കൊച്ചിയില്‍ സ്പൈസ് ജെറ്റിന്റെ 21 ഫ്ളൈറ്റുകള്‍ റദ്ദാക്കി
കൊച്ചിയില്‍ സ്പൈസ് ജെറ്റിന്റെ 21 ഫ്ളൈറ്റുകള്‍ റദ്ദാക്കി
Thursday, December 18, 2014 12:18 AM IST
നെടുമ്പാശേരി: കൊച്ചിയില്‍ സ്പൈസ് ജെറ്റ് സര്‍വീസ് സ്തംഭനം തുടരുന്നു. ഇന്നലെ ഇവിടെ 21 ഫ്ളൈറ്റുകള്‍ റദ്ദാക്കി. ഈ അവസരം മുതലെടുത്തു മറ്റു വിമാന കമ്പനികള്‍ ആഭ്യന്തര യാത്രാ നിരക്ക് നാലിരട്ടിയാക്കി. ഫ്ളൈറ്റുകള്‍ റദ്ദാക്കിയതു മൂലം ശബരിമല തീര്‍ഥാടകരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

ദുബായിലേക്കുള്ള എസ്ജി 107, അവിടെനിന്നു വരേണ്ട എസ്ജി 018, മാലിക്കു പോകേണ്ട എസ്ജി 3901, അവിടെനിന്നു വരേണ്ട എസ്ജി 3902 എന്നീ ഫ്ളൈറ്റുകളാണ് അന്താരാഷ്ട്ര തലത്തില്‍ റദ്ദാക്കിയിട്ടുള്ളത്. ആഭ്യന്തര സെക്ടറില്‍ ചെന്നൈയിലേക്കുള്ള എസ്ജി. 183, എസ്ജി 3264, എസ്ജി 3244, അവിടെനിന്നു വരേണ്ട എസ്ജി 113, എസ്ജി. 3243, എസ്ജി 3241, എസ്ജി 3263 എന്നീ ഫ്ളൈറ്റുകള്‍ റദ്ദാക്കി. ഹൈദരാബാദിലേക്കു പോകേണ്ട എസ്ജി 1052, എസ്ജി 108, അവിടെനിന്നു വരേണ്ട എസ്ജി 235, എസ്ജി 1051 എന്നീ ഫ്ളൈറ്റുകള്‍ റദ്ദാക്കി. ബാംഗളൂരിലേക്കു പോകേണ്ട എസ്ജി 241, അവിടെനിന്നു വരേണ്ട എസ്ജി 246, മുംബൈയിലേക്കു പോകേണ്ട എസ്ജി 118, അവിടെനിന്നു വരേണ്ട എസ്ജി 131, പൂനയിലേക്കു പോകേണ്ട എസ്ജി 212, അവിടെനിന്നു വരേണ്ട എസ്ജി 3217 എന്നീ ഫ്ളൈറ്റുകളാണു റദ്ദാക്കിയിട്ടുള്ളത്.


ചെന്നൈ, ഹൈദരാബാദ്, ബാംഗളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഫ്ളൈറ്റുകളില്‍ ടിക്കറ്റെടുത്തിട്ടുള്ളവരില്‍ അധികവും ശബരിമല തീര്‍ഥാടകരാണ്. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതുകൊണ്ട് 2,800 മുതല്‍ 3,000 രൂപ വരെയാണ് ഇവര്‍ക്കു മുടക്കേണ്ടി വന്നിട്ടുള്ളത്. റദ്ദാക്കിയ ഫ്ളൈറ്റുകളിലെ യാത്രക്കാര്‍ക്കു ടിക്കറ്റിന്റെ പണം 15 ദിവസത്തിനകം മടക്കിനല്കാമെന്നാണു സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. മറ്റു ഫ്ളൈറ്റുകളില്‍ ഇപ്പോള്‍ ടിക്കറ്റ് നിരക്ക് ശരാശരി 12,000 രൂപയാണ്. റദ്ദാക്കിയ സ്പൈസ് ജെറ്റ് ഫ്ളൈറ്റുകളില്‍ ടിക്കറ്റെടുത്തിരുന്നവര്‍ നാലിരട്ടി തുക കൊടുത്തു മറ്റു എയര്‍ലൈന്‍സുകളില്‍ പോകേണ്ട സ്ഥിതിയാ ണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.