ബിജെപി ബന്ധം: എന്‍സിപിയില്‍ രണ്ടു ചേരി
ബിജെപി ബന്ധം: എന്‍സിപിയില്‍ രണ്ടു ചേരി
Wednesday, October 22, 2014 12:25 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയുമായി ധാരണയാകുന്നതിനു മുമ്പുതന്നെ സംസ്ഥാനത്തെ എന്‍സിപിയില്‍ ആഭ്യന്തര സംഘര്‍ഷം. ബിജെപിയെ പിന്തുണയ്ക്കുന്നതിനെ ന്യായീകരിച്ചും തള്ളിയും എന്‍സിപി നേതാക്കള്‍ പ്രസ്താവനായുദ്ധം തുടങ്ങിയതു പാര്‍ട്ടിയില്‍ രണ്ടു ചേരികള്‍ രൂപപ്പെടുന്നതിനു കാരണമായിട്ടുണ്ട്.

തോമസ് ചാണ്ടി എംഎല്‍എ ഇന്നലെയും എന്‍സിപി കേന്ദ്ര നേതൃത്വത്തെ അനുകൂലിച്ചു രംഗത്തെത്തി. എന്നാല്‍, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനോടുള്ള വിയോജിപ്പു കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. ഇതോടെ രാഷ്ട്രീയമായി തീരുമാനമെടുക്കാത്ത ഒരു വിഷയത്തിന്റെ പേരില്‍ സംസ്ഥാനത്തെ എന്‍സിപിയില്‍ സംഘര്‍ഷം മുറുകുകയാണ്.

കേന്ദ്രത്തില്‍ പൊതുവേ എന്‍സിപിയുടെ സംഘടനാശക്തി കുറഞ്ഞുവരുന്നുവെന്ന വിലയിരുത്തലിലാണു പാര്‍ട്ടി. ഈ നിലപാടു സാധൂകരിക്കുന്ന വിധത്തിലായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ പ്രകടനം. പാര്‍ട്ടിയുടെ ശക്തികേന്ദ്രമെന്നു പറയപ്പെടുന്ന മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലുമായി. കേന്ദ്രത്തില്‍ എന്‍സിപി യുപിഎയുടെ ഭാഗവും കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പവുമാണ്.

കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി രാജ്യത്തു പൊതുവേ കുറഞ്ഞുവരുന്ന സാഹചര്യം മുന്നില്‍ക്കണ്ട് എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ കളംമാറ്റി ചവിട്ടുന്നതിന്റെ സൂചനയാണു ബിജെപിയോടുള്ള അനുഭാവമെന്നാണു സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കളുടെ പക്ഷം. പാര്‍ട്ടിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കി ബിജെപിയെ പിണക്കേണ്ടതില്ലെന്ന നിലപാടിലാണു നേതാക്കള്‍. ഈ പക്ഷത്താണു തോമസ് ചാണ്ടി എംഎല്‍എയും. എന്നാല്‍, എ.കെ. ശശീന്ദ്രന്‍ എംഎല്‍എ അടക്കമുള്ള ചില നേതാക്കളാണു വിരുദ്ധചേരിയില്‍ നിലകൊള്ളുന്നത്.


പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്തായാലും അത് അംഗീകരിക്കാന്‍ സംസ്ഥാന പാര്‍ട്ടിയും ബാധ്യസ്ഥരാണെന്നു തോമസ് ചാണ്ടി ഇന്നലെ വ്യക്തമാക്കി. എ.കെ. ശശീന്ദ്രന്‍ എംഎല്‍എ ആയത് എന്‍സിപിയുടെ അക്കൌണ്ടിലാണ്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം ശശീന്ദ്രനു നല്‍കിക്കഴിഞ്ഞു. എന്നാല്‍, ചാണ്ടിക്കു മറുപടി നല്‍കാന്‍ ശശീന്ദ്രനോ മറ്റു നേതാക്കളോ തയാറായിട്ടില്ല.

ബിജെപിയുമായി ചേര്‍ന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെയും ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ അഭിപ്രായമൊന്നും പറയേണ്ടതില്ലെന്ന തീരുമാനത്തിലാണു സിപിഎം നേതാക്കള്‍. ശശീന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമായതിനാല്‍ തന്നെ തത്കാലം എന്‍സിപിയുടെ ആഭ്യന്തര പ്രശ്നത്തില്‍ ഇടപെട്ടു കാര്യങ്ങള്‍ വഷളാക്കേണ്ടതില്ലെന്ന നിലപാടാണു നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ, ശശീന്ദ്രനെയും ഒപ്പമുള്ളവരെയും സ്വന്തം പാര്‍ട്ടികളിലേക്ക് എല്‍ഡിഎഫിലെ ചില ഘടകകക്ഷി നേതാക്കള്‍ ക്ഷണിച്ചതായും കേള്‍ക്കുന്നു. ജനതാദളും ആര്‍എസ്പിയും മുന്നണി വിട്ടതിനു പിന്നാലെ എന്‍സിപിയില്‍ ഉണ്ടായിട്ടുള്ള ചേരിതിരിവ് എല്‍ഡിഎഫിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുമോ എന്ന ആശങ്കയും മുന്നണി നേതാക്കള്‍ക്കുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.