വ്യാജ യുഐഡി: സാമ്പത്തികനഷ്ടം അധ്യാപകരില്‍നിന്ന് ഈടാക്കും
Wednesday, October 1, 2014 12:45 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കട്ടച്ചല്‍ക്കുഴി ശ്രീനാരായണ യുപി സ്കൂളില്‍ വ്യാജ യുഐഡി രേഖ ഉണ്ടാക്കി വിദ്യാര്‍ഥികളുടെ കണക്ക് പെരുപ്പിച്ചു കാട്ടിയ സംഭവത്തില്‍ സര്‍ക്കാരിനുണ്ടായ സാമ്പത്തികനഷ്ടം സ്കൂളിലെ അധ്യാപകരില്‍ നിന്ന് ഈടാക്കും.

ഇതുസംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് വിദ്യാഭ്യാസ വകുപ്പില്‍ നിന്നു വര്‍ഷങ്ങളായി കൈപ്പറ്റിയ വിവിധ ഗ്രാന്റുകള്‍, സൌജന്യ പാഠപുസ്തകം, സൌജന്യ യൂണിഫോം എന്നിവയുടെ ബാധ്യത അതാത് വര്‍ഷം ക്ളാസ് ചാര്‍ജ് വഹിച്ചിരുന്ന അധ്യാപകര്‍ വഹിക്കണം.

കുട്ടികളുടെ എണ്ണം വ്യാജമായി കാണിച്ച് പരമാവധി ഏഴ് അധ്യാപകര്‍ വേണ്ട സ്ഥാനത്ത് 25 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനു കൂട്ടുനിന്നതിനും അധിക തസ്തികകളില്‍ വര്‍ഷങ്ങളായി ശമ്പളം വാങ്ങി വിതരണം ചെയ്ത അധിക തുക കണ്െടത്തി അതു ഹെഡ്മാസ്ററുടെ ബാധ്യതയായി നിര്‍ണയിച്ചു നല്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ഈ അധ്യയന വര്‍ഷാരംഭത്തില്‍ സ്കൂളില്‍ നിന്ന് ഏഴാം ക്ളാസ് പാസായതോ അല്ലാതെയോ പഠനം നിര്‍ത്തലാക്കിയോ സ്കൂള്‍ വിട്ടുപോയ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ഈ കുട്ടികള്‍ ആറ്, അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന് എന്നീ ക്ളാസുകളില്‍ പഠിച്ചതിന്റെ യഥാര്‍ഥ രേഖകള്‍ ശേഖരിക്കാന്‍ നിര്‍ദേശമുണ്ട്. ഈ രേഖയുടെ അടിസ്ഥാനത്തില്‍ അധികമായി ഓരോ വര്‍ഷവും ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി കൈപ്പറ്റിയ സാധനങ്ങളുടെ മൂല്യം കണക്കാക്കി അതാത് ക്ളാസ് ചാര്‍ജ് വഹിച്ചിരുന്ന അധ്യാപകന്റെ ബാധ്യതയില്‍ ഉള്‍പ്പെടുത്തും. ഇതേ രീതിയില്‍ പാഠപുസ്തകം, സൌജന്യ യൂണിഫോം, എന്നിവയ്ക്കായും വാങ്ങിയെടുത്ത പണം കണക്കാക്കും.


കുട്ടികളുടെ യഥാര്‍ഥ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടേണ്ട ഏഴു അധ്യാപകര്‍ക്കു പകരം കുട്ടികളുടെ വ്യാജ എണ്ണം കാണിച്ച് നിയമിച്ച 25 അധ്യാപകര്‍ക്ക് നല്കിയ ശമ്പളം പ്രഥമാധ്യാപികയുടെ ബാധ്യതയായി കണക്കാക്കും.

ഓരോ അധ്യാപകനും പ്രഥമാധ്യാപികയ്ക്കും കൃത്യമായ വിഷയപരാമര്‍ശം നടത്തി ചാര്‍ജ് മെമ്മോ നല്കണമെന്നും ഡിപിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.

അധിക തസ്തികകളിലുള്ള അധ്യാപകര്‍ക്കു നല്കിയ ശമ്പളത്തിലൂടെ മാത്രം കോടികളുടെ സാമ്പത്തിക നഷ്ടമാണ് സര്‍ക്കാരിനു വരുത്തിയിട്ടുള്ളതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.