പക്ഷിപ്പനി: പരക്കെ ആശങ്ക; താറാവുകളെ കൂട്ടത്തോടെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റി
പക്ഷിപ്പനി: പരക്കെ ആശങ്ക; താറാവുകളെ കൂട്ടത്തോടെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റി
Wednesday, November 26, 2014 12:51 AM IST
എടത്വ: താറാവുകളില്‍ പക്ഷിപ്പനി പടരുന്നുവെന്ന വാര്‍ത്ത പരന്നതോടെ കുട്ടനാട്ടില്‍ പാതയോരങ്ങളിലെ തോടുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി വില്പന നടത്തിയിരുന്ന ഇറച്ചിത്താറാവുകളെ അജ്ഞാതകേന്ദ്രങ്ങളിലേക്കു മാറ്റി. ദിനംപ്രതി നൂറുകണക്കിനു താറാവുകളെയാണു കുട്ടനാട്ടില്‍ വിറ്റഴിച്ചിരുന്നത്.

ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പാതയോരത്ത് 20 ലധികം സ്ഥലങ്ങളിലും എടത്വാ-തകഴി, എടത്വാ-വീയപുരം, ചക്കുളത്തുകാവ്-മുട്ടാര്‍ തുടങ്ങിയിടങ്ങളിലൊക്കെ സജീവമായിരുന്ന കച്ചവടത്തിനാണു നിരോധന ഉത്തരവോടെ താത്കാലിക തിരശീല വീണത്.

കഴിഞ്ഞദിവസം വരെ വളരെ സജീവമായിരുന്ന പല കൂടുകളും ഇന്നലെ മുതല്‍ ഒഴിഞ്ഞ നിലയിലാണ്.
കുട്ടനാട്ടിലേയും അമ്പലപ്പുഴയിലേയും താറാവുകളെ കൊന്നൊടുക്കുമെന്നുള്ള അറിയിപ്പ് വന്നതോടെ ഇറച്ചിത്താറാവുകളെ ജില്ലയ്ക്കു വെളിയിലേക്കു കടത്തിയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 25 മുതല്‍ 1000 വരെ താറാവുകളെ വിറ്റഴിക്കുന്ന കച്ചവടക്കാര്‍ പ്രതിദിനം ഈ മേഖലയില്‍ നിന്ന് ആയിരങ്ങളാണ് ഉണ്ടാക്കിയിരുന്നത.്

നിരോധനം എത്തിയതും കൊല്ലാന്‍ ഉത്തരവിട്ടതും കച്ചവടക്കാര്‍ക്ക് ആഘാതം സൃഷ്ടിച്ചതോടെ ഉദ്യോഗസ്ഥരെത്തുന്നതിനു മുമ്പേ താറാവുകളെ നീക്കുകയായിരുന്നു. അടുത്ത കാലത്ത് കുട്ടനാട്ടില്‍ ഏറെ പുരോഗമിച്ചത് ഇറച്ചിത്താറാവുകളുടെ കച്ചവടമായിരുന്നു. കുട്ടനാട്ടിലെ താറാവുകള്‍ പ്രതിദിന ഉപയോഗത്തിന് തികയില്ലെന്നതിനാല്‍ ആഴ്ചയില്‍ ഒന്നും രണ്ടും ദിവസങ്ങളിലായി ഇറച്ചിത്താറാവുമായി തമിഴ്നാട്ടില്‍ നിന്നു എത്തുമായിരുന്നു.

താറാവുകളുടെ മരണപ്പിടച്ചില്‍; മദനനു നഷ്ടങ്ങളുടെ വെള്ളിടി

റെജി ജോസഫ്

വൈക്കം: പിടഞ്ഞുവീണു ചത്ത രണ്ടായിരം താറാവുകളെ പാടത്തുതന്നെ കുഴിച്ചുമൂടിയശേഷം ശേഷിക്കുന്ന ആറായിരം താറാവുകളുടെ ഓരോ ചലനവും വേദനയോടെ നോക്കിക്കാണുകയാണു വൈക്കം കുടവെച്ചൂര്‍ അഭിജിത് ഭവനില്‍ മദനന്‍. പക്ഷിപ്പനിയുടെ പിടിയല്‍വീണ രണ്ടായിരം താറാവുകള്‍ക്ക് മരുന്നും കുത്തിവയ്പ്പും നല്‍കി മദനനും ഭാര്യ സുമയും പാടത്തുതന്നെ കഴിയുകയാണ്.

