അബ്ദുള്‍കരീം വധക്കേസ്: കണ്െടടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കരീമിന്റേതല്ലെന്നു ഡിഎന്‍എ ഫലം
അബ്ദുള്‍കരീം വധക്കേസ്: കണ്െടടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കരീമിന്റേതല്ലെന്നു ഡിഎന്‍എ ഫലം
Tuesday, October 21, 2014 12:26 AM IST
കോഴിക്കോട്: പിതാവിനെ മക്കള്‍ കൊലപ്പെടുത്തി കനാലില്‍ തള്ളിയെന്ന കേസ് വഴിത്തിരിവിലേക്ക്. ക്രൈംബ്രാഞ്ച് സംഘം മൈസൂറിലെ കനാലില്‍നിന്നു കണ്െടടുത്തതു കുവൈറ്റില്‍ വ്യാപാരിയായിരുന്ന താമരശേരി കോരങ്ങാട്ട് എരഞ്ഞോണ വീട്ടില്‍ അബ്ദുല്‍ കരീ(48)മിന്റെ മൃതദേഹ അവശിഷ്ടങ്ങളല്ലെന്നു ഡിഎന്‍എ പരിശോധനാഫലം. അതേസമയം, തിരുവനന്തപുരം ഡിഎന്‍എ ഫോറന്‍സിക് ലാബിലെ പരിശോധന ഫലത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തു ക്രൈംബ്രാഞ്ച് ഹൈദരാബാദിലുള്ള സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയെ (സിഎഫ്എസ്എല്‍) ആശ്രയിക്കാന്‍ ഒരുങ്ങുകയാണ്.

മക്കളായ മിഥിലാജും(24) ഫിര്‍ദൌസും(22) ചേര്‍ന്ന് 2013 സെപ്റ്റംബര്‍ 28നു വീട്ടില്‍ വച്ചു ക്ളോറോഫോം മണപ്പിച്ചു ബോധംകെടുത്തിയ ശേഷം അബ്ദുള്‍ കരീമിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മൃതദേഹം മസനപുരയിലെ ഒരു കനാലില്‍ തള്ളിയെന്നു പ്രതികള്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണസംഘം തലയില്ലാത്ത അസ്ഥിപഞ്ജരം കണ്െടടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്.

കരീമിനെ കാണാതായെന്ന പരാതിയില്‍ 2013 ഒക്ടോബര്‍ രണ്ടിനാണു താമരശേരി പോലീസ് കേസെടുത്തത്. എട്ടു മാസത്തിനു ശേഷമാണു മൃതദേഹം കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയിലെ നഞ്ചന്‍ഗോഡ്നിന്ന് 67 കിലോമീറ്റര്‍ മാറി കബനി കനാലില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്െടടുത്തത്.

പിതാവ് ശ്രീലങ്കന്‍ യുവതിയെ വിവാഹം കഴിച്ചതും സ്വത്ത് തങ്ങള്‍ക്കു ലഭിക്കാതെ പോകുമെന്നും കണ്ടാണു കൊലപ്പെടുത്തിയതെന്നു മിഥിലാജും ഫിര്‍ദൌസും മൊഴി നല്കിയിരുന്നു. ഇവര്‍ക്കു പുറമേ ബന്ധുവായ കൊടുവള്ളി കരീറ്റിപ്പറമ്പ് കാട്ടുപുറായില്‍ മുഹമ്മദ് ഫാഇസിനെയും(30) കരീമിന്റെ ഭാര്യ മൈമുനയെയും അന്വേഷണസംഘം അറസ്റ് ചെയ്തു.


എന്നാല്‍, ഡിഎന്‍എ പരിശോധനാ ഫലം കേസ് സങ്കീര്‍ണമാക്കിയിരിക്കുകയാണ്. കൊലപ്പെടുത്തിയ ശേഷം സഹായികള്‍ക്കു കൈമാറിയ മൃതദേഹം അവര്‍ എവിടെയെങ്കിലും സംസ്കരിച്ചതാണോ അല്ലെങ്കില്‍ മക്കള്‍തന്നെ എവിടെയെങ്കിലും സംസ്കരിച്ചോ തുടങ്ങിയ സംശയങ്ങളാണ് ഉയരുന്നത്. മക്കള്‍ പോലീസിനെ നേരത്തേ നിരവധി തവണ കബളിപ്പിച്ചിരുന്നു. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍നിന്നുളള പരിശോധനയ്ക്കു ശേഷമാവും മൃതദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുക. ഇതും നെഗറ്റീവാണെങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്െടടുക്കാന്‍ വീണ്ടും അന്വേഷണം നടത്തേണ്ടിവരും.

ഡിഎന്‍എ പരിശോധന ഏതു ഫോറന്‍സിക് ലാബിലും ഒരേ രീതിയില്‍, ഒരേ രാസവസ്തുക്കളും ഉപകരണങ്ങളും ഉപയോഗിച്ചാണു നടത്തുന്നതെന്നു ഫോറന്‍സിക് വിഭാഗം വിദഗ്ധര്‍ പറയുന്നു. തിരുവനന്തപുരത്തെ ലബോറട്ടറിയില്‍ നിരവധി ഡിഎന്‍എ പരിശോധനകള്‍ നടത്തുന്നുണ്ട്. ആ ഫലങ്ങളെല്ലാം കൃത്യതയാര്‍ന്നതും വ്യക്തവുമാണ്. ഇതേ പരിശോധനാ രീതി തന്നെയാണ് അബ്ദുള്‍ കരീം വധത്തിലും ചെയ്തതെന്നും സംസ്ഥാന ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെ വിദഗ്ധര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.