സൂരജ്: സിബിഐ അന്വഷണം വേണമെന്നു ശ്രീധരന്‍പിള്ള
സൂരജ്: സിബിഐ അന്വഷണം വേണമെന്നു ശ്രീധരന്‍പിള്ള
Sunday, November 23, 2014 12:14 AM IST
കോഴിക്കോട്: വിജിലന്‍സ് റെയ്ഡില്‍ കൊള്ളകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സിക്കു വിടണമെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. സൂരജിനെ സംരക്ഷിക്കുന്നതിലും വാഴിക്കുന്നതിലും യുഡിഎഫ് ഒന്നാം പ്രതിയും എല്‍ഡിഎഫ് രണ്ടാം പ്രതിയുമാണെന്ന് അദ്ദേഹം കോഴിക്കോട്ടു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

അഴിമതിക്കുറ്റത്തിന് സസ്പെന്‍ഷനും നടപടികളും വിജിലന്‍സ് 2008ല്‍ ശിപാര്‍ശ ചെയ്തപ്പോള്‍ അതു നിരാകരിച്ചവരാണു സിപിഎമ്മും അവരുടെ മന്ത്രിസഭയും. കളമശേരി ഭൂമി ഇടപാടുകേസില്‍ സലിംരാജിനു ഭൂമി പതിച്ചു നല്‍കിയതിലെ ഇടപെടല്‍, മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പ്രസന്നകുമാറിന്റെ ദുരൂഹമരണം എന്നിവ സിബിഐ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താതെ യുഡിഎഫ്ഭരണകൂടം അട്ടിമറിച്ചു.

കേരള സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെഎസ്ടിപി) എന്‍ജിനിയറിംഗ് യോഗ്യതയില്ലാത്ത സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായശേഷം വന്‍ തുകയ്ക്കുള്ള റോഡുകളുടെ സാങ്കേതിക അനുമതി ചീഫ് എന്‍ജിനിയര്‍ പരിശോധിച്ചു നല്‍കണമെന്ന രീതി നിര്‍ത്തലാക്കി ഈ അധികാരം പൊതുമരാമത്ത് സെക്രട്ടറിക്കു നല്‍കുകയാണുണ്ടായത്.


ബിഎസ്എന്‍എല്‍, കെഡബ്ള്യുഎ തുടങ്ങിയവയ്ക്കായി റോഡ് പൊളിക്കുന്നതു സംബന്ധിച്ച ഇടപാടുകള്‍ ചീഫ് എന്‍ജിനിയറില്‍നിന്നു മാറ്റി സൂരജിനു നല്‍കി. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിദഗ്ധ ഉദ്യോഗസ്ഥര്‍ വേണ്െടന്നുവച്ച് അധികാരം സൂരജിനു നല്‍കിയതായും ശ്രീധരന്‍പിള്ള പറഞ്ഞു. ഇത് ഏകപക്ഷീയമായി പണി ഏല്‍പ്പിച്ചു കൊടുക്കാന്‍ സൂരജിനു സഹായകരമായി.

ചുരുക്കത്തില്‍ സര്‍ക്കാരും വകുപ്പുമന്ത്രിയും ഇപ്പോഴത്തെ കൊള്ളയ്ക്ക് ഉത്തരവാദികളാണെന്നു ശ്രീധരന്‍പിള്ള ആരോപിച്ചു. പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്ത ജോലികളെക്കുറിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കണമെന്നും ജുഡീഷല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.