ചികിത്സ അവസാനിക്കാറായപ്പോഴേക്കും ഇരുവര്‍ക്കുമിടയില്‍ സൌഹൃദം രൂപപ്പെട്ടിരുന്നു. ജോര്‍ജാണു വിവാഹാലോചന മുന്നോട്ടുവച്ചത്. പിന്നീട് ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചു വിവാഹം ഉറപ്പിക്കുകയായിരുന്നു.

31ന് തിരുവനന്തപുരം നാലാഞ്ചിറ സെന്റ് തോമസ് പള്ളിയില്‍ ജോര്‍ജ് ജാസ്മിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തും. ജീവിതത്തിന്റെ പരാജയങ്ങളില്‍ തളരാതെ മുന്നോട്ടുപോകാനുള്ള ആഗ്രഹമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്ന് ഇരുവരും പറയുന്നു.

മനഃസമ്മതത്തിനു ബസിലിക്കയിലേക്കുള്ള ഇരുവരുടെയും പ്രവേശനത്തിനും പ്രത്യേകതയുണ്ടായിരുന്നു. അംഗവൈലകല്യമുള്ളവര്‍ക്കു വീല്‍ചെയറില്‍ ഇരുന്നു പള്ളിയകത്തേക്കു പ്രവേശിക്കാന്‍ പുതുതായി പണികഴിപ്പിച്ച റാമ്പിലൂടെയാണ് ഇരുവരും എത്തിയത്. മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ടു പള്ളിക്കു റാമ്പ് നിര്‍മിച്ചുനല്‍കിയതു ജാസ്മിന്റെ പിതാവ് ഐസക്കാണ്. അംഗവൈകല്യമുള്ളവര്‍ക്കും നട കയറാന്‍ ബുദ്ധിമുട്ടുള്ള പ്രായമുള്ളവര്‍ക്കുമായി റാമ്പ് നിര്‍മിക്കാന്‍ ആലോചിച്ചിരുന്ന സമയത്താണ് ഐസക് സ്വമേധയാ ഇതിനു തയാറായി മുന്നോട്ടുവന്നതെന്ന് ബസിലിക്ക റെക്ടര്‍ റവ.ഡോ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.