ബസ് സമരം: വേതനം നിഷേധിക്കാന്‍ അനുവദിക്കില്ല: ഷിബു ബേബിജോണ്‍
തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന സമരത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്കു വേതനം നിഷേധിക്കാന്‍ ഒരു സ്വകാര്യബസ് മാനേജ്മെന്റിനേയും അനുവദിക്കില്ലെന്നു തൊഴില്‍-പുനരധിവാസ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.

ഏതെങ്കിലും സ്വകാര്യബസ് മാനേജ്മെന്റ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.


സ്വകാര്യബസ് പണിമുടക്ക് കാരണം ഉണ്ടാകുന്ന തൊഴില്‍ദിനങ്ങളുടെ നഷ്ടത്തിന്റെ പേരില്‍ തൊഴിലാളികളുടെ വേതനം തടഞ്ഞുവയ്ക്കാനോ കുറയ്ക്കാനോ പാടില്ല. അതുണ്ടായാല്‍ 1936-ലെ പേമെന്റ് ഓഫ് വേജസ് ആക്ട് പ്രകാരവും 1971-ലെ കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെയര്‍വേജസ് ആക്ട് പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.