30 വര്‍ഷമായി താറാവു കൃഷി നടത്തുന്ന മദനനു താങ്ങാനാവുന്നതല്ല ഈ നഷ്ടം. തിരുവല്ലയിലെ ഹാച്ചറിയില്‍നിന്ന് എണ്ണായിരം താറാവില്‍ കുഞ്ഞുങ്ങളെ കടംവാങ്ങി വളര്‍ത്തി വില്‍ക്കാറായപ്പോഴാണു പക്ഷിപ്പനിയുടെ വിളയാട്ടം. ഒരു കുഞ്ഞിന് 20 രൂപയായിരുന്നു ഹാച്ചറിയിലെ വില. മൂന്നര മാസം വളര്‍ത്തി വില്‍ക്കാനായി വിലപറഞ്ഞുകൊണ്ടിരിക്കെയാണു പക്ഷിപ്പനി പറന്നിറങ്ങിയത്.

'ദിവസം താറാവൊന്നിന് 160 ഗ്രാം അരിയാണ് ആദ്യമാസങ്ങളില്‍ തീറ്റ കൊടുത്തിരുന്നത്. പുഞ്ചക്കൊയ്ത്തു കഴിഞ്ഞപ്പോള്‍ കഴിഞ്ഞമാസം ഇവയെ പാടത്തേക്ക് ഇറക്കിവിട്ടു. ആറേഴു ദിവസങ്ങള്‍ മുമ്പാണു താറാവുകള്‍ക്ക് കൂട്ടത്തളര്‍ച്ചയും തൂങ്ങലും പപ്പുകൊഴിക്കലും കണ്ടുതുടങ്ങിയത്. ഇതോടകം ഒരു ലക്ഷം രൂപ മരുന്നിനായി മുടക്കിയിട്ടും പ്രതീക്ഷ കാണുന്നില്ല' പക്ഷിപ്പനിയില്‍ ചത്തൊടുങ്ങിയ താറാവുകളെ മൂടിയ മണ്‍കൂനകളിലേക്ക് നോക്കി മദനന്‍ പറഞ്ഞു. 'ഒരു കുഴിയില്‍ 200 താറാവുകളെ വീതം കുഴിച്ചിട്ടു. കുഴിയെടുക്കാന്‍ മാത്രം രണ്ടായിരം രൂപ ചെലവുവന്നു. വില്‍ക്കാനായി ഇനി എത്ര താറാവുകളെ ജീവനോടെ കിട്ടുമെന്ന് അറിയില്ല. ഈ കാലക്കേടിന്റെ നഷ്ടം അടുത്ത കാലത്തൊന്നും വീട്ടിത്തീര്‍ക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല'.

അയല്‍വാസിയായ സുഹൃത്തിന്റെ കിടപ്പാടം പണയപ്പെടുത്തി വെച്ചൂര്‍ സഹകരണ ബാങ്കില്‍നിന്ന് അഞ്ചു ലക്ഷം രൂപ കടമെടുത്താണ് താറാവു കൃഷി നടത്തിയത്. കുഞ്ഞുങ്ങളെ വാങ്ങിയ ഹാച്ചറി ഉടമയ്ക്ക് 1.60 ലക്ഷം രൂപ നല്‍കാനുണ്ട്. അയല്‍വാസിയുടെ കടം വീട്ടണമെങ്കില്‍ എനിക്കെന്റെ കിടപ്പാടം വില്‍ക്കണം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാലു മാസമെത്തിയ താറാവൊന്നിനു 150 രൂപ നിരക്കിലാണു വിറ്റത്. അരിയുടെയും പ്രതിരോധ മരുന്നിന്റെയും ഇന്നത്തെ വില കണക്കാക്കിയാല്‍ ഒരെണ്ണത്തിന് 200 രൂപ കിട്ടിയാലേ മുതലാകൂ. കാരണവര്‍മാരുടെ കാലം മുതലുള്ള തൊഴിലായതുകൊണ്ടും മറ്റു ജോലി അറിയില്ലാത്തതുകൊണ്ടും താറാവുകളുടെ കൂടെ ജീവിക്കുകയാണെന്നു മദനന്‍ പറഞ്ഞു.

ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് ഈ സീസണില്‍ ആരണി, കുഴിത്തലയന്‍, കരണ്ടുതാറാവ് തുടങ്ങിയ ഇനം താറാവുകളെ കച്ചവടക്കാര്‍ ഇവിടെ കൊണ്ടുവരാറുണ്ട്. അന്യനാടുകളില്‍നിന്നു വന്ന താറാവില്‍ നിന്നായിരിക്കാം പക്ഷിപ്പനി ഇവിടെയെത്തിയത്. ഇവിടത്തെ തദ്ദേശീയ ഇനമായ കുട്ടനാടന്‍ നാടന്‍ താറാവിനു മുമ്പ് നല്ല പ്രതിരോധശേഷിയുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള താറാവുകളുടെ കുടിയേറ്റം വ്യാപകമായതോടെ എല്ല വര്‍ഷവും ഇത്തരത്തില്‍ നാടന്‍ താറാവുകള്‍ പിടഞ്ഞും തൂങ്ങിയും വീണു ചാകാറുണ്ട്.

ആന്ധ്രാ താറാവുകള്‍ക്ക് ഹോര്‍മോണ്‍ തീറ്റ നല്‍കിയ ശേഷം ഒരു താറാവില്‍നിന്ന് 150 മുട്ടകള്‍ വരെ ഉത്പാദിപ്പിച്ച് വില കുറച്ചു വില്‍ക്കുന്നത് സാധാരണയാണ്. ഇത്തരം വ്യാപാരികള്‍ നിലവാരം കുറഞ്ഞ മുട്ട അഞ്ചു രൂപയ്ക്കു വില്‍ക്കുമ്പോള്‍ നാടന്‍ തീറ്റ നല്‍കി മുട്ട ഉത്പാദിപ്പിക്കുന്ന കുട്ടനാടന്‍ കര്‍ഷകര്‍ പെരുത്ത നഷ്ടത്തിലാകും. ചെലവ് കണക്കാക്കിയാല്‍ ഒരു നാടന്‍ താറാവ് മുട്ട 10 രൂപയ്ക്ക് വിറ്റാല്‍ മാത്രമെ മുതലാകൂ. ആന്ധ്രാ താറാവ് മുട്ടയിടീല്‍ നിറുത്തുമ്പോള്‍ കിലോയ്ക്ക് 150 രൂപ നിരക്കില്‍ ഇറച്ചി വിലയ്ക്ക് വിറ്റ് കച്ചവടക്കാര്‍ പാടം കാലിയാക്കും.

മദനന്റെ താറാവു പാടം നിറയെ മരുന്നു കുപ്പികളും അവയുടെ അടപ്പുകളും കാണാം. എക്കാസെപ്പ് എന്ന മരുന്നു വാങ്ങി രാവും പകലും താറാവുകള്‍ക്കു കുത്തിവയ്ക്കുകയാണു മദനനും ഭാര്യ സുമയും. പനി ബാധിച്ചതോടെ അരിയും നെല്ലും ദഹിക്കാതെ വന്നതിനാല്‍ പഞ്ഞപ്പുല്ല് വാങ്ങി ഓരോ താറാവിനും നല്‍കുകയാണ്.

വൈക്കം, തലയാഴം, വെച്ചൂര്‍ തീരഗ്രാമങ്ങളിലെ പുഞ്ചക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെല്ലാം താറാവുകളെ വളര്‍ത്തുന്നവരാണ് ഏറെ കര്‍ഷകരും. ഒഴുക്കു നിലച്ച തോടുകളില്‍ വൈക്കോല്‍ ചീഞ്ഞ് കറുത്തു കുറുകി വെള്ളത്തില്‍ മരണവെപ്രാളത്തില്‍ പിടയുന്ന താറാവുകളെ കൊന്നൊടുക്കി കുഴിച്ചുമൂടണമെങ്കില്‍ വേറെയും പണം കണ്െടത്തണം. തോടുകളുടെ തീരത്തും കരയിലും തല മണ്ണില്‍ താഴ്ത്തി കിടക്കുന്ന വയെ കത്തിച്ചുകളയണമെങ്കില്‍ അതിലേറെ ചെലവു വരും.

