മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കുമെന്ന വാദം തെറ്റ്: സുധീരന്‍
മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കുമെന്ന വാദം തെറ്റ്: സുധീരന്‍
Tuesday, September 16, 2014 12:15 AM IST
തിരുവനന്തപുരം: മദ്യനിരോധനം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ ബാധിക്കുമെന്ന വാദം തെറ്റാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. വിദേശികള്‍ കേരളത്തിലേക്കു വരുന്നതു മദ്യം കഴിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യകാരനും മുന്‍ പിആര്‍ഡി ഡയറക്ടറുമായിരുന്ന തോട്ടം രാജശേരന്റെ 84-ാം ജന്മദിനാഘോഷ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദേശസഞ്ചാരികള്‍ വരുന്നതു മദ്യത്തിന്റെ നാട്ടില്‍ നിന്നാണ്. അവര്‍ മദ്യം കാണാത്തവരല്ല. അവര്‍ ഇവിടെ വരുന്നതു മദ്യപിക്കാനാണെന്നാണു വ്യാപകമായ പ്രചാരണം നടത്തുന്നത്. അവര്‍ക്കു മദ്യം നല്‍കിയില്ലെങ്കില്‍ ടൂറിസം മേഖല അപ്പാടെ അസ്തമിക്കും എന്നും പ്രചാരണമുണ്ട്. എങ്ങനെയാണ് അതിനോടു യോജിക്കാനാവുക. താന്‍ അതിനോടു യോജിക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

അതുപോലെ, ശ്രീനാരായണഗുരു ഉയര്‍ത്തിപ്പിടിച്ച ധര്‍മം നടപ്പാക്കാനും ആ സന്ദേശം പ്രചരിപ്പിക്കാനും കടമപ്പെട്ടവര്‍തന്നെ സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു. അവര്‍ ഗുരുസന്ദേശത്തോടു നീതി പുലര്‍ത്തുന്നില്ല. മദ്യനിരോധനവുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും അംഗീകാരം ലഭിക്കുന്നെങ്കില്‍ അതു കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള നേതാവിന്റെ സഹകരണവും നേതൃത്വവും മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പൂര്‍ണമായ പങ്കാളിത്തവും ഇതിനുണ്ട്. വ്യക്തി എന്ന നിലയില്‍ ഒറ്റയ്ക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇതൊക്കെ. ആ പ്രവര്‍ത്തനം അതിന്റേതായ വഴിയില്‍ മുന്നാട്ടുപോവുകതന്നെ ചെയ്യും. അവിടെയാണു വിജയം നിലനില്‍ക്കുന്നതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.


നാടിന്റെ നന്മകള്‍ മുന്‍നിര്‍ത്തി സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ വളരെ വ്യത്യസ്തമായി അതിന്റെ ദോഷങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണതയാണ്. ഏതു നല്ല തീരുമാനം വന്നാലും ആ തീരുമാനത്തിന്റെ ഫലമായി ദോഷമുണ്ടാകുമെന്നു പ്രചരിപ്പിക്കുന്ന ചില സ്ഥാപിതതാത്പര്യക്കാരുടെ ഒരുനിര ഉണ്ടാകാറുണ്ട്. അതിന്റെ ഗുണഫലങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനു പകരം അത് എന്തെക്കെയോ പ്രശ്നങ്ങളിലേക്കു നാടിനെ കൊണ്ടുപോകുന്നുവെന്ന തെറ്റായ നിലയിലേക്കു കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. മാധ്യമങ്ങളും ഇപ്പോള്‍ അത്തരം പ്രചാരവേലകളില്‍ അറിഞ്ഞോ അറിയാതെയോ പെട്ടുപോയിരിക്കുകയാണ്. യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. എന്തൊക്കെ സംഭവിച്ചാലും മദ്യനയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും സുധീരന്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.