ഒല്ലൂരിലെ തീര്‍ഥകേന്ദ്രത്തില്‍ വിശ്വാസിസഹസ്രങ്ങള്‍
ഒല്ലൂരിലെ തീര്‍ഥകേന്ദ്രത്തില്‍ വിശ്വാസിസഹസ്രങ്ങള്‍
Monday, November 24, 2014 12:29 AM IST
സ്വന്തം ലേഖകന്‍

ഒല്ലൂര്‍: പുണ്യജീവിതത്തിലൂടെ വിശുദ്ധിയുടെ പടവുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട എവുപ്രാസ്യമ്മയുടെ അനുഗ്രഹാശിസുകള്‍ തേടി വിശ്വാസിസഹസ്രങ്ങള്‍. പ്രാര്‍ഥനകളര്‍പ്പിച്ച് അമ്മയുടെ തിരുശേഷിപ്പിലും മഹത്വത്തിന്റെ പൊന്‍കിരീടമണിയിച്ച തിരുസ്വരൂപത്തിലും തൊട്ടുവണങ്ങി അവര്‍ വിശുദ്ധപദ പ്രഖ്യാപന മുഹൂര്‍ത്തത്തെ അവിസ്മരണീയമാക്കി.

എവുപ്രാസ്യമ്മ അരനൂറ്റാണ്ടുകാലം പ്രാര്‍ഥനകളര്‍പ്പിച്ച് ജീവിച്ച്, അന്ത്യവിശ്രമം കൊള്ളുന്ന ഒല്ലൂരിലെ തീര്‍ഥകേന്ദ്രത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളര്‍പ്പിച്ച പ്രാര്‍ഥനകള്‍ക്കു വത്തിക്കാനില്‍ നടന്ന വിശുദ്ധ പ്രഖ്യാപന തിരുക്കര്‍മങ്ങളോളം ചൈതന്യം.


റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എവുപ്രാസ്യമ്മയും ചാവറയച്ചനും അടക്കമുള്ളവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മങ്ങള്‍ തുടങ്ങുന്നതിനുമുമ്പേ എവുപ്രാസ്യമ്മയുടെ കബറിടമടങ്ങുന്ന ഒല്ലൂര്‍ സെന്റ് മേരീസ് മഠം കപ്പേളയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കു വൈദികരും കന്യാസ്ത്രീകളും അടക്കമുള്ളവര്‍ സാക്ഷ്യമേകി. രാവിലെ 11.30ന് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി നടന്നു. ഫാ. ജിയോ കടവി, മോണ്‍. ജോര്‍ജ് അക്കര, സിഎല്‍സി സംസ്ഥാന പ്രമോട്ടര്‍ ഫാ. റോയ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.