താറാവുകര്‍ഷകര്‍ എസി റോഡ് ഉപരോധിച്ചു

രാമങ്കരി: പക്ഷിപ്പനിയുടെ പേരില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനു മുമ്പായി തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ താറാവ് കര്‍ഷകരും വില്പനക്കാരും ചേര്‍ന്ന് എസി റോഡ് ഉപരോധിച്ചു.

ഉച്ചകഴിഞ്ഞു പന്ത്രണ്ടരയോടെ പണ്ടാരക്കളം ജംഗ്ഷനില്‍ ആയിരുന്നു ഉപരോധം. നൂറോളം ആളുകള്‍ പങ്കെടുത്ത ഉപരോധ സമരം അരമണിക്കൂറിലെറെ നിണ്ടുനിന്നതോടെ കെഎസ്ആര്‍ടിസി ബസുകളും നിരവധി സ്വകാര്യ സര്‍വീസുകളും വഴിയില്‍ കിടപ്പായി.

സമരം തുടര്‍ന്ന സാഹചര്യത്തില്‍ ക്രമസമാധാന ഉദ്യോഗസ്ഥര്‍ കളക്ടറുമായി ബന്ധപ്പെടുകയും അഞ്ചുമണിയോടെ ഇവരുടെ പ്രശ്നം ചര്‍ച്ചചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പിന്മാറാന്‍ തയാറാകുകയായിരുന്നു. ചമ്പക്കുളം, നെടുമുടി തകഴി പഞ്ചായത്തുകളില്‍ ആണ് താറാവുകളില്‍ പക്ഷിപ്പനി ഏറെയും സ്ഥിരികരിച്ചിരിക്കുന്നതെങ്കിലും കുട്ടനാട്ടിലെ മറ്റു പഞ്ചായത്തുകളിലേക്കും രോഗം പടരുമോ എന്ന ആശങ്കയിലാണ് കര്‍ഷകരില്‍ ഭൂരിഭാഗവും. രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടെങ്കിലും കര്‍ഷകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഈ പ്രതിരോധ നടപടികള്‍ ആകെ താളം തെറ്റിയ മട്ടാണ്.

രോഗം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഹോട്ടലുകളിലും മറ്റും താറാവുകളുടെ വില്പനയുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇവരുടെ വരുമാനം ഗണ്യമായി കുറയുന്നതിനും കാരണമായി. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ളോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ അടിയന്തര യോഗം ചേരുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്താനും തീരുമാനിച്ചു. ആശങ്ക പരിഹരിക്കാനായി വാര്‍ഡുതലത്തില്‍ ബോധവത്കരണ പരിപാടികള്‍ക്കും രൂപം നല്‍കി.

നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കല്‍: ഇന്നു മന്ത്രിസഭ പരിഗണിക്കും

ആലപ്പുഴ: പക്ഷിപ്പനി ബാധ മൂലം താറാവുകള്‍ ചത്ത കര്‍ഷകര്‍ക്കു നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. നിലവില്‍ രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള താറാവുകള്‍ക്ക് 75 രൂപയും ഇതിനു മുകളിലുള്ളവയ്ത്തു 150 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന പരാതി ഉയരുകയും പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്.

ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുത്ത മന്ത്രി വി.എസ്. ശിവകുമാറിനും കെ.പി. മോഹനനും ഇതേ അഭിപ്രായം തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നഷ്ടപരിഹാര തുക 200, 300 എന്ന നിലയില്‍ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നത്. എന്നാല്‍, സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഇതിന് ബുദ്ധിമുട്ടുണ്െടങ്കിലും തുക കുറച്ചുകൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നും മന്ത്രി ചെന്നിത്തല പറഞ്ഞു.


