കാട്ടുപന്നി ആക്രമിച്ച യുവാവ് കിണറ്റില്‍ വീണു, അവിടെയും പന്നി
കാട്ടുപന്നി ആക്രമിച്ച യുവാവ്  കിണറ്റില്‍ വീണു, അവിടെയും പന്നി
Wednesday, September 17, 2014 12:20 AM IST
ഭീമനടി(കാസര്‍ഗോഡ്): കാട്ടുപന്നിയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടോടിയ യുവാവ് കിണറ്റില്‍ വീണു. ഒപ്പം വീണ പന്നിയുടെ ആക്രമണത്തില്‍ യുവാവിനു ഗുരുതരമായി പരിക്കേറ്റു. വെസ്റ് എളേരി കണ്ണംകുന്നിലെ പുതിയവീട്ടില്‍ രഞ്ജിത്(24)നാണു പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടോടെ വീടിനടുത്ത പറമ്പിലായിരുന്നു സംഭവം.

പുല്ലരിയാന്‍ പോയ മാതാപിതാക്കളുടെ അടുത്തേക്കു വീട്ടില്‍നിന്നു തിരിച്ച രഞ്ജിത്തിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇരുകൈക്കും കാലിനും പന്നിയുടെ കുത്തേറ്റ രഞ്ജിത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുപ്പതടി താഴ്ചയുള്ള പറമ്പിലെ പൊട്ടക്കിണറ്റില്‍ വീഴുകയും ചെയ്തു. പിന്നാലെ പന്നിയും കിണറ്റില്‍ വീണു. കിണറ്റില്‍വച്ചും രഞ്ജിത്തിനെ പന്നി ആക്രമിച്ചു. വിവരമറിഞ്ഞു നാട്ടുകാരെത്തി കയറിട്ടു രഞ്ജിത്തിനെ കരയ്ക്കു കയറ്റുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കിണറ്റില്‍ കുടുങ്ങിയ പന്നിയെ പുറത്തെത്തിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശ്രമം നടന്നുവരികയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.