കൂത്തുപറമ്പ് വെടിവയ്പിന് ഇരുപതു വയസ്
കൂത്തുപറമ്പ് വെടിവയ്പിന് ഇരുപതു വയസ്
Monday, November 24, 2014 12:25 AM IST
കണ്ണൂര്‍: നവംബര്‍ 25 ഒരിക്കല്‍കൂടി എത്തുന്നു. കൂത്തുപറമ്പില്‍ പോലീസിന്റെ വെടിയേറ്റ് അഞ്ചു ചെറുപ്പക്കാര്‍ മരിച്ച ആ ദിവസ ത്തിന് 20 വയസ് തികയുകയാണ്.

1994 നവംബര്‍ 25നായിരുന്നു കൂത്തുപറമ്പ് വെടിവയ്പു നടന്നത്. സ്വാശ്രയ കോളജിനെതിരേയുള്ള സമരവുമായി ബന്ധപ്പെട്ട് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതു സംഘര്‍ഷത്തിലെത്തുകയും പോലീസ് വെടിവയ്ക്കുകയുമായിരുന്നു. ഷിബുലാല്‍, റോഷന്‍, ബാബു, മധു, രാജീവന്‍ എന്നിവര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. നൂറോളം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി കിടക്കയില്‍ ഇന്നും ജീവിതം തള്ളിനീക്കുന്നു.

ബദല്‍ രേഖ അവതരിപ്പിച്ചു സിപിഎമ്മില്‍നിന്നു പുറത്താവുകയും സിഎംപി എന്ന പാര്‍ട്ടി രൂപവത്കരിച്ചു സിപിഎമ്മിനെ വെല്ലുവിളിക്കുകയും ചെയ്ത രാഘവനെതിരേയുള്ള പോരാട്ടങ്ങളുടെ തുടര്‍ച്ചകൂടിയായിരുന്നു ഡിവൈഎഫ്ഐ സമരം. സംഭവദിവസം കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്നശാഖയുടെ ഉദ്ഘാടന ത്തിനു ടൌണിലെത്തിയ രാഘവനെ വന്‍സന്നാഹമൊരുക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞു. കൈയേറ്റവും കല്ലേറുമായി സമരക്കാര്‍ അക്രമാസക്തരായതോടെ പോലീസ് വെടിവച്ചു.

വെടിവയ്പിനെത്തുടര്‍ന്നു കേരളത്തിലങ്ങോളമിങ്ങോളം അക്രമപരമ്പരതന്നെ നടന്നു. സിഎംപിയുടെയും കോണ്‍ഗ്രസിന്റെയും പാര്‍ട്ടി ഓഫീസുകള്‍ പരക്കെ ആക്രമിക്കപ്പെട്ടു. രാഘവന്റെയും സിഎംപി നേതാക്കളുടെയും വീടുകളും തകര്‍ത്തു. രാഘവന്‍ സ്ഥാപിച്ച പാപ്പിനിശേരി സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികള്‍ കൂട്ടക്കുരുതിക്കിരയായി. കേരളം അതിനുമുമ്പും പിമ്പും കാണാത്ത സംഭവങ്ങളാണ് ആ ദിവസങ്ങളില്‍ അരങ്ങേറിയത്.

സിപിഎമ്മില്‍നിന്നു പുറത്താക്കിയശേഷം തനിക്കും തന്റെ പാര്‍ട്ടിക്കുമെതിരേ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ ഉദേശിച്ചഫലം കാണാതെവന്നപ്പോള്‍ ശാരീരികമായി വകവരുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൂത്തുപറമ്പ് സമരമെന്നാണു രാഘവന്‍ പിന്നീടു തന്റെ ആത്മകഥയില്‍ കുറിച്ചത്.

കൂത്തുപറമ്പ് വെടിവയ്പ് ദീര്‍ഘമായ നിയമപോരാട്ടങ്ങള്‍ക്കും വഴിവച്ചു. എല്‍ഡിഎഫ് ഭരണത്തില്‍ 1997ല്‍ രാഘവന്‍ അറസ്റിലായി. ഡിവൈഎസ്പി ഹക്കിം ബത്തേരി, ഡെപ്യൂട്ടി കളക്ടര്‍ ടി.ടി. ആന്റണി എന്നിവരും വെടിവച്ച പോലീസുകാരും പ്രതികളായി. എന്നാല്‍, സുപ്രീംകോടതി വരെയെത്തിയ കേസില്‍ രാഘവനടക്കം മുഴുവന്‍ പ്രതികളെയും വിട്ടയച്ചു.

ഈ വര്‍ഷം ദിനാചരണം നട ത്തു മ്പോള്‍ ഡിവൈഎഫ് ഐക്കു പഴയ രോഷം പ്രകടിപ്പിക്കാനാവാത്ത അവസ്ഥയാണ്. കൂത്തുപറമ്പ് വെടിവയ്പിനുംകാരണക്കാരനെന്ന് ഇക്കാലമത്രയും പറഞ്ഞുനടക്കുകയും വിടാതെ വേട്ടയാടുകയും ചെയ്ത എം.വി. രാഘവന്‍ ഇപ്പോള്‍ സിപിഎമ്മിനു പ്രിയപ്പെട്ടയാളാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിഎംപിയുടെ ഒരു പക്ഷത്തെ ഇടതുമുന്നണിക്കൊപ്പം ചേര്‍ത്തുനിര്‍ത്തുകയും ചെയ്തിരിക്കുന്നു.