പ്രതിരോധ നടപടികള്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ചെലവിനു യഥേഷ്ടാനുമതി

തിരുവനന്തപുരം: കുട്ടനാട് മേഖലയിലും സമീപപ്രദേശങ്ങളിലും താറാവുകള്‍ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ റവന്യു, ആരോഗ്യ, വനം, പൊതുമരാമത്ത്, ആഭ്യന്തര, ഗതാഗത വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രോഗനിയന്ത്രണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനും നിര്‍ദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

പ്രശ്നബാധിതവും പ്രശ്നസാധ്യതയുള്ളതുമായ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും പ്രസിഡന്റ്, ചെയര്‍പേഴ്സണ്‍മാരുടെയും നേതൃത്വത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥന്മാരുമായും ദൈനംദിന കൂടിക്കാഴ്ച നടത്തി, ആര്‍ആര്‍ടി അംഗങ്ങളുടെ താമസം, ഭക്ഷണം, വേതനം എന്നിവയുടെ വിതരണം, സഹായധനത്തിന്റെ വിതരണം പ്രവര്‍ത്തനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം ആവശ്യമായ വിറക്, ഇന്ധനം എന്നിവയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. അതോടൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വെറ്ററിനറി സര്‍വകലാശാലയിലെ ബന്ധപ്പെട്ട അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഉദ്യോഗസ്ഥരുടെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തണം.

ഈ പ്രവര്‍ത്തനങ്ങള്‍ക്കു മറ്റു വകുപ്പുകള്‍ക്കു ധനവിനിയോഗം നടത്താന്‍ കഴിയാത്തതും എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യം വരുന്നതുമായ ചെലവുകള്‍ക്കായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഓരോ ഗ്രാമപഞ്ചായത്തിനും പരമാവധി 50,000 രൂപ വരെ ഈ സാമ്പത്തിക വര്‍ഷം അവരുടെ തനത് ഫണ്ടില്‍ നിന്നു ചെലവഴിക്കാന്‍ നല്‍കിയും ഉത്തരവായി.

കൂടുതല്‍ ഭീതി വേണ്ട: ഐഎംഎ

എടത്വ: പക്ഷിപ്പനിയെച്ചൊല്ലി കൂടുതല്‍ ആശങ്ക വേണ്െടന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ ഡോ. ഷാഫി. പനിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പക്ഷിപ്പനി ബാധയേറ്റ് ആരും മരിച്ചിട്ടില്ല. പനിയുടെ വൈറസ് 60 ശതമാനം മനുഷ്യശരീരത്തില്‍ കടന്നാല്‍ മരണ സാധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 2003 മുതല്‍ 2014 ഒക്ടോബര്‍ വരെ 668 പക്ഷിപ്പനി കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 393 പേര്‍ മരിച്ചിട്ടുണ്ട്. ആദ്യമായി ഹോങ്കോങ്ങിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

താറാവുകളെ വിലയ്ക്കുവാങ്ങി നശിപ്പിക്കണം: സുധീരന്‍

കൊച്ചി: കര്‍ഷകരുടെ പക്കല്‍ നിന്നു വില കൊടുത്തു വാങ്ങിവേണം പക്ഷിപ്പനിയുടെ മുന്‍കരുതലായി താറാവുകളെ നശിപ്പിച്ചുകളയാനെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

കര്‍ഷകരുടെ ജീവനോപാധിയാണ് താറാവുകള്‍. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ കര്‍ഷക രക്ഷയ്ക്കായി കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യണമെന്നും സുധീരന്‍ പറഞ്ഞു. പക്ഷിപ്പനിയുടെ ഗൌരവം കണക്കിലെടുത്ത് നടപടികള്‍ കൈക്കൊള്ളുന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍ഷക ക്ഷേമത്തിനായി കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണം.

കേരളത്തില്‍ ആദ്യമായാണ് പക്ഷിപ്പനി റിപ്പോര്‍ട്ടു ചെയ്യുന്നത്. വളരെ ഗുരുതരമായ സാഹചര്യമാണിത്. ഇതു കണക്കിലെടുത്ത് സര്‍ക്കാരിന് എല്ലാ തലങ്ങളില്‍ നിന്നുമുള്ള പിന്തുണ ഉണ്ടാകണം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മറ്റുള്ളവരും സാഹചര്യത്തിന്റെ ഗൌരവം കണക്കിലെടുത്തു പ്രവര്‍ത്തിക്കണം. എല്ലാവരുടെയും പിന്തുണ ഉണ്െടങ്കില്‍ മാത്രമേ സര്‍ക്കാരിനു കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും സുധീരന്‍ പറഞ്ഞു.

തൃശൂരില്‍ ദേശാടനപക്ഷികള്‍ ചത്തനിലയില്‍

തൃശൂര്‍: റെയില്‍വേ സ്റേഷനു സമീപം പൂത്തോളില്‍ ദേശാടനപക്ഷികളെ ചത്തനിലയില്‍ കണ്െടത്തി. കടല്‍ക്കാക്ക ഇനത്തില്‍പ്പെട്ട മൂന്നു ദേശാടന പക്ഷികളെയാണു ചത്ത നിലയില്‍ കണ്െടത്തിയത്. അവശനിലയിലായ ഒരു പക്ഷിയെയും ഇവിടെനിന്നു കണ്െടത്തിയിട്ടുണ്ട്. ഇതോടെ പക്ഷിപ്പനി ഭീതി തൃശൂരിലും എത്തിയിരിക്കയാണ്.

മൂന്നു മാസം മുമ്പാണ് ഈ ദേശാടന പക്ഷികള്‍ ഇവിടെ വന്നതെന്നു കരുതുന്നു. വേനല്‍ക്കാലമായാല്‍ ദേശാടനപക്ഷികള്‍ സ്ഥലം വിടുമത്രേ. കഴിഞ്ഞദിവസവും ഇതേ സ്ഥലത്തു നാലു പക്ഷികള്‍ ചത്തുവീണിരുന്നു. ഇതാണ് ജനങ്ങളില്‍ കൂടുതല്‍ ഭീതി പരത്തിയിരിക്കുന്നത്. ചത്ത പക്ഷികളെ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലെത്തിയ സംഘം പരിശോധനയ്ക്കായി എടുത്തു. ഈ പക്ഷികളില്‍നിന്നും സാമ്പിളെടുത്ത് പാലക്കാട് റീജണല്‍ ലാബിലേക്ക് പരിശോധനയ്ക്കു കൊണ്ടുപോകും. ഇന്നു വൈകിട്ടോടെതന്നെ പരിശോധനാഫലം അറിയാനാകും. പരിശോധനാഫലമനുസരിച്ചായിരിക്കും അടുത്ത നടപടികളെടുക്കുക. ഈ പ്രദേശത്ത് ഇന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു മൃഗസംരക്ഷണ വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.എസ്. തിലകന്‍ പറഞ്ഞു. പക്ഷിപ്പനി പ്രതിരോധത്തിനായി ജില്ലയിലെ കോള്‍പ്രദേശങ്ങള്‍ക്കരികിലെ 45 വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇതു കൂടാതെ വിദഗ്ധരടങ്ങുന്ന ദ്രുതകര്‍മ സേനയ്ക്കും രൂപം നല്‍കിയിട്ടുണ്ട്.

ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.കെ.എസ്. തിലകന്‍, ഡോ. പി.ബി. ഗിരിദാസ്, ഡോ.കെ.സി. തങ്കച്ചന്‍, ഡോ.ടി.എസ്. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണു ദ്രുതകര്‍മ സേന പ്രവര്‍ത്തിക്കുക. അടിയന്തിര സാഹചര്യം നേരിടുന്നതിനായാണു ദ്രുതകര്‍മ സേന രൂപീകരിച്ചിരിക്കുന്നത്. മൃഗശാലയില്‍ ഇന്നു പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

തട്ടേക്കാട് പക്ഷിസങ്കേതം അടച്ചു

കോതമംഗലം: കേരളത്തില്‍ പക്ഷിപ്പനി സ്ഥീരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ തട്ടേക്കാട് സലിം അലി പക്ഷിസങ്കേതം അടച്ചു. ഇനിയൊരറിയപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്കു പ്രവേശനമുണ്ടാകില്ല. ഇവിടെ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തി. ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാറിന്റെ നിര്‍ദേശപ്രകാരമാണു നടപടി.

ദിനംപ്രതി രാവിലെയും വൈകുന്നേരവും പ്രത്യേക സംഘങ്ങളായി നിരീക്ഷണം നടത്തും. തട്ടേക്കാട് മേഖലയിലും പാറക്കടവ്, കൂട്ടിയ്ക്കല്‍, പഴുക്കാളികഴുമ്പ്, കാനത്തുപടി എന്നിവിടങ്ങളില്‍ ഇന്നലെ വിശദമായ പരിശോധന നടത്തി. ജലപക്ഷികള്‍, വനപക്ഷികള്‍ എന്നിവയെ പ്രത്യേക ഭാഗങ്ങളില്‍ പോയി നിരീക്ഷണം നടത്തി. കിളികളെ നിരീക്ഷിച്ച് അസ്വാഭാവികമായി എന്തെങ്കിലുമുണ്േടാ എന്നു പരിശോധിക്കും. പക്ഷികളുടെ ജഡമോ രോഗലക്ഷണമോ ഉണ്േടായെന്നു പ്രത്യേകം നിരീക്ഷിക്കും. ഓരോ നിരീക്ഷണവും രജിസ്ററില്‍ രേഖപ്പെടുത്തി അതതു ദിവസത്തെ റിപ്പോര്‍ട്ടുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് അയയ്ക്കും. അസ്വാഭാവികമായി എന്തെങ്കിലും കണ്െടത്തിയാല്‍ ഉടന്‍ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. പക്ഷിസങ്കേതത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തട്ടേക്കാട്, ഉരുളന്‍തണ്ണി, പൂയംകുട്ടി, പുന്നേക്കാട് തുടങ്ങി സങ്കേതപരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. പരിസരപ്രദേശങ്ങളിലെ നാട്ടുകാരുമായി ബന്ധപ്പെട്ട് കോഴി, താറാവ് തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്.

തട്ടേക്കാട് അസിസ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മനു സത്യന്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി.കെ. തമ്പി, സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍ പി.പി. ഔസേഫ് എന്നിവരുടെ നേതൃത്വത്തിലാണു നിരീക്ഷണം നടത്തുന്നത്.

കൊച്ചിയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെ, കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്താണ് തട്ടേക്കാട് പക്ഷിസങ്കേതം.

ഐഎംഎ സംഘം കുട്ടനാട്ടില്‍

എടത്വ: പക്ഷിപ്പനിബാധയുടെ ആഘാതത്തെക്കുറിച്ചു പഠിക്കാനും നിരീക്ഷിക്കാനും കര്‍ഷകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുട്ടനാട്ടില്‍ പര്യടനം നടത്തി. റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ ഡോ. ഷാഫി, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിനിലെ പ്രഫസര്‍ ഡോ. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പര്യടനം നടത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ നിരണം, തലവടി, എടത്വ മേഖലകളിലെ നിരവധി ഫാമുകളില്‍ സംഘമെത്തി.

താറാവുകളുടെ ഉമിനീരിലൂടെയും വിസര്‍ജ്യത്തിലൂടെയുമാണു രോഗം പകരുന്നത്. അതിനാല്‍ താറാവുകളുമായി ഇടപഴകുന്നത് ഷൂസും, ഗ്ളൌസുകളും ഉപയോഗിച്ച് കൊണ്ടായിരിക്കണം.തുടങ്ങി നിരവധി നിര്‍ദേശങ്ങളാണു സംഘം കര്‍ഷകര്‍ക്ക് നല്‍കിയത്.

ചാകുന്ന താറാവുകളെ കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യണം. രോഗ സാധ്യതയുള്ള താറാവുകളെ അഴിച്ചു വിട്ടു തീറ്റരുത്. രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്പ് അവയെകൊന്ന് കുഴിച്ചു മൂടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.