കെഎസ്എസ്എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മുഖ്യമന്ത്രി
കെഎസ്എസ്എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മുഖ്യമന്ത്രി
Monday, September 22, 2014 12:19 AM IST
കോട്ടയം: കെഎസ്എസ്എസ് പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്നതും മാതൃകാപരവും സമൂഹത്തിനു പ്രചോദനം നല്‍കുന്നവയുമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെഎസ്എസ്എസിന്റെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയിലും സ്വയംതൊഴില്‍ സംരംഭകമേഖലകളിലും കെഎസ്എസ്എസ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യപ്രതിബദ്ധത സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ കെഎസ്എസ്എസ് പ്രവര്‍ത്തനങ്ങള്‍ വഴിതെളിച്ചുവെന്നും പുതുതലമുറയ്ക്കു സാമൂഹ്യബോധം പകര്‍ന്നുനല്‍കാന്‍ സമൂഹം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അധ്യക്ഷപ്രസംഗത്തില്‍ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. സുവര്‍ണ ജൂബിലി ആംബുലന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ധനമന്ത്രി കെ.എം. മാണി നിര്‍വഹിച്ചു.

സുവര്‍ണ ജൂബിലി കര്‍മപദ്ധതി ഡോക്കുമെന്ററി പ്രകാശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍, എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം എംപി, കെ. സുരേഷ് കുറുപ്പ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, തോമസ് ചാഴികാടന്‍, എംജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, കെഎസ്എസ്എസ് പ്രസിഡന്റ് മോണ്‍. മാത്യു ഇളപ്പാനിക്കല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു സിനിമ നിര്‍മാതാവ് ലിസ്റിന്‍ സ്റീഫനെ ആദരിച്ചു. തുടര്‍ന്നു വണ്‍മാന്‍ ഷോയും നടത്തി. രണ്ടായിരത്തി അഞ്ഞൂറോളം സ്വാശ്രയസംഘ പ്രതിനിധികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.


നിര്‍ധന രോഗികള്‍ക്കു ചികിത്സാ സഹായം ലഭ്യമാക്കാനായി പങ്കാളിത്താധിഷ്ഠിത സ്വഭാവത്തോടെ വിഭാവന ചെയ്ത ചൈതന്യ ജീവകാരുണ്യനിധി ചികിത്സ സഹായപദ്ധതി, സ്വാശ്രയസംഘങ്ങളുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സ്വാശ്രയസംഘ കലാകായിക മേള, അടിസ്ഥാന സൌകര്യ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക കൂട്ടായ്മകളും വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങളും തുടങ്ങി നിരവധിയായ സുവര്‍ണ ജൂബിലി കര്‍മപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയാണു കെഎസ്എസ്എസ് സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ സമാപിക്കുന്നത്.

ആറു ദിവസം നീണ്ടുനിന്ന സുവര്‍ണജൂബിലി സമാപനാഘോഷങ്ങളോടനുബന്ധിച്ചു മെഗാ കര്‍ഷക ദമ്പതി സംഗമം, വയോജ് 2014 - അനുഭവക്കൂട്ടായ്മ, സ്വാശ്രയ വരുമാന സംരംഭകരുടെ സംഗമം, സ്വാശ്രയനേതൃസംഗമം, കെഎസ്എസ്എസ് -ചൈതന്യ കുടുംബസംഗമം എന്നിവയും നടത്തി.

1964 സെപ്റ്റംബര്‍ 14നു പ്രവര്‍ത്തനം ആരംഭിച്ച സ്വാശ്രയസംഘങ്ങളിലൂടെ സമൂഹത്തില്‍ നിശബ്ദ വിപ്ളവം സൃഷ്ടിച്ചുകൊണ്ടാണു സുവര്‍ണ ജൂബിലി നിറവില്‍ എത്തി നില്‍കുന്നത്.

കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ അഞ്ചു ജില്ലകളിലായി കര്‍ഷകര്‍, വനിതകള്‍, ശാരീരിക മാനസിക ന്യൂനതകള്‍ അനുഭവിക്കുന്നവര്‍, കുട്ടികള്‍, വയോജനങ്ങള്‍, വിധവകളും കുടുംബഭാരം പേറുന്നവരുമായ വീട്ടമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അമ്പത്തിഅയ്യായിരത്തില്‍പ്പരം കുടുംബങ്ങള്‍ സൊസൈറ്റിയുടെ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.