എം.വി.ആറിന്റെ മരണവേളയില്‍ എല്ലാവിധ ആദരവും സ്നേഹവും നല്‍കി സംസ്കാരചടങ്ങുകള്‍ സിപിഎം മുന്നില്‍നിന്നു നടത്തി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലം രാഘവനെ കൂടെക്കൊണ്ടുനടന്നിരുന്ന യുഡിഎഫ് പക്ഷക്കാരെ സംസ്കാരചടങ്ങുകളില്‍നിന്നു പരമാവധി അകറ്റിനിര്‍ത്താനും സിപിഎം ഭാഗത്തുനിന്നു ശ്രമമുണ്ടായി.

ഈ പുതിയ സാഹചര്യം ഡിവൈഎഫ്ഐ നേതൃത്വത്തെയും പ്രവര്‍ത്തകരെയും കടുത്ത ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കാല്‍നൂറ്റാണ്ടിലേറെ മുഖ്യഎതിരാളിയായി കാണുകയും കൊലയാളി രാഘവനെന്നു പ്രചരിപ്പിക്കുകയും നേരിടുകയും ചെയ്ത ഒരാളെ പഴയതെല്ലാം മറന്നു പെട്ടെന്നു സ്വീകരിക്കേണ്ടിവരുന്നതിന്റെ ജാള്യതയുമുണ്ട്.

എം.വി. രാഘവന്‍ അവസാനകാലത്ത് ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടിയിരുന്നു എന്നു പറഞ്ഞാണ് അദ്ദേഹത്തെ സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, ഈ വിശദീകരണം പാര്‍ട്ടി അണികളെപ്പോലും തൃപ്തരാക്കിയിട്ടുണ്േടായെന്നു സംശയമാണ്. എം.വി.ആര്‍ യുഡിഎഫില്‍ കലഹമുണ്ടാക്കിയിരുന്നുവെന്നതു ശരിയാണ്. അതു പക്ഷേ, ആശയങ്ങളുടെ പേരിലായിരുന്നില്ല. മുന്നണിയില്‍ അവഗണിക്കപ്പെട്ടതിലുള്ള രോഷം മൂലമായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് സീറ്റ് ലഭിക്കാത്തതും പരിയാരം മെഡിക്കല്‍ കോളജ് സിപിഎമ്മില്‍നിന്നു തിരിച്ചുപിടിക്കാത്തതും അദ്ദേഹത്തെ ഏറെ ചൊടിപ്പിച്ചിരുന്നു. ഈ നിലയില്‍ യുഡിഎഫില്‍ തുടരുന്നതുകൊണ്ടു പ്രയോജനമില്ലെന്നും ഇടത് ഐക്യം വേണമെന്നും പാര്‍ട്ടി വേദികളില്‍ എം.വി.ആര്‍ പറയുകയും ചെയ്തിരുന്നു. ഇതാണ് ഇടതുപക്ഷ ആഭിമുഖ്യമായി സിപിഎം ചിത്രീകരിക്കുന്നത്.

ഒരു കാലഘട്ടമാകെ വര്‍ഗശത്രുവായി കണ്ടയാളെ സ്വീകരിക്കാന്‍ ഇതു മതിയായ കാരണമല്ലെന്ന തോന്നല്‍ സിപിഎം നേതൃത്വത്തിനുണ്ട്. രാഘവസ്നേഹത്തെ പരിഹസിച്ചു പ്രതികരണങ്ങള്‍ ഒട്ടേറെയുണ്ടായിട്ടും സിപിഎം നേതൃത്വം മൌനം പാലിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. എം.വി.ആര്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു പഴയതെല്ലാം മറന്നു രാഘവനെയും അദ്ദേഹത്തിന്റെ സിഎംപിയെയും സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഇതിനിടെ ഉയരുന്നുണ്ട്. ഇതിനൊക്കെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന മറുപടി സിപിഎമ്മിനു പറയേണ്ടിവരും. പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇത്തവണത്തെ രക്തസാക്ഷിത്വ ദിനാചരണവേളയില്‍ അതുണ്ടാകുമോ എന്നു കാതോര്‍ക്കുകയാണു കേരളം.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ പടങ്ങള്‍ വച്ചു തയാറാക്കിയ ഡിവൈഎഫ്ഐയുടെ സൈറ്റില്‍ ‘'ഈ ക്രൂരത പൊറുക്കാന്‍ ചരിത്രത്തിനാവില്ല, ഞങ്ങള്‍ക്കും'’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, പൊറുക്കുക മാത്രമല്ല, മറക്കേണ്ടിയും വന്നേക്കാമെന്നാണു